
ന്യൂഡല്‍ഹി: അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ വാര്‍ഷിക വ്യാപാരം ഏകദേശം 100 ബില്യണ്‍ ഡോളറിലെത്തിക്കാന്‍ ഇന്ത്യയും റഷ്യയും ധാരണയായി. നിലവിലുള്ളതിനെ അപേക്ഷിച്ച് 50 ശതമാനം അധികമാണിത്. യുഎസ് ഇന്ത്യയ്‌ക്കെതിരെ 25 ശതമാനം അധിക തീരുവ ഏര്‍പ്പെടുത്തിയ പശ്ചാത്തലത്തിലാണ് നീക്കം.
100 ബില്യണ്‍ ഡോളര്‍ വ്യാപാരമെന്ന ലക്ഷ്യം കൈവരിക്കാന്‍ ഇരുരാജ്യങ്ങളും ശ്രമിക്കുകയാണെന്നും ഇതിനായി വ്യാപാര തടസ്സങ്ങള്‍ നീക്കുമെന്നും താരിഫ് കുറയ്ക്കുമെന്നും റഷ്യന്‍ സന്ദര്‍ശനത്തിനിടെ വിദേശകാര്യ മന്ത്രി സുബ്രഹ്‌മണ്യം ജയശങ്കര്‍ പറഞ്ഞു.ആഗോള അനിശ്ചിതത്വം ‘വിശ്വസനീയരും സ്ഥിരതയുള്ളവരുമായ പങ്കാളികളെ ആശ്രയിക്കാന്‍ രാജ്യത്തെ പ്രേരിപ്പിക്കുന്നുവെന്ന് ഇന്ത്യ-റഷ്യ ബിസിനസ് ഫോറത്തില്‍ ജയ്ശങ്കര്‍ പറഞ്ഞു. അമേരിക്കയെ നേരിട്ട് പരാമര്‍ശിക്കാതെയായിരുന്നു വിമര്‍ശം.
യുഎസ് താരിഫ് ചെറുക്കാനായി ബ്രിക്‌സ് സ്ഥാപക രാജ്യങ്ങളില്‍ ഇന്ത്യ സമ്മര്‍ദ്ദം ചെലുത്തുകയാണ്. അതിന്റെ ഭാഗമായാണ് ജയ്ശങ്കറിന്റെ റഷ്യന്‍ സന്ദര്‍ശനം. മൂന്നുദിവസത്തെ സന്ദര്‍ശനത്തിന്റെ ഭാഗമായി പ്രസിഡന്റ് പുട്ടിനുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തുന്നുണ്ട്.
ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമര്‍ പുട്ടിന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഫോണ്‍ വഴി ബന്ധപ്പെട്ടിരുന്നു. ഈ മാസം അവസാനം മോദി ചൈന സന്ദര്‍ശിക്കാനിരിക്കയാണ്. ഏഴ് വര്‍ഷത്തിന് ശേഷം അദ്ദേഹം പ്രസിഡന്റ് ഷി ജിന്‍പിങ്ങിനെ നേരിട്ടുകാണും.
നിലവില്‍ റഷ്യ ഇന്ത്യയുടെ നാലാമാത്തെ വലിയ വ്യാപാര പങ്കാളിയും ഇന്ത്യ റഷ്യയുടെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയുമാണ്.