
ന്യൂഡല്‍ഹി: ധനക്കമ്മി കുറയ്ക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ 2025-26 ന് ശേഷം ഫലം കാണില്ലെന്ന് അന്തര്‍ദ്ദേശീയ നാണ്യ നിധി (ഐഎംഎഫ്) റിപ്പോര്‍ട്ട്. സബ്സിഡികള്‍, ക്ഷേമ പദ്ധതികള്‍ എന്നിവയ്ക്കുള്ള ഉയര്‍ന്ന തോതിലുള്ള സര്‍ക്കാര്‍ ചെലവുകള്‍, നികുതി വരുമാനത്തിലെ പരിമിതമായ വളര്‍ച്ച, ചെലവ് കുറയ്ക്കാനും നികുതി ഉയര്‍ത്താനുമാകാത്ത രാഷ്ട്രീയ സാഹചര്യം എന്നിവ കാരണമാണിത്.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ധനക്കമ്മി കുറയ്ക്കുന്നതില്‍ ഇന്ത്യ പുരോഗതി കൈവരിച്ചിട്ടുണ്ടെന്ന് പറഞ്ഞ റിപ്പോര്‍ട്ട് 2020-21 സാമ്പത്തിക വര്‍ഷത്തില്‍ കമ്മി മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ (ജിഡിപി) 9.2 ശതമാനമായിരുന്നെന്ന് ചൂണ്ടിക്കാട്ടി.2022-23 ല്‍ അത് 6.4 ശതമാനമായും 2023-24 ല്‍ 5.9 ശതമാനമായും കൂറഞ്ഞു. 2025-26 ഓടെ 4.5 ശതമാനത്തിലെത്തിക്കുകയാണ് ലക്ഷ്യം. എന്നാല്‍ ഈ ഘട്ടത്തിനുശേഷം, പുരോഗതിയുടെ വേഗത മന്ദഗതിയിലാകുമെന്ന് ഐഎംഎഫ് വിശ്വസിക്കുന്നു.
മാത്രമല്ല, സര്‍ക്കാര്‍ കടം ഉയര്‍ന്ന നിലയില്‍ തുടരും. 2022-23 വര്‍ഷത്തിലെ ജിഡിപിയുടെ 83 ശതമാനമായിരുന്ന കടം അതേപടി തുടരാനാണ് സാധ്യത. സാമ്പത്തിക വളര്‍ച്ചയും അച്ചടക്കവും സന്തുലിതമാക്കാനുള്ള ശ്രമങ്ങള്‍ക്കിടയിലാണ് റിപ്പോര്‍ട്ട്. നികുതി വ്യവസ്ഥ പരിഷ്‌കരിക്കുകയും ചെലവുകളുടെ കാര്യക്ഷമത മെച്ചപ്പെടുത്തുകയും വരുമാനത്തിനായി പുതു വഴികള്‍ കണ്ടെത്തുകയും വേണം. എന്നാല്‍ മാത്രമേ കമ്മി കുറയ്ക്കാനാകൂ, വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടി.






