
ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ വൈദ്യുതി വ്യാപാര പ്ലാറ്റ്‌ഫോമായ ഇന്ത്യന്‍ എനര്‍ജി എക്‌സ്‌ചേഞ്ചിലെ (ഐഇഎക്‌സ്) രണ്ടാംപാദ വ്യാപാര അളവ് 16.1 ശതമാനം വര്‍ദ്ധിച്ചു. 2025 ജൂലൈ മുതല്‍ സെപ്തംബര്‍ വരെയുള്ള കാലയളവില്‍ വ്യാപാരം 35217 ദശലക്ഷം യൂണിറ്റ് (എംയു) ആകുകയായിരുന്നു.
ജല, കാറ്റ്, കല്‍ക്കരി അധിഷ്ഠിത നിലയങ്ങളില്‍ നിന്നുള്ള ലഭ്യതയാണ് വളര്‍ച്ചയെ പിന്തുണച്ചത്. ഈ സ്രോതസ്സുകളിലെ ഉത്പാദന വളര്‍ച്ച, ട്രേഡിംഗ് അളവ് വര്‍ദ്ധിപ്പിച്ചു. ഉടനടി വൈദ്യുതി വിതരണം സാധ്യമാക്കുന്ന റിയല്‍ ടൈം മാര്‍ക്കറ്റ് (ആര്‍ടിഎം) 14925 എംയു അളവ് രേഖപ്പെടുത്തി.39.1 ശതമാനം വാര്‍ഷിക വര്‍ദ്ധനവാണിത്. ഐഇഎക്‌സിലെ മൊത്തം വ്യാപാരത്തിന്റെ 37.1 ശതമാനം ആര്‍ടിഎമ്മില്‍ നിന്നാണ്.
അടുത്തദിവസം വൈദ്യുതി വിതരണം നടക്കുന്ന ഡേ-എഹെഡ് മാര്‍ക്കറ്റില്‍ (ഡിഎഎം) വ്യാപാരം 1.4 ശതമാനമുയര്‍ന്ന് 14543 എംയു. ഇത് മൊത്തം വ്യാപാരത്തിന്റെ 36.1 ശതമാനമാണ്. ഡിഎഎമ്മില്‍ ശരാശരി വില യൂണിറ്റിന് 3.93 രൂപയായി കുറഞ്ഞിട്ടുണ്ട്. ഇത് കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് 12.5 ശതമാനം ഇടിവ്.
സൗരോര്‍ജ്ജം, കാറ്റ് തുടങ്ങിയ പുനരുപയോഗ സ്രോതസ്സുകളില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ വ്യാപാരം ഉള്‍പ്പെടുന്ന ഗ്രീന്‍ മാര്‍ക്കറ്റ് 3040 എംയു അളവ് രേഖപ്പെടുത്തി. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 17.7 ശതമാനം ഉയര്‍ച്ച. സെപ്തംബറില്‍ മാത്രം അളവ് 50 ശതമാനം വര്‍ദ്ധിച്ചു. അതേസമയം പുനരുപയോഗ ഊര്‍ജ്ജ സര്‍ട്ടിഫിക്കറ്റ് (ആര്‍ഇസി) വിഭാഗത്തില്‍ വ്യാപാര അളവ്, മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 29.8 ശതമാനം കുറഞ്ഞു. രണ്ടാംപാദത്തില്‍ 44.2 ലക്ഷം ആര്‍ഇസികളാണ് വ്യാപാരം ചെയ്യപ്പെട്ടത്.