
കൊച്ചി: വിവിധ രാജ്യങ്ങളുമായുള്ള സ്വതന്ത്ര വ്യാപാര കരാറുകളുടെ കരുത്തില്‍ നടപ്പു സാമ്പത്തിക വർഷം ഇന്ത്യ 74 ലക്ഷം കോടി രൂപയുടെ(87,000 കോടി ഡോളർ) കയറ്റുമതി ലക്ഷ്യമിടുന്നു.
കഴിഞ്ഞ സാമ്പത്തിക വർഷം 71 ലക്ഷം കോടി രൂപയുടെ(82,500 കോടി ഡോളർ) കയറ്റുമതിയുമായി ഇന്ത്യ റെക്കാഡ് നേട്ടം കൈവരിച്ചിരുന്നു. ആഗോള മേഖലയിലെ അനിശ്ചിതത്വങ്ങളും പശ്ചിമേഷ്യയിലെ രാഷ്‌ട്രീയ സംഘർഷങ്ങളും മറികടന്നാണ് കഴിഞ്ഞ വർഷം ഇന്ത്യ മികച്ച നേട്ടമുണ്ടാക്കിയത്.
കൂടുതല്‍ മൂല്യവർദ്ധിത ഉത്പന്നങ്ങളും തൊഴില്‍ അധിഷ്‌ഠിത ഉത്പന്നങ്ങളും സേവനങ്ങളും കയറ്റി അയച്ച് ആഗോള വിപണിയിലെ വ്യാപാര വിഹിതം ഉയർത്താനാണ് ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര വാണിജ്യ മന്ത്രി പീയുഷ് ഗോയല്‍ വ്യക്തമാക്കി.
വ്യാവസായിക, കാർഷിക ഉത്പന്നങ്ങളുടെ കയറ്റുമതിയില്‍ ആറ് ശതമാനം വളർച്ചയാണ് പ്രതീക്ഷിക്കുന്നത്. ഐ.ടി, അനുബന്ധ മേഖലകളിലെ മേധാവിത്തത്തിന്റെ കരുത്തില്‍ സേവനങ്ങളുടെ കയറ്റുമതിയില്‍ പത്ത് ശതമാനം വളർച്ച നേടാനാകുമെന്നും പീയുഷ് ഗോയല്‍ പറഞ്ഞു.
യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്(യു.എ.ഇ), യൂറോപ്യൻ ഫ്രീ ട്രേഡ് അസോസിയേഷൻ, ആസ്ട്രേലിയ, യു.കെ എന്നിവരുമായി ഒപ്പുവച്ച സ്വതന്ത്ര വ്യാപാര കരാറുകള്‍ ആഗോള വ്യാപാര രംഗത്തെ ഇന്ത്യയുടെ സ്ഥാനം മാറ്റിയെഴുതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പുതിയ വിപണികളില്‍ മികച്ച വളർച്ച
അഞ്ച് വർഷത്തിനിടെ യു.എ.ഇയിലേക്കുള്ള കയറ്റുമതി ഇരട്ടിയായി. ആസ്ട്രേലിയൻ കയറ്റുമതി ഇക്കാലയളവില്‍ മൂന്നിരട്ടി ഉയർന്ന് 800 കോടി ഡോളറായി. ഇന്ത്യയുടെ മൊത്തം കയറ്റുമതിയില്‍ 17 ശതമാനം അമേരിക്കയിലേക്കാണ്. ചൈനയിലേക്കുള്ള വിഹിതം 3.85 ശതമാനം മാത്രമാണ്.
അമേരിക്കൻ വ്യാപാര കരാർ ലോട്ടറിയാകും
അമേരിക്കയുമായി സ്വതന്ത്ര വ്യാപാര കരാർ ഒപ്പുവക്കുന്നതോടെ ഇന്ത്യയുടെ മൊത്തം കയറ്റുമതിയില്‍ 64 ശതമാനം വർദ്ധനയുണ്ടാകുമെന്ന് ബ്ളൂംബെർഗിന്റെ റിപ്പോർട്ട്.
രാജ്യത്തെ ഉത്പാദന മേഖലയിലേക്ക് വലിയ തോതില്‍ നിക്ഷേപം ഒഴുകിയെത്താൻ കരാർ സഹായകരമാകും. ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്പാദനത്തില്‍(ജി.ഡി.പി) 0.6 ശതമാനം വർദ്ധനയാണ് ഇതിലൂടെ സാദ്ധ്യമാകുന്നത്.
സേവന മേഖലയിലെ കയറ്റുമതി മൂല്യം 33 ലക്ഷം കോടി രൂപ.