
ന്യൂഡല്‍ഹി: ഇന്ത്യന്‍ സേവന മേഖല തുടര്‍ച്ചയായ 17ാം മാസത്തിലും വികസിച്ചു. മാത്രമല്ല, ആറ്മാസത്തെ ഉയര്‍ച്ച രേഖപ്പെടുത്താനുമായി. എസ്ആന്റ്പി ഗ്ലോബല്‍ ഇന്ത്യ സര്‍വീസസ് പര്‍ച്ചേസിംഗ് മാനേജേഴ്‌സ് ഇന്‍ഡക്‌സ് (പിഎംഐ) പ്രകാരമുള്ള സേവനവളര്‍ച്ച ഡിസംബറില്‍ 58.5 ആയി ഉയരുകയായിരുന്നു.
നവംബറിലിത് 56.4 ആയിരുന്നു. പിഎംഐ, സെപ്തംബറില്‍ ആറ് മാസത്തെ താഴ്ന്ന നിരക്കായ 54.3 രേഖപ്പെടുത്തിയിരുന്നു. ഉയര്‍ന്ന ഡിമാന്റ്,വില്‍പന എന്നിവയും മികച്ച മാര്‍ക്കറ്റിംഗുമാണ് സേവനങ്ങള്‍ ഉയര്‍ത്തിയതെന്ന് എസ്ആന്റ് പി നിരീക്ഷിക്കുന്നു.
സ്വകാര്യ സര്‍വേ പ്രകാരം, കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടു. കൂടാതെ ബിസിനസ്സ് പ്രവര്‍ത്തനത്തനങ്ങള്‍ ശക്തമായി തുടരുന്നു. സ്വകാര്യമേഖല ഉത്പാദനം 11 വര്‍ഷത്തെ ഉയരത്തിലെത്തി.
ഉത്പാദനത്തോടൊപ്പം സേവനമേഖല മികച്ച പ്രകടനം നടത്തിയതാണ് സ്വകാര്യമേഖല ഉത്പാദനം വര്‍ദ്ധിപ്പിച്ചത്. സംയോജിത സൂചിക ഡിസംബറില്‍ 59.4 ആയി ഉയര്‍ന്നിട്ടുണ്ട്. 2012 ജനുവരിയ്ക്ക് ശേഷമുള്ള മികച്ച പ്രകടനം.
നവംബറിലെ സംയോജിത സൂചിക റീഡിംഗ് 56.7 ആയിരുന്നു. പ്രവര്‍ത്തനവും ഉപഭോഗവും വര്‍ദ്ധിച്ചതോടെ ശേഷി സമ്മര്‍ദ്ദത്തിലാണ്. അതേസമയം ബാക്ക് ലോഗുകള്‍ കുറഞ്ഞു.
ബിസിനസിലെ വര്‍ദ്ധനവ് തൊഴിലവസരങ്ങള്‍ കൂട്ടി. ഭാവി ഡിമാന്റ് സുനിശ്ചിതമായതോടെ മൂന്നുമാസമായി മികച്ച ആത്മവിശ്വാസത്തിലാണ് മേഖല. ദീര്‍ഘകാല ശരാശരിയ്ക്ക് മുകളിലാണ് പോസിറ്റീവ് കാഴ്ചപ്പാട്.
അതേസമയം മത്സരവും പണപ്പെരുപ്പവും വെല്ലുവിളി സൃഷ്ടിക്കുന്നു. നവംബറിനെ അപേക്ഷിച്ച് കുറവാണെങ്കിലും പണപ്പെരുപ്പം ചെലവുകള്‍ കൂട്ടിയെന്ന് എസ്ആന്റ്പി ഗ്ലോബല്‍ മാര്‍ക്കറ്റ് ഇന്റലിജന്‍സ്, എക്കണോമിക്‌സ് അസോസിയേറ്റ് ഡയറക്ടര്‍ പോളിയാന ഡിലിമ പറഞ്ഞു. ബാധ്യത ഉപഭോക്താക്കളിലേയ്ക്ക് കൈമാറാന്‍ കമ്പനികള്‍ നിര്‍ബന്ധിതരായിട്ടുണ്ട്.
ഊര്‍ജം, ഭക്ഷണം, ഗതാഗതം, വേതനം എന്നിവയ്ക്കായുള്ള ചെലവാണ് വര്‍ദ്ധിച്ചത്.ആരോഗ്യകരമായ സമ്പദ് വ്യവസ്ഥയെ കുറിക്കുന്ന ഏറ്റവും വിശ്വസനീയമായ സൂചികയായാണ് പിഎംഐയെ കരുതിപ്പോരുന്നത്. 400 ഓളം ഉത്പാദക പര്‍ച്ചേസിംഗ് മാനേജര്‍മാരില്‍ നിന്നും ലഭ്യമായ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എസ് ആന്റ് പി ഗ്ലോബലാണ് പിഎംഐ തയ്യാറാക്കുന്നത്.
പിഎംഐ 50 ന് മുകളിലാണെങ്കില്‍ അത് വികസനത്തേയും 50 താഴെയാണെങ്കില്‍ ചുരുങ്ങലിനേയും കുറിക്കുന്നു.