ഇലക്ടറൽ ബോണ്ട് റദ്ദാക്കിയിട്ടും ബിജെപിയിലേക്ക് പണമൊഴുകുന്നുഇന്ത്യ ഉടന്‍ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് സിന്ധ്യടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ; ഡിസംബർ 26 മുതൽ പുതിയ നിരക്ക്വെള്ളിയ്‌ക്ക്‌ എക്കാലത്തെയും ഉയര്‍ന്ന വിലസ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു

പതിനാറാം ധനകാര്യ കമ്മീഷന്‍ നവംബറില്‍

ന്യൂഡൽഹി: നവംബറില്‍ പതിനാറാം ധനകാര്യ കമ്മീഷന്‍ രൂപീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. അഞ്ച് വര്‍ഷത്തേക്ക് കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള വരുമാനം പങ്കിടുന്നതിനുള്ള ഫോര്‍മുല ശുപാര്‍ശ ചെയ്യുന്നതിനായുള്ള സംവിധാനമാണിത്.

നിരവധി സംസ്ഥാനങ്ങള്‍ സാമ്പത്തിക സമ്മര്‍ദ്ദം നേരിടുകയും രാജ്യത്തുടനീളം പ്രഖ്യാപിച്ച സൗജന്യങ്ങളുടെ കുത്തൊഴുക്കിന്റെ ആഘാതത്തില്‍ കേന്ദ്രം ആശങ്കപ്പെടുകയും ചെയ്യുന്ന സമയത്താണ് ടേംസ് ഓഫ് റഫറന്‍സ് ചര്‍ച്ച ചെയ്യുന്നത്.

15-ാം ധനകാര്യ കമ്മിഷന്റെ ശുപാർശകൾക്ക് 2025 -26 വരെ സാധുതയുള്ളതാണെങ്കിലും, അടുത്ത കമ്മീഷന് പ്രശ്നങ്ങള്‍ പഠിക്കാനും അതിന്റെ ശുപാർശകൾ സമര്‍പ്പിക്കാനും മതിയായ സമയം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ വേണ്ടിയാണു കേന്ദ്രം പുതിയ കമ്മീഷനെകുറിച്ച് ആലോചിക്കുന്നത്.

കഴിഞ്ഞ കമ്മീഷന്റെ പ്രവർത്തനം പകര്‍ച്ചവ്യാധി മൂലം തടസ്സപ്പെട്ടിരുന്നു. അതിനാൽ 2020-21, 2022-26 എന്നിങ്ങനെ രണ്ടു ഘട്ടങ്ങൾക്കു കമ്മീഷനു അതിന്റെ ശുപാർശ സമർപ്പിക്കേണ്ടി വന്നു. കൂടാതെ ജമ്മു- കാശ്മീർ വിഭജനം കമ്മീഷന്റെ പ്രവർത്തനം കൂടുതൽ സങ്കീർണമാക്കി.

ഏതൊരു ധനകാര്യ കമ്മീഷനെ സംബന്ധിച്ചും, കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള വിഭവങ്ങള്‍ പങ്കിടുന്നതാണ് അജണ്ടയിലെ പ്രധാന ഇനം. അത് നിലവില്‍ വിഭജിക്കാവുന്ന പൂളിന്റെ 41.5 ശതമാനം ആയി നിശ്ചയിച്ചിരിക്കുന്നു.

കമ്മിഷന്റെ നിര്‍ദ്ദേശങ്ങള്‍ പരിഗണിക്കാനും, നിർദേശം കിട്ടിയതിനു ശേഷമുള്ള ആദ്യ കേന്ദ്രബജറ്റിനൊപ്പം ശുപാർശകളോടുള്ള സർക്കാറിന്റെ നിലപാട് അറിയിക്കാനും നടപടി സ്വീകരിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും സര്‍ക്കാര്‍ ബാധ്യസ്ഥരാണ്.

സംസ്ഥാനങ്ങള്‍ – പ്രത്യേകിച്ച് പ്രതിപക്ഷം ഭരിക്കുന്നവ – ഫണ്ട് ദൗര്‍ലഭ്യത്തെക്കുറിച്ച് പരാതിപ്പെടുന്നു. വാസ്തവത്തില്‍, നയരൂപീകരണ സമിതികൾക്ക് മുമ്പിലുള്ള പ്രധാന വെല്ലുവിളി സംസ്ഥാനങ്ങള്‍ പ്രഖ്യാപിക്കുന്ന സൗജന്യങ്ങളാണ്.

ഈ വിഷയത്തില്‍ കേന്ദ്രം ഇതിനകം തന്നെ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. പല സംസ്ഥാനങ്ങളിലും തിരികെ കൊണ്ടുവരാന്‍ ശ്രമിക്കുന്ന പഴയ പെന്‍ഷന്‍ പദ്ധതിയാണ് വലിയ പ്രശ്‌നം.

കോവിഡ് കാല കടമെടുക്കല്‍ വര്‍ധിച്ചതോടെ 15-ാം ധനകാര്യ കമ്മീഷന്‍ നിര്‍ദ്ദേശിച്ച പരിധി പല സംസ്ഥാനങ്ങളിലും നടപ്പാക്കിയിട്ടില്ല.

സംസ്ഥാനങ്ങളെ സംബന്ധിച്ചിടത്തോളം, ജിഎസ്ടി നടപ്പാക്കിയതിന് ശേഷമുള്ള ഒരു പ്രധാന പ്രശ്‌നം അവരുടെ വരുമാന നഷ്ടമാണ് എന്നുപറയുന്നു.

X
Top