
കൊച്ചി: രാജ്യാന്തര വിപണിയില്‍ ക്രൂഡോയില്‍ വില കുത്തനെ ഇടിയുന്നതും ഡോളറിനെതിരെ രൂപയുടെ മൂല്യവർദ്ധനയും ഇന്ത്യൻ വ്യവസായ മേഖലയ്ക്ക് കരുത്ത് പകരുന്നു.
പശ്ചിമേഷ്യയിലെ രാഷ്‌ട്രീയ സംഘർഷങ്ങളും അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വ്യാപാരയുദ്ധവും സൃഷ്‌ടിച്ച അനിശ്ചിതത്വങ്ങള്‍ ഒഴിഞ്ഞതോടെ മികച്ച വളർച്ച നേടാമെന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ കമ്പനികള്‍.
അമേരിക്കയുമായുള്ള വ്യാപാര കരാർ യാഥാർത്ഥ്യമാകുന്നതിന് സാദ്ധ്യത തെളിഞ്ഞതും അനുകൂല സാഹചര്യം സൃഷ്‌ടിക്കുന്നു. ജൂലായ് മുതല്‍ സെപ്തംബർ വരെയുള്ള മൂന്നാം ത്രൈമാസത്തില്‍ ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്പാദനത്തില്‍ ഏഴ് ശതമാനത്തിന് മുകളില്‍ വളർച്ചയുണ്ടാകുമെന്നാണ് വിലയിരുത്തുന്നത്.
കാലവർഷത്തിന്റെ ലഭ്യത ഉയർന്നതും വായ്പ പലിശയിലെ കുറവും ഗ്രാമീണ ഉപഭോഗത്തിലെ ഉണർവും ഇന്ത്യയുടെ സാമ്പത്തിക മേഖലയ്ക്ക് കരുത്താകുമെന്ന് ആഗോള ഏജൻസിയായ ക്രിസില്‍ വിലയിരുത്തുന്നു.
നടപ്പു സാമ്പത്തിക വർഷത്തിലെ ആദ്യ ത്രൈമാസക്കാലയളവില്‍ 6.5 ശതമാനം വളർച്ചയാണ് പ്രതീക്ഷിക്കുന്നത്. ഇത്തവണ കാലവർഷത്തിന്റെ ലഭ്യത ശരാശരിയിലും മുകളിലായിരിക്കുമെന്ന് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കിയിരുന്നു. ഫെബ്രുവരിയ്ക്ക് ശേഷം റിസർവ് ബാങ്ക് മൂന്ന് തവണയായി മുഖ്യ പലിശ നിരക്ക് ഒരു ശതമാനമാണ് കുറച്ചത്.
അനുകൂല സാഹചര്യങ്ങളേറുന്നു
- എണ്ണ വിലയിലെ ഇടിവും ഡോളറിനെതിരെ രൂപയുടെ കരുത്തും കമ്പനികളുടെ ഉത്പാദന ചെലവ് കുറയ്ക്കുന്നു
- ഇന്ത്യയും അമേരിക്കയുമായി സ്വതന്ത്ര വ്യാപാര കരാർ ഒപ്പിടുന്നതോടെ കയറ്റുമതി മേഖലയ്ക്ക് കരുത്താകും
- കാലവർഷത്തിന്റെ മികച്ച ലഭ്യത കാർഷിക ഉത്പാദനം ഉയർത്താനും ഗ്രാമീണ ഉപഭോഗം കൂട്ടാനും സഹായിക്കും
- വിപണിയിലെ പണലഭ്യത കൂടിയതും പലിശയിലെ ഇളവും കമ്പനികളുടെ വായ്പാ ബാദ്ധ്യത കുറയ്ക്കും.