
ന്യൂഡല്‍ഹി: വിപണി വൈവിദ്യവത്ക്കരണത്തിന്റെ സൂചന നല്‍കി 24 രാജ്യങ്ങളിലേയ്ക്കുള്ള ഇന്ത്യയുടെ കയറ്റുമതി നടപ്പ് സാമ്പത്തികവര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ പോസിറ്റീവ് വളര്‍ച്ച രേഖപ്പെടുത്തി. തീരുവ കാരണം യുഎസിലേയ്ക്കുള്ള കയറ്റുമതി സെപ്തംബറില്‍ ഇടിഞ്ഞിരുന്നു.
കൊറിയ, യുഎഇ, ജര്‍മ്മനി, ടോഗോ, ഈജിപ്ത്, വിയറ്റ്‌നാം, ഇറാഖ്, മെക്‌സിക്കോ, റഷ്യ, കെനിയ, നൈജീരിയ, കാനഡ, പോളണ്ട്, ശ്രീലങ്ക, ഒമാന്‍, തായ്ലന്‍ഡ്, ബംഗ്ലാദേശ്, ബ്രസീല്‍, ബെല്‍ജിയം, ഇറ്റലി, ടാന്‍സാനിയ എന്നിവ ഈ 24 രാജ്യങ്ങളില്‍ ഉള്‍പ്പെടുന്നു.
ഈ രാജ്യങ്ങളിലേയ്ക്കുള്ള കയറ്റുമതി 129.3 ബില്യണ്‍ ഡോളറായാണ് വര്‍ദ്ധിച്ചത്. ഇത് മൊത്തം കയറ്റുമതിയുടെ 59 ശതമാനമാണ്. ഏപ്രില്‍ സെപ്തംബര്‍ കാലയളവില്‍ കയറ്റുമതി 3.02 ശതമാനം ഉയര്‍ന്ന് 220.12 ബില്യണ്‍ ഡോളറായി. ഇറക്കുമതി 4.53 ശതമാനം ഉയര്‍ന്ന് 275.11 ബില്യണ്‍ ഡോളര്‍.
ഇതോടെ വ്യാപാരക്കമ്മി 15.49 ബില്യണ്‍ ഡോളറിലെത്തി. 16 രാജ്യങ്ങളിലേയ്ക്കുള്ള കയറ്റുമതി നെഗറ്റീവ് വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. മൊത്തം കയറ്റുമതിയുടെ 27 ശതമാനം അഥവാ 60.3 ബില്യണ്‍ ഡോളര്‍ ഇവിടങ്ങളിലേക്കാണ്.
50 ശതമാനം യുഎസ് തീരുവയുടെ പശ്ചാത്തലത്തില്‍ മറ്റ് പ്രദേശങ്ങളിലേയ്ക്ക് പ്രത്യേകിച്ചും ആഫ്രിക്ക, ലാറ്റിന്‍ അമേരിക്ക, മിഡില്‍ ഈസ്റ്റ്് എന്നിവിടങ്ങളിലേയ്ക്ക് കയറ്റുമതി വര്‍ദ്ധിപ്പിക്കുകയാണ് കമ്പനികള്‍. യുഎസിലേയ്ക്കുള്ള ചരക്ക് കയറ്റുമതി സെപ്തംബറില്‍ 11.93 ശതമാനം കുറഞ്ഞ് 5.46 ബില്യണ്‍ ഡോളറിന്റേതായിട്ടുണ്ട്.
ഏപ്രില്‍-സെപ്തംബര്‍ കാലയളവില്‍ ഇത് 13.37 ശതമാനം ഉയര്‍ന്ന് 42.82 ബില്യണ്‍ ഡോളറും ഇറക്കുമതി 9 ശതമാനം ഉയര്‍ന്ന് 25.6 ബില്യണ്‍ ഡോളറുമാണ്. 2024-25 സാമ്പത്തികവര്‍ഷത്തിലെ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് യുഎസ്.