
മുംബൈ: റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ അസംസ്‌കൃത എണ്ണ ഇറക്കുമതി ഒക്ടോബറില്‍ നേരിയ വര്‍ദ്ധന രേഖപ്പെടുത്തി. കെപ്ലര്‍, ഓയില്‍എക്‌സ് എന്നിവയില്‍ നിന്നുള്ള ഡാറ്റ പ്രകാരം കഴിഞ്ഞമാസത്തില്‍ രാജ്യം പ്രതിദിനം 1.48 ദശലക്ഷം റഷ്യന്‍ എണ്ണയാണ് വാങ്ങിയത്. സെപ്തംബറിലിത് 1.44 ദശലക്ഷം ബാരലായിരുന്നു.
അതേസമയം നവംബറോടുകൂടി റഷ്യന്‍ എണ്ണയുടെ ഇറക്കുമതിയില്‍ ഗണ്യമായ കുറവ് പ്രതീക്ഷിക്കപ്പെടുന്നു. റോസ്‌നെഫ്റ്റ്, ലുക്കോയില്‍ എന്നീ റഷ്യന്‍ കമ്പനികള്‍ യുഎസ് ഉപരോധത്തിന് വിധേയമായതോടെയാണ് ഇത്. ഇന്ത്യന്‍ റിഫൈനര്‍മാര്‍ പുതിയ ഓര്‍ഡറുകള്‍ ഇതിനോടകം നിര്‍ത്തിയിട്ടുണ്ട്.
പഴയ ഓര്‍ഡര്‍ പ്രകാരമുള്ള ഇറക്കുമതി നവംബര്‍ 21 വരെ തുടരുമെന്നും പിന്നീട് ഇടിയുമെന്നും ഇത് സംബന്ധിച്ച് കെപ്ലര്‍ അനലിസ്റ്റ് സുമിത് റിതോലിയ പറഞ്ഞു. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, മാംഗളൂര്‍ റിഫൈനറീസ്, എച്ച്പിസിഎല്‍, മിത്തല്‍ എനര്‍ജി എന്നിവ ഇതിനോടകം റഷ്യയില്‍ നിന്നുള്ള എണ്ണ വാങ്ങല്‍ നിര്‍ത്തി.






