
ന്യൂഡല്‍ഹി: 2026 സാമ്പത്തികവര്‍ഷത്തിന്റെ ഒന്നാംപാദത്തില്‍ ഇന്ത്യന്‍ ജിഡിപി (ഗ്രോസ് ഡൊമസ്റ്റിക് പ്രൊഡക്ട്) 7.8 ശതമാനം വളര്‍ച്ച കൈവരിച്ചു. മുന്‍പാദത്തില്‍ 7.4 ശതമാനമായിരുന്ന സ്ഥാനത്താണിത്. 7.8 ശതമാനത്തില്‍ ഇന്ത്യന്‍ ജിഡിപി വളര്‍ച്ച അഞ്ച് പാദങ്ങളിലെ ഉയര്‍ന്ന തോതാണ്.
നേരത്തെ സാമ്പത്തികവിദഗ്ധര്‍ക്കിടയില്‍ നടത്തിയ പോളില്‍ 6.6 ശതമാനം വളര്‍ച്ചയാണ് പ്രവചിക്കപ്പെട്ടിരുന്നത്. ഔദ്യോഗിക അറിയിപ്പ് പ്രകാരം നോമിനല്‍ ജിഡിപി 8.8 ശതമാനം വളര്‍ച്ച കൈവരിച്ചു.
കഴിഞ്ഞപാദത്തില്‍ കേന്ദ്രസര്‍ക്കാറിന്റെ മൂലധന ചെലവ് 52 ശതമാനം വര്‍ദ്ധിച്ചിരുന്നു. ഇതാണ് വളര്‍ച്ചയില്‍ നിര്‍ണ്ണായകമായത്. നിര്‍മ്മാണ, കാര്‍ഷിക മേഖലകള്‍ ശക്തമായ പ്രകടനം കാഴ്ചവച്ചപ്പോള്‍ വ്യോമയാന കാര്‍ഗോ ട്രാഫിക്ക്, ജിഎസ്ടി ശേഖരണം, സ്റ്റീല്‍ ഉത്പാദനം എന്നിവയും മികച്ചതായി.
അതേസമയം നടപ്പ് വര്‍ഷത്തെ ജിഡിപി 6.3-6.5 ശതമാനമായി കുറയുമെന്നാണ് കണക്കാക്കുന്നത്. യുഎസ് താരിഫും ഭൗമ രാഷ്ട്രീയ അനിശ്ചിതത്വങ്ങളുമാണ് കാരണം. എങ്കിലും ജിഎസ്ടി പരിഷ്‌ക്കരണവും ഇന്ധനവില ഉയര്‍ത്താത്തതും നഷ്ടം ഒരു പരിധിവരെ നികത്തിയേക്കും.
ലോകബാങ്കും അന്തര്‍ദ്ദേശീയ നാണയ നിധിയും യഥാക്രമം 6.3 ശതമാനവും 6.4 ശതമാനവും വാര്‍ഷിക വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. 2025 സാമ്പത്തികവര്‍ഷത്തില്‍ രാജ്യം 7.8 ശതമാനം വളര്‍ച്ച കൈവരിച്ചിരുന്നു.






