
ന്യൂഡൽഹി: യുക്രെയ്നെതിരായ യുദ്ധം അവസാനിപ്പിക്കാൻ തയാറാകാത്ത റഷ്യയ്ക്കെതിരെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നിലപാട് കടുപ്പിക്കുന്നതിനിടെ, റഷ്യയെ കൈവിട്ട് ഗൾഫ് മേഖലയിൽ നിന്നുള്ള ക്രൂഡ് ഓയിൽ വാങ്ങിക്കൂട്ടി ഇന്ത്യൻ കമ്പനികൾ. റഷ്യയിലെ ഏറ്റവും വമ്പൻ എണ്ണ കയറ്റുമതിക്കമ്പനികളായ ലൂക്കോയിൽ, റോസ്നെഫ്റ്റ് എന്നിവയ്ക്ക് ട്രംപ് ഉപരോധം ഏർപ്പെടുത്തിയിരുന്നു.
ഇന്ത്യയിലേക്ക് ഏറ്റവുമധികം റഷ്യൻ എണ്ണ ഇറക്കുമതി ചെയ്തിരുന്ന റിലയൻസ് ഇൻഡസ്ട്രീസ് ഇപ്പോൾ കുവൈത്തിൽ നിന്നുള്ള ഇറക്കുമതിയും കൂട്ടിയെന്ന് ചില വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 10 ലക്ഷം ബാരൽ കുവൈത്തി എണ്ണയാണ് റിലയൻസ് വാങ്ങിയത്. കുവൈത്തിന്റെ പൊതുമേഖലാ എണ്ണക്കമ്പനിയായ കുവൈത്ത് പെട്രോളിയം കോർപറേഷനിൽ നിന്ന് (കെപിസി) ടെൻഡർ മുഖേനയാണ് ഇടപാട്.
റലിയൻസിന് ഗുജറാത്തിലെ ജാംനഗറിൽ പ്രതിദിനം 14 ലക്ഷം ബാരൽ എണ്ണ സംസ്കരിക്കാൻ ശേഷിയുള്ള പ്ലാന്റുണ്ട്. റഷ്യൻ കമ്പനിയായ റോസ്നെഫ്റ്റുമായി പ്രതിദിനം 5 ലക്ഷം ബാരൽ വീതം എണ്ണ വാങ്ങാൻ റിലയൻസിന് കരാറുണ്ടായിരുന്നു. ട്രംപിന്റെ ഉപരോധ പശ്ചാത്തലത്തിൽ ഇത് തൽക്കാലം നിലച്ചു. ഉപരോധമുള്ള എണ്ണ വാങ്ങുന്നശീലം റിലയൻസിന് ഇല്ലാത്ത പശ്ചാത്തലത്തിലാണ്, ബദലെന്നോണം കമ്പനി ഗൾഫ് മേഖലയിലേക്ക് ശ്രദ്ധതിരിച്ചത്.
ഇറാഖ്, സൗദി അറേബ്യ, യുഎസ് തുടങ്ങിയവയുടെ എണ്ണയും റിലയൻസ് ഇൻഡസ്ട്രീസ് ഇപ്പോൾ വാങ്ങുന്നുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. സൗദി അറേബ്യയിൽ നിന്ന് ഖാഫ്ജി, ഇറാഖിന്റെ ബാസ്റ മീഡിയം, ഖത്തറിന്റെ അൽ-ഷാഹീൻ, യുഎസിന്റെ ഡബ്ല്യുടിഐ തുടങ്ങിയ ക്രൂഡ് ഇനങ്ങളാണ് റിലയൻസ് വാങ്ങിയയത്. ഹിന്ദുസ്ഥാൻ പെട്രോളിയം (എച്ച്പിസിഎൽ), ഭാരത് പെട്രോളിയം (ബിപിസിഎൽ) തുടങ്ങിയ ഇന്ത്യൻ കമ്പനികളും നിലവിൽ റഷ്യൻ കമ്പനികളുമായി പുതിയ കരാറിൽ ഏർപ്പെടുന്നതിൽനിന്ന് വിട്ടുനിൽക്കുകയാണ്.
എന്നാൽ, റോസ്നെഫ്റ്റിന് 49% ഓഹരി പങ്കാളിത്തമുള്ള നയാര എനർജി ഉൾപ്പെടെ 2 ഇന്ത്യൻ കമ്പനികൾ മാത്രം ഡിസംബറിലേക്കുള്ള ഇറക്കുമതിക്കായി റഷ്യൻ കമ്പനികളുമായി ഡീലുണ്ടാക്കിയെന്നും സൂചനയുണ്ട്. അതേസമയം, റഷ്യൻ എണ്ണയുടെ ഏറ്റവും വലിയ ഇറക്കുമതിക്കാരായ ചൈനയും ഇപ്പോൾ ബദൽ വഴികളാണ് തേടുന്നത്. ഈ മാസം റഷ്യയിൽ നിന്നുള്ള ചൈനയുടെ ഇറക്കുമതിയിൽ പ്രതിദിനം 8 ലക്ഷം ബാരലിന്റെ ഇടിവുണ്ടെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.
ഇതിനുപുറമേ, യുഎസ് ഉപരോധമുള്ള ഇറാന്റെ എണ്ണ വാങ്ങുന്നതും ചൈന കുറയ്ക്കുകയാണ്. നവംബറിൽ ഇറാനിയൻ എണ്ണ ഇറക്കുമതിയിൽ പ്രതീക്ഷിക്കുന്നത് 30% ഇടിവ്. റഷ്യൻ എണ്ണ വാങ്ങിയത് ചൈനയിലെ ഏറ്റവും പുതിയ എണ്ണക്കമ്പനിയായ ഷാൻഡോങ് യുലോങ്ങിന് യൂറോപ്യൻ യൂണിയനും യുകെയും ഉപരോധം പ്രഖ്യാപിച്ചിരുന്നു. ഈ കമ്പനിയുടെ ഇറക്കുമതിയിൽ പാതിയും റഷ്യയിൽ നിന്നായിരുന്നു.






