ടോള്‍ വരുമാനം 2027 ഓടെ 1.40 ലക്ഷം കോടിയാകുമെന്ന് നിതിൻ ഗഡ്കരിപൊതുമേഖല ബാങ്കുകളിലെ ഓഹരി വില്‍പന: ഉപദേഷ്ടാക്കളെ നിയമിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍ഇന്ത്യയുടെ മൊത്തം മൂല്യം 9.82 ലക്ഷം കോടി ഡോളറാകുംനിക്ഷേപ ഉടമ്പടി: ഒരു ഡസന്‍ രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ചയില്‍സാമ്പത്തിക സമത്വത്തില്‍ ഇന്ത്യ മെച്ചപ്പെടുന്നതായി ലോകബാങ്ക് റിപ്പോര്‍ട്ട്

രാജ്യത്തെ ആദ്യ കണ്‍സ്ട്രക്ഷന്‍ ഇനോവേഷന്‍ ഹബ് കേരളത്തില്‍

കൊച്ചി: ചെലവ് കുറഞ്ഞതും സുസ്ഥിരവുമായ നിര്‍മ്മാണ രീതികള്‍ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി രൂപീകരിച്ച രാജ്യത്തെ ആദ്യത്തെ കണ്‍സ്ട്രക്ഷന്‍ ഇനോവേഷന്‍ ഹബ്(സിഐഎച്) സംസ്ഥാനത്ത് തുടങ്ങും.

നൂതനത്വം, പങ്കാളിത്തം, വിജ്ഞാനസഹകരണം എന്നിവയാണ് ഇതിന്‍റെ ലക്ഷ്യം. ചെന്നൈയില്‍ നടന്ന ഷെല്‍ട്ടര്‍ടെക് ഉച്ചകോടിയില്‍ സിഐഎചിന്‍റെ പ്രവര്‍ത്തനം ഔപചാരികമായി ആരംഭിച്ചു.

കേരള സ്റ്റാര്‍ട്ടപ്പ് മിഷനായിരിക്കും സിഐഎചിന്‍റെ ചുമതല. രാജ്യത്തുടനീളമുള്ള നിര്‍മ്മാണ രംഗത്തെ ശൈശവ ദശയിലുള്ള നൂതന സ്റ്റാര്‍ട്ടപ്പുകളെ കണ്ടെത്തുക, അവര്‍ക്ക് ചെലവുകുറഞ്ഞ നിര്‍മ്മാണ രീതികളെക്കുറിച്ചുള്ള വിദഗ്ധോപദേശം നല്‍കുക, സമാനവ്യവസായത്തിലെ വിദഗ്ധരുമായി ആശയവിനിമയം സംഘടിപ്പിക്കുക എന്നിവയ്ക്കൊപ്പം പദ്ധതി രൂപീകരണവും, നടപ്പാക്കലും കെഎസ് യുഎം ചെയ്യും.

ചെലവ് കുറഞ്ഞ നിര്‍മ്മാണ രീതികള്‍ പ്രചരിപ്പിക്കുന്ന അമേരിക്കന്‍ സ്ഥാപനമായ ഹാബിറ്റാറ്റ് ഫോര്‍ ഹ്യൂമാനിറ്റി ഇന്ത്യയുമായി ചേര്‍ന്നാണ് സിഐഎച് സ്ഥാപിക്കുന്നത്. കൊച്ചിയിലായിരിക്കും സിഐഎചിന്‍റെ പ്രവര്‍ത്തന കേന്ദ്രം.

നിര്‍മ്മാണ മേഖലയിലെ ആഗോള വിജ്ഞാനം സ്വരൂപിക്കാന്‍ സിഐഎചിന് സാധിക്കുമെന്ന് കെഎസ് യുഎം സിഇഒ അനൂപ് അംബിക പറഞ്ഞു. ചെന്നൈയില്‍ സിഐഎചിന്‍റെ പ്രവര്‍ത്തനം തുടങ്ങുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അടിസ്ഥാന സൗകര്യ വികസന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലെ ചെലവ്, ഗുണമേന്മ, സമയബന്ധിത മാര്‍ഗങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിവിധ അറിവുകള്‍ മനസിലാക്കാനാകും. ദക്ഷിണ പൂര്‍വേഷ്യന്‍ രാജ്യങ്ങളിലെ ദ്രുതഗതിയിലുള്ള വികസന പ്രവര്‍ത്തനത്തിലുള്ള ഹാബിറ്റാറ്റിന്‍റെ പങ്ക് അനൂപ് അംബിക ചൂണ്ടിക്കാട്ടി.

ഷെല്‍ട്ടര്‍ ടെക്നോളജിയാണ് ഹാബിറ്റാറ്റും സിഐഎചും പ്രധാനമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കെഎസ് യുഎമ്മിന്‍റെ സാങ്കേതിക പ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്തുന്നതാണ് ഈ സഹകരണമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലൊട്ടാകെയുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സിഐഎചിന്‍റെ സേവനം ലഭ്യമാക്കും. തുടക്കത്തില്‍ വെര്‍ച്വലായാണ് സിഐഎച് പ്രവര്‍ത്തിക്കുന്നത്. സിഐഎചിന്‍റെ ഭരണപരമായ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും കെഎസ് യുഎം നിര്‍വഹിക്കും.

സിഐഎച് സേവനങ്ങള്‍ ആഗ്രഹിക്കുന്നവര്‍ക്കായി പ്രത്യേക പരിപാടികള്‍, മാര്‍ക്കറ്റിംഗ്, പ്രചാരണ പ്രവര്‍ത്തനങ്ങള്‍ എന്നിവ കളമശേരിയിലെ ടെക്നോളജി ഇനോവേഷന്‍ സോണില്‍ സംഘടിപ്പിക്കും.

ഇനോവേഷന്‍ ലാബിന്‍റെ ഡിജിറ്റല്‍ പ്ലാറ്റ്ഫോം രൂപീകരണം, വിവിധ സര്‍ക്കാര്‍ വകുപ്പുകളും വ്യവസായ സമൂഹവുമായുള്ള ഏകോപനം, ചെലവ് കുറഞ്ഞ ഭവനങ്ങള്‍ക്കായുള്ള പൈലറ്റ് പദ്ധതികളെ കണ്ടെത്തല്‍, ധനസ്ഥിതി, സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള സഹായം എന്നിവ കെഎസ് യുഎമ്മിന് കീഴിലാകും.

സ്റ്റാര്‍ട്ടപ്പുകള്‍, വിദ്യാര്‍ത്ഥികള്‍, എംഎസ്എംഇ എന്നിവയ്ക്കുള്ള അപേക്ഷ ക്ഷണിക്കാനും അത് വിലയിരുത്തി പ്രാഥമികമായ തെരഞ്ഞെടുപ്പ് നടത്തുന്നതും കെഎസ് യുഎം ആയിരിക്കും.

റോഡ് ഷോകള്‍, റിവേഴ്സ് പിച്ച് എന്നിവയിലൂടെ രാജ്യത്തെ ഏറ്റവും മികച്ച സ്റ്റാര്‍ട്ടപ്പുകളെത്തന്നെ ഈ പരിപാടിയില്‍ ഉള്‍പ്പെടുത്തും.

മികച്ച വ്യവസായ പങ്കാളികളെ ഉള്‍പ്പെടുത്തി പ്രത്യേക ഉപദേശക സമിതി രൂപീകരിക്കും. കോളേജ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഷെല്‍ട്ടര്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട മത്സരങ്ങളും ചലഞ്ചും സംഘടിപ്പിക്കുകയും ചെയ്യും.

അടുത്ത നൂറു കോടി ഭവനങ്ങള്‍ക്കായുള്ള നൂതനത്വം, ആവാസവ്യവസ്ഥയുടെ രൂപീകരണം, ഹരിത നിര്‍മ്മാണത്തിന്‍റെ ഭാവി തുടങ്ങിയ വിഷയങ്ങളിലാണ് ഷെല്‍ട്ടര്‍ടെക് ഉച്ചകോടിയില്‍ സെഷനുകള്‍ നടന്നത്.

വില്‍ഗ്രോ ഇനോവേഷന്‍ ഫൗണ്ടേഷന്‍റെ ഡെമോ ഡേയും ഉണ്ടായിരുന്നു.

X
Top