
ന്യൂഡല്‍ഹി: ഇന്ത്യയുടെ പാം ഓയില്‍ ഇറക്കുമതി ജൂലൈ മാസത്തില്‍ 10 ശതമാനം ഇടിഞ്ഞ് 858000 മെട്രിക്ക് ടണ്ണായി. വിലയിലെ അസ്ഥിരതയും ചരക്കുകള്‍ കൈമാറ്റം ചെയ്യുന്നതില്‍ നേരിട്ട പ്രതിസന്ധിയുമാണ് ഇറക്കുമതി കുറയ്ക്കാന്‍ ഇടയാക്കിയത്.
ജൂണില്‍ പാം ഓയില്‍ ഇറക്കുമതി 11 മാസത്തെ കൂടിയ അളവിലായിരുന്നു. ഇന്തോനേഷ്യ, മലേഷ്യ എന്നിവിടങ്ങളില്‍ നിന്നാണ് ഇന്ത്യ പ്രധാനമായും പാം ഓയില്‍ ഇറക്കുമതി ചെയ്യുന്നത്. സൂര്യകാന്തി എണ്ണയുടെ ഇറക്കുമതി 7 ശതമാനം ഇടിഞ്ഞ് 201000 ടണ്ണായപ്പോള്‍ സോയഎണ്ണ ഇറക്കുമതി 38 ശതമാനം കൂടി 3 വര്‍ഷത്തെ കൂടിയ അളവിലായി.
495000 മെടിക്ക് ടണ്‍ സോയഓയിലാണ് ജൂലൈയില്‍ രാജ്യം ഇറക്കുമതി ചെയ്തത്. സോയഓയില്‍ പ്രധാനമായും വരുന്നത് അര്‍ജന്റീന, ബ്രസീല്‍ എന്നിവിടങ്ങളില്‍ നിന്നാണ്. അതേസമയം സൂര്യകാന്തി എണ്ണ റഷ്യ, യുക്രൈ എന്നീ രാഷ്ട്രങ്ങളും കയറ്റുമതി ചെയ്യുന്നു.
അതേസമയം രാജ്യത്തിന്റെ മൊത്തം ഭക്ഷ്യ എണ്ണ ഇറക്കുമതി ജൂലൈയില്‍ 1.5 ശതമാനം ഉയര്‍ന്ന് 1.53 മില്യണ്‍ ടണ്ണായിട്ടുണ്ട്. ഇത് നവംബറിന് ശേഷമുള്ള ഉയര്‍ന്ന ഇറക്കുമതിയാണ്. ഉത്സവ സീസണ്‍ ഡിമാന്റും വ്യാപാരികള്‍ സ്റ്റോക്ക് വര്‍ധിപ്പിച്ചതുമാണ് കാരണം.