
മുംബൈ: ഇന്ത്യയിലെ ഗോള്‍ഡ് ഇടിഎഫിലേയ്ക്ക് എത്തിയ നിക്ഷേപം ഓഗസ്റ്റില്‍ 233 മില്യണ്‍ ഡോളറായി ഉയര്‍ന്നു. ജൂലൈയിലെ 139 മില്യണ്‍ ഡോളറിനെ അപേക്ഷിച്ച് 67 ശതമാനം വര്‍ദ്ധനവാണിത്. മാത്രമല്ല, നെറ്റ് നിക്ഷേപം തുടര്‍ച്ചയായ മൂന്നാം മാസവും വര്‍ദ്ധിച്ചിട്ടുണ്ട്.
2025 ലെ മൊത്തം നിക്ഷേപം 1.23 ബില്യണ്‍ ഡോളറില്‍ 2024 വര്‍ഷത്തിന് സമാനമായി. 2023 ല്‍ ഇത് 310 മില്യണ്‍ ഡോളറും 2022 ല്‍ 33 മില്യണ്‍ ഡോളറുമായിരുന്നു. ഭൗമ രാഷ്ട്രീയ പ്രതിസന്ധി മറ്റ് അസറ്റ് ക്ലാസുകളുടെ ആകര്‍ഷണീയത കുറച്ചതോടെയാണ് സ്വര്‍ണ്ണം വീണ്ടെടുപ്പ് നടത്തിയത്.
സുരക്ഷിത നിക്ഷേപമാര്‍ഗ്ഗമെന്ന നിലയില്‍ സ്വര്‍ണ്ണത്തിന്റെ മാറ്റ് കൂടുകയായിരുന്നു. പ്രത്യേകിച്ചും യുഎസ് കടങ്ങളിലെ എക്‌സ്‌പോഷ്വര്‍ കുറയ്ക്കാന്‍ ആഗോള തലത്തില്‍ കേന്ദ്രബാങ്കുകള്‍ ശ്രമിക്കുമ്പോള്‍. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും യുഎസ് കടപത്രങ്ങളിലെ നിക്ഷേപം കുറച്ച് സ്വര്‍ണ്ണ നിക്ഷേപം ഉയര്‍ത്തിയിട്ടുണ്ട്.
ഫെഡ് റിസര്‍വ് നിരക്ക് താഴ്ത്തുന്ന പക്ഷം സ്വര്‍ണ്ണം വീണ്ടും ഉയര്‍ന്നേക്കും. നോര്‍ത്ത് അമേരിക്ക, യൂറോപ്പ് നേതൃത്വത്തില്‍ ആഗോള ഇടിഎഫ് നിക്ഷേപം ഓഗസ്റ്റില്‍ 5.5 ബില്യണ്‍ ഡോളറിന്റേതായപ്പോള്‍ ഏഷ്യയില്‍ നെറ്റ് ഔട്ട്ഫ്‌ലോ ദൃശ്യമായി. ഇന്ത്യ ഗോള്‍ഡില്‍ ബുള്ളിഷ് കാഴ്ചപ്പാട് പുലര്‍ത്തുമ്പോള്‍ ചൈനയില്‍ ഇടിഎഫ് പിന്‍വലിക്കല്‍ വര്‍ദ്ധിക്കുന്നു.