
മുംബൈ: സ്റ്റീലിന്റെ ഇറക്കുമതി തീരുവ വര്‍ദ്ധിപ്പിക്കാനും താരിഫ് ഇല്ലാതെ ഇറക്കുമതി ചെയ്യാന്‍ കഴിയുന്ന സ്റ്റീലിന്റെ അളവ് കുറയ്ക്കാനുമുള്ള യൂറോപ്യന്‍ യൂണിയന്റെ നിര്‍ദ്ദേശത്തിനെതിരെ ഇന്ത്യന്‍ വ്യവസായികള്‍. നിര്‍ദ്ദേശം നടപ്പിലാക്കാതിരിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് അവര്‍ ഇന്ത്യന്‍ സര്‍ക്കാറിനോടഭ്യര്‍ത്ഥിച്ചു.
2025 ഒക്ടോബര്‍ 7 നാണ് യൂറോപ്യന്‍ കമ്മീഷന്‍ ഇത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചത്. താരിഫ് നല്‍കാതെ ഇറക്കുമതി ചെയ്യാന്‍ കഴിയുന്ന സ്റ്റീലിന്റെ വാര്‍ഷിക ക്വാട്ട 18.3 ദശലക്ഷം ടണ്ണായി കുറയ്ക്കാനും പരിധിയില്‍ കൂടുതലുള്ള സ്റ്റീലിന് 50 ശതമാനം തീരുവ ചുമത്താനുമാണ് കമ്മീഷന്റെ നിര്‍ദ്ദേശം. 2024 ല്‍ അനുവദിച്ച ക്വാട്ടയുമായി താരതമ്യപ്പെടുത്തുമ്പോള്‍ നിലവിലത്തേത് 47 ശതമാനം കുറവാണ്. കൂടാതെ പരിധിയില്‍ കവിയുന്ന സ്റ്റീലിന് നിലവില്‍ 25 ശതമാനമാണ് തീരുവ.
തീരുമാനം ആഭ്യന്തര ബിസിനസുകളെ ദോഷകരമായി ബാധിക്കും. 2025 ഏപ്രില്‍ വരെ, ഇന്ത്യ യൂറോപ്യന്‍ യൂണിയനിലേക്ക് ഏകദേശം 358,054 ടണ്‍ സ്റ്റീല്‍ കയറ്റുമതി ചെയ്തു. ഇത് ഏകദേശം 259 മില്യണ്‍ ഡോളറിന്റേതാണ്. മൊത്തം കയറ്റുമതിയുടെ 49 ശതമാനം.