
ദില്ലി: മിഡിൽ ഈസ്റ്റിൽ നിന്നും ഇന്ത്യയിലേക്കുള്ള എണ്ണ ഇറക്കുമതിയിൽ വമ്പൻ ഇടിവ്. 19 മാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് മിഡിൽ ഈസ്റ്റിൽ നിന്നുള്ള എണ്ണ ഇറക്കുമതിയുള്ളത്.
അതേസമയം റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി വീണ്ടും ഉയർന്നു. ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷം റഷ്യ സൗദി അറേബ്യയെ പിന്തള്ളി ഇന്ത്യയിലേക്കുള്ള എണ്ണ വിതരണക്കാരിൽ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു.
റിലയൻസ് ഇൻഡസ്ട്രീസ്, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ തുടങ്ങിയ റിഫൈനറുകളുടെ അറ്റകുറ്റപ്പണികൾ കാരണം സെപ്റ്റംബറിലെ ഇന്ത്യയുടെ മൊത്തം എണ്ണ ഇറക്കുമതി 14 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലേക്ക് എത്തിയിരുന്നു.
3.91 ദശലക്ഷം ബാരലാണ് സെപ്റ്റംബറിലെ ഇന്ത്യയുടെ മൊത്തം എണ്ണ ഇറക്കുമതി. മിഡിൽ ഈസ്റ്റിൽ നിന്നുള്ള ഇന്ത്യയുടെ ഇറക്കുമതി ഓഗസ്റ്റിൽ നിന്ന് 16.2 ശതമാനം കുറഞ്ഞ് 2.2 ദശലക്ഷം ബിപിഡി ആയി, അതേസമയം റഷ്യയിൽ നിന്നുള്ള ഇറക്കുമതി 4.6 ശതമാനം വർദ്ധിച്ച് 896,000 ബിപിഡി ആയി.
ഇന്ത്യയുടെ എണ്ണ ഇറക്കുമതിയിൽ റഷ്യയുടെ വിഹിതം എക്കാലത്തെയും ഉയർന്ന നിരക്കായ 23 ശതമാനത്തിലേക്ക് ഉയർന്നു. മുൻ മാസത്തിൽ ഇത് 19 ശതമാനം ആയിരുന്നു. അതേസമയം മിഡിൽ ഈസ്റ്റിൽ നിന്നുള്ള ഇറക്കുമതി 59 ശതമാനത്തിൽ നിന്ന് 56.4 ശതമാനമായി കുറഞ്ഞു.
കസാക്കിസ്ഥാൻ, റഷ്യ, അസർബൈജാൻ എന്നിവിടങ്ങളിൽ നിന്നുള്ള എണ്ണയുടെ വിഹിതം 24.6 ശതമാനത്തിൽ നിന്നും 28 ശതമാനമായി ഉയർന്നു.
ഉക്രെയ്‌ൻ അധിനിവേശത്തെത്തുടർന്ന് ചില പാശ്ചാത്യ രാജ്യങ്ങൾ റഷ്യയിൽ നിന്നുള്ള വാങ്ങലുകൾ കുറച്ചിരുന്നു. ഇതോടെ റഷ്യ വിലക്കിഴിവ് പ്രഖ്യാപിച്ചു. ഇതോടെ ചൈനയ്ക്ക് ശേഷം റഷ്യയുടെ ഏറ്റവും വലിയ രണ്ടാമത്തെ എണ്ണ വാങ്ങുന്ന രാജ്യമായി ഇന്ത്യ ഉയർന്നു.