
ന്യൂഡല്‍ഹി: ഇന്ത്യയിലെ പ്രധാന വ്യവസായമേഖലകളുടെ ഉത്പാദനം ജൂലൈയില്‍ 2 ശതമാനം ഉയര്‍ന്നു. സ്റ്റീല്‍, സിമന്റ്, വളം എന്നിവ പോസിറ്റീവ് വളര്‍ച്ച പ്രകടമാക്കിയതോടെയാണിത്. ജൂണിലെ വളര്‍ച്ച 2.2 ശതമാനമാണെന്നും സര്‍ക്കാര്‍ അറിയിക്കുന്നു.
നേരത്തെ 1.7 ശതമാനമാണ് കണക്കാക്കിയിരുന്നത്. ഇന്ത്യയുടെ വ്യാവസായിക ഉത്പാദന സൂചിക (ഐഐപി)യില്‍ 40.27 ശതമാനം വരുന്ന കല്‍ക്കരി, അസംസ്‌കൃത എണ്ണ, പ്രകൃതി വാതകം, ശുദ്ധീകരണ ഉത്പന്നങ്ങള്‍, വളങ്ങള്‍, സിമന്റ്, ഉരുക്ക്, വൈദ്യുതി എന്നീ വ്യവസായങ്ങളുടെ പ്രകടനമാണ് ഇത്.
സ്റ്റീല്‍ ഉത്പാദനം ജൂലൈയില്‍ 12.8 ശതമാനം വളര്‍ച്ച കൈവരിച്ചപ്പോള്‍ സിമന്റ് ഉത്പാദനം 11.7 ശതമാനവും കല്‍ക്കരി ഉത്പാദനം 12.3 ശതമാനവും വൈദ്യുതി ഉത്പാദനം 0.5 ശതമാനവും വളം 2 ശതമാനവുമായാണ് ഉയര്‍ന്നത്.
അതേസമയം ക്രൂഡ് ഓയില്‍ ഉത്പാദനം 1.3 ശതമാനമായും പ്രകൃതിദത്ത വാതകം 3.2 ശതമാനമായും പെട്രോളിയം റിഫൈനറി 1 ശതമാനമായും ഇടിഞ്ഞു. ജൂണില്‍ 6.8 ശതമാനം ഇടിഞ്ഞ കല്‍ക്കരി ഉത്പാദനം കഴിഞ്ഞമാസത്തില്‍ വീണ്ടെടുപ്പ് നടത്തി. വളം ഉത്പാദനം മൂന്നുമാസത്തെ ഉയര്‍ന്ന തോതിലായി.






