
ന്യൂഡല്‍ഹി: ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനം (ജിഡിപി) 2023 ല്‍ 3.75 ട്രില്യണ്‍ ഡോളറിലെത്തി. കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ ഓഫീസാണ് ഇക്കാര്യം ട്വീറ്റിലൂടെ അറിയിച്ചത്. 2014 ല്‍ 2 ട്രില്യണ്‍ ഡോളറായിരുന്നു ജിഡിപി.
ലോകത്തെ അഞ്ചാമത്തെ വലിയ സമ്പദ് വ്യവസ്ഥയാണ് ഇന്ത്യ. രാജ്യത്തിന്റെ ജിഡിപി വിലയുടെ അടിസ്ഥാനത്തില്‍ 3,737 ബില്യണ്‍ ഡോളറാണ്. യുഎസ്എ (26,854 ഡോളര്‍), ചൈന (19,374 ബില്യണ്‍ ഡോളര്‍), ജര്‍മ്മനി (4,309 ബില്യണ്‍ ഡോളര്‍) എന്നിവയേക്കാള്‍ കുറവ്, ധനമന്ത്രാലയം വ്യക്തമാക്കി.
അതേസമയം യുകെ (3,159 ബില്യണ്‍ ഡോളര്‍), ഫ്രാന്‍സ് (2,924 ബില്യണ്‍ ഡോളര്‍), കാനഡ (2,089 ബില്യണ്‍ ഡോളര്‍), റഷ്യ (1,840 ബില്യണ്‍ ഡോളര്‍), ഓസ്‌ട്രേലിയ (1,550 ബില്യണ്‍ ഡോളര്‍) എന്നിവയ്ക്ക് മുകളിലാണ് ഇന്ത്യ.
”’ഇന്ത്യയുടെ ജിഡിപി 2014 ലെ 2 ട്രില്യണ്‍ ഡോളറില്‍ നിന്ന് 2023 ല്‍ 3.75 ട്രില്യണ്‍ ഡോളറിലെത്തി. ലോകത്തിലെ ഏറ്റവും വലിയ 10-ാമത്തെ സമ്പദ് വ്യവസ്ഥയില്‍ നിന്ന് അഞ്ചാമത്തെ വലിയ സമ്പദ് വ്യവസ്ഥയിലേക്ക് നീങ്ങുന്നു. ആഗോള തലത്തില്‍ ഇന്ത്യയിപ്പോള്‍ ‘ബ്രൈറ്റ് സ്‌പോട്ട്’ ആണ്, ” ധനമന്ത്രാലയത്തിന്റെ ട്വീറ്റ് അറിയിക്കുന്നു.
അന്താരാഷ്ട്ര റേറ്റിംഗ് ഏജന്‍സി മൂഡീസ് 6-6.3 ശതമാനം ജിഡിപി വളര്‍ച്ചയാണ് ഒന്നാംപാദത്തില്‍ പ്രതീക്ഷിക്കുന്നത്. ഉയര്‍ന്ന സാധ്യതയാണ് രാജ്യത്തിനുള്ളത്. ആരോഗ്യകരമായ ആഭ്യന്തര കട സ്രോതസും മികച്ച റേറ്റിംഗും രാജ്യത്തെ ശക്തമാക്കുന്നു,മൂഡീസ് ഇന്‍വെസ്റ്റേഴ്സ് സര്‍വീസ് അസോസിയേറ്റ് മാനേജിംഗ് ഡയറക്ടര്‍ ജീന്‍ ഫാങ് പിടിഐയോട് പറഞ്ഞു.






