
കൊച്ചി: ആഗോള മേഖലയിലെ അനിശ്ചിതത്വങ്ങളും ഡൊണാള്‍ഡ് ട്രംപിന്റെ തീരുവ യുദ്ധവും മറികടന്ന് ഇന്ത്യയുടെ കയറ്റുമതി ജൂണില്‍ 3,514 കോടി ഡോളറിലെത്തി. മുൻ വർഷം ജൂലായിലെ കയറ്റുമതിയായ 3,416 കോടി ഡോളറില്‍ നിന്ന് നേരിയ കുറവ് മാത്രമാണുണ്ടായത്. എന്നാല്‍ മേയ് മാസത്തിലെ 3,873 കോടി ഡോളറിനേക്കാള്‍ കയറ്റുമതിയില്‍ ഗണ്യമായ ഇടിവുണ്ടായി.
സേവനങ്ങളുടെ കയറ്റുമതി ജൂണില്‍ 3,284 കോടി ഡോളറായി ഉയർന്നു. കഴിഞ്ഞ മാസം ഉത്പന്നങ്ങളും സേവനങ്ങളുമായി 6,798 കോടി രൂപയുടെ കയറ്റുമതി വരുമാനമാണ് ഇന്ത്യ മൊത്തം നേടിയത്.
ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിക്ക് പത്ത് ശതമാനം അടിസ്ഥാന തീരുവ ഏർപ്പെടുത്തിയതിന് ശേഷവും അമേരിക്കയിലേക്കുള്ള കയറ്റുമതി മികച്ച ഉണർവിലാണ്.
ഇസ്രയേല്‍-ഇറാൻ സംഘർഷവും തീരുവ യുദ്ധവും തരണം ചെയ്ത് കയറ്റുമതിയില്‍ മികച്ച പ്രകടനം കാഴ്ചവച്ചുവെന്ന് കേന്ദ്ര വാണിജ്യ സെക്രട്ടറി സുനില്‍ ബാർത്‌വാള്‍ പറഞ്ഞു. ഇപ്പോഴത്തെ ട്രെൻഡ് തുടർന്നാല്‍ നടപ്പു സാമ്പത്തിക വർഷത്തിലും ഇന്ത്യയ്ക്ക് റെക്കാഡ് കയറ്റുമതി വരുമാനം നേടാനാകുമെന്ന് അദ്ദേഹം പറഞ്ഞു.
ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള മൂന്ന് മാസക്കാലയളവില്‍ ഇന്ത്യയുടെ ഉത്പന്ന കയറ്റുമതി 1.92 ശതമാനം ഉയർന്ന് 11,217 കോടി ഡോളറിലെത്തി.
ഇറക്കുമതിയില്‍ ഇടിവ്
ജൂണില്‍ ഇന്ത്യയിലേക്കുള്ള ഉത്പന്ന ഇറക്കുമതി 3.71 ശതമാനം ഇടിഞ്ഞ് 5,392 കോടി ഡോളറിലെത്തി. മുൻവർഷം ജൂണില്‍ 5,600 കോടി ഡോളറായിരുന്നു. കഴിഞ്ഞ മാസം ഉത്പന്നങ്ങള്‍, സേവനങ്ങള്‍ എന്നിവയുടെ മൊത്തം ഇറക്കുമതി മൂല്യം 7,150 കോടി ഡോളറിലാണ്. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ ഇറക്കുമതി 4.23 ശതമാനം ഉയർന്ന് 17,944 കോടി ഡോളറായി.
വ്യാപാര കമ്മി കുറയുന്നു
കയറ്റുമതിയിലെ മികച്ച പ്രകടനത്തിന്റെയും ഇറക്കുമതിയിലെ ഇടിവിന്റെയും കരുത്തില്‍ കഴിഞ്ഞ മാസം രാജ്യത്തെ വ്യാപാര കമ്മി 1,878 കോടി ഡോളറായി ചുരുങ്ങി. മേയിലെ കമ്മി 2,188 കോടി ഡോളറായിരുന്നു. സേവന മേഖലയില്‍ 1,562 കോടി ഡോളറിന്റെ വ്യാപാര മിച്ചം നേടാനും ഇന്ത്യയ്ക്ക് കഴിഞ്ഞു.
നടപ്പുവർഷം ലക്ഷ്യമിടുന്ന കയറ്റുമതി വരുമാനം – ഒരു ലക്ഷം കോടി ഡോളർ
കഴിഞ്ഞ സാമ്പത്തിക വർഷത്തെ കയറ്റുമതി വരുമാനം – 82,490 കോടി ഡോളർ