ഇന്ത്യയിലെ ഏറ്റവും വലിയ ആഡംബര മാളായ ജിയോ വേൾഡ് പ്ലാസ ഇന്ന് ഉദ്ഘാടനം ചെയ്യും. മുകേഷ് അംബാനിയുടെ സ്വപ്ന പദ്ധതിക്ക് മറ്റന്നാൾ തിരിതെളിയുകയാണ്. മുംബൈയിലെ ബാന്ദ്ര കുർള കോംപ്ലക്സിലാണ് ഇന്ത്യയിലെ ഏറ്റവും വലുതും ചെലവേറിയതുമായ ആഡംബര മാൾ സ്ഥിതി ചെയ്യുന്നത്.
കാർട്ടിയർ, ബൾഗാരി, ഡിയോർ, ഗുച്ചി, ഐഡബ്ല്യുസി ഷാഫ്‌ഹൗസൻ എന്നിവയുൾപ്പെടെ നിരവധി ജനപ്രിയ ബ്രാൻഡുകളുടെ ഷോറൂമുകൾ ഉണ്ടായിരിക്കും എന്നാണ് റിപ്പോർട്ട്. നൂറുകണക്കിന് അന്താരാഷ്ട്ര ആഡംബര സ്റ്റോറുകൾ ആയിരിക്കും ഇവിടെ ഉണ്ടാകുക. 5 ബില്യൺ ഡോളറിന്റെ റീട്ടെയിൽ വ്യവസായമാണ് മുകേഷ് അംബാനി ലക്ഷ്യംവെക്കുന്നത്.
ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ധനികനായ ബെർണാഡ് അർനോൾട്ടിന്റെ ഉടമസ്ഥതയിലുള്ള ലൂയിസ് വിറ്റൺ, മുകേഷ് അംബാനിയുടെ മെഗാ മാളിൽ സ്റ്റോർ ആരംഭിക്കും. 40 ലക്ഷം രൂപയാണ് വാടക എന്നാണ് റിപ്പോർട്ട്.
ഇന്ത്യയിലെ ഏറ്റവും വലിയ എൽവിഎംഎച്ച് സ്റ്റോർ ആയിരിക്കും ഇത്. കൂടാതെ, ആഡംബര ബ്രാൻഡായ ഡിയോറും ജിയോ വേൾഡ് പ്ലാസയിൽ ഒരു സ്റ്റോർ വാടകയ്‌ക്കെടുത്തിട്ടുണ്ട്. 21 ലക്ഷം രൂപയാണ് ഡിയോർ വാടകയായി നൽകേണ്ടത്.
ഒരു ഡസനിലധികം ആഡംബര വിദേശ ബ്രാൻഡുകൾ ഇന്ത്യൻ വിപണിയിൽ പ്രവേശിക്കുമെന്നാണ് പ്രതീക്ഷ. ഇവയിൽ ഭൂരിഭാഗവും മുകേഷ് അംബാനിയുടെ മകൾ ഇഷ അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് റീട്ടെയിലിന്റെ പങ്കാളികളാണ്.
ജിയോ വേൾഡ് പ്ലാസയിലൂടെ റീടൈൽ മേഖലയിൽ കുതിച്ചുചാട്ടം നടത്താനാണ് റിലയൻസ് ലക്ഷ്യമിടുന്നത്.