Alt Image
ഇന്ത്യ-യുഎസ് വ്യാപാര കരാർ: ലക്ഷ്യം അഞ്ച് വർഷംകൊണ്ട് 50,000 കോടി ഡോളറിന്റെ ഉഭയകക്ഷി വ്യാപാരംചെറുകിട സംരംഭങ്ങൾക്ക് വായ്പാ പരിധി ഉയർത്തിഇന്ത്യയിൽനിന്നുള്ള സമുദ്രോത്പന്ന കയറ്റുമതി ഇനി പുതിയ ഉയരങ്ങളിലെത്തുംറഷ്യൻ എണ്ണ വാങ്ങുന്നതിൽ നിന്ന് ഇന്ത്യൻ എണ്ണ കമ്പനികൾ പിന്മാറുന്നുവാട്ടർ മെട്രോ പദ്ധതികൾക്ക് 9,200 കോടി; കൊച്ചി മാതൃക രാജ്യത്തുടനീളം നടപ്പാക്കുന്നു

ഇന്ത്യ-യുഎസ് വ്യാപാര കരാർ: ലക്ഷ്യം അഞ്ച് വർഷംകൊണ്ട് 50,000 കോടി ഡോളറിന്റെ ഉഭയകക്ഷി വ്യാപാരം

മുംബൈ: ഇന്ത്യയും അമേരിക്കയും പ്രഖ്യാപിച്ച ഇടക്കാല വ്യാപാര ചട്ടക്കൂടനുസരിച്ച് തൊഴിൽകേന്ദ്രിത വ്യവസായങ്ങൾ ഉൾപ്പെടെ കയറ്റുമതിരംഗത്ത് ഒട്ടേറെ മേഖലകൾക്ക് വലിയ കരുത്തായി മാറും.

വജ്രം, നിറമുള്ള രത്‌നക്കല്ലുകൾ, ആഭരണം, സമുദ്രോത്പന്നങ്ങൾ, തുണി-വസ്ത്ര വ്യവസായം, വിമാനം, വ്യോമയാന ഘടകങ്ങൾ, ഡിജിറ്റൽ വ്യാപാരം, സാങ്കേതികവിദ്യകൾ, വാഹന ഘടകങ്ങൾ എന്നിവയാണ് ഇതിൽ പ്രധാനപ്പെട്ടവ. അഞ്ചുവർഷം കൊണ്ട് 50,000 കോടി ഡോളറിന്റെ ഉഭയകക്ഷി വ്യാപാരമാണ് ഇരുരാജ്യങ്ങളും ലക്ഷ്യമിടുന്നത്.

അതായത്, ഏകദേശം 45.29 ലക്ഷം കോടി രൂപ. വിപണികൾ പരസ്പരം തുറന്നുകൊടുത്ത്, തീരുവകളിൽ ഇളവുകൾ നൽകി, സുപ്രധാന മേഖലകളിൽ സുരക്ഷയൊരുക്കിയുള്ളതാണ് കരാറെന്ന് കേന്ദ്രസർക്കാർ പറയുന്നു.

നേട്ടമുണ്ടാകുന്ന പ്രധാന മേഖലകൾ

ആഭരണ-രത്‌ന മേഖല
അമേരിക്ക തീരുവ ഉയർത്തിയതുവഴി കടുത്ത പ്രതിസന്ധിയിലായിരുന്നു. വജ്ര-ആഭരണ നിർമാണരംഗത്തെ എട്ടുലക്ഷത്തോളം പേരുടെ തൊഴിൽ സംരക്ഷിക്കാൻ തീരുവ കുറയുന്നത് ഗുണകരമാകും. ഏറ്റവും വലിയ കയറ്റുമതിവിപണിയെന്ന നിലയിൽ അമേരിക്കയുടെ തീരുവ ഈ മേഖലയ്ക്ക് നിർണായകമാണ്. അമേരിക്കയിലേക്ക് വർഷം 997 കോടി ഡോളറിന്റെ (90,000 കോടി രൂപ) കയറ്റുമതി നടക്കുന്നു. ഉയർന്നതീരുവയിൽ നഷ്ടമായ വിപണി വീണ്ടെടുക്കാനായാൽ ഈ മേഖലയിൽ വലിയ കുതിപ്പാകും വരാനിരിക്കുന്നത്.

തുണി-വസ്ത്രം
അമേരിക്ക തീരുവ വർധിപ്പിച്ചതിനുശേഷം തിരുപ്പൂരിലെ വസ്ത്രനിർമാണമേഖലയിൽ 15,000 -20,000 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് കണക്കാക്കുന്നത്. ഇന്ത്യ-യൂറോപ്യൻ യൂണിയൻ വ്യാപാരക്കരാറിനു തൊട്ടുപിന്നാലെയാണ് അമേരിക്കയുമായും ഇന്ത്യ ധാരണയിലെത്തുന്നത്. ഇത് വസ്ത്രമേഖലയിലെ കയറ്റുമതി ഇരട്ടയക്കത്തിൽ വളരാൻ സഹായകമാകുമെന്നാണ് മേഖലയുടെ പ്രതീക്ഷ. 2030-ഓടെ ഇന്ത്യയിലെ വസ്ത്രക്കയറ്റുമതി 10,000 കോടി ഡോളറിലെത്തിക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്. നിലവിലിത് 3770 കോടി ഡോളറാണ്.

സമുദ്രോത്പന്നങ്ങൾ
കേരളം, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, ഒഡിഷ, മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങൾക്ക് ഗുണകരമാകും. വർഷം 270 കോടി ഡോളറിന്റേതാണ് (24,300 കോടി രൂപ) സമുദ്രോത്പന്ന കയറ്റുമതി. കേരളത്തിൽ നിന്നുൾപ്പെടെയുള്ള ചെമ്മീൻ കയറ്റുമതിയാണ് ഇതിൽ പ്രധാനം. മത്സ്യത്തൊഴിലാളികൾ, മീൻവളർത്തുന്നവർ, സംസ്‌കരിക്കുന്നവർ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായി വലിയൊരുവിഭാഗം തൊഴിലെടുക്കുന്ന മേഖല.

അമേരിക്ക 50 ശതമാനം തീരുവ കൊണ്ടുവന്നതോടെ പുതിയ വിപണി കണ്ടെത്താൻ ശ്രമം ഊർജിതമാക്കിയിരുന്നു. ചൈന, യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലുൾപ്പെടെ പുതിയ വിപണി കണ്ടെത്താനായി. ഇപ്പോൾ അമേരിക്കയുടെ തീരുവ 18 ശതമാനമാകുന്നത് മേഖലയ്ക്ക് ഇരട്ടി നേട്ടമാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

വിമാനം വ്യോമയാന ഘടകങ്ങൾ
വിമാനത്തിനും വിമാനഘടകങ്ങൾക്കും സുരക്ഷാകാരണങ്ങളുടെ പേരിൽ ഏർപ്പെടുത്തിയിരുന്ന തീരുവ ഒഴിവാകും. ഇത് ഇന്ത്യയിലെ വിമാനഘടക നിർമാണക്കമ്പനികൾക്ക് നേട്ടമാകും. വിമാന നിർമാണത്തിനാവശ്യമായ അലുമിനിയം, ഉരുക്ക്, ചെമ്പുപയോഗിച്ചുള്ള ഘടകങ്ങൾ എന്നിവയ്ക്ക് വിപണിയിൽ കൂടുതൽ മത്സരക്ഷമമാകുന്നതിനും കരാറിലെ നീക്കുപോക്കുകൾ സഹായകമാകും.

നേരത്തേ സുരക്ഷാ കാരണങ്ങളുടെപേരിൽ ഇന്ത്യൻ ഘടകങ്ങൾക്ക് അമേരിക്കയിൽ നിയന്ത്രണങ്ങളുണ്ടായിരുന്നു. ഇതിലും ഇളവുകൾ കരാറിന്റെ ഭാഗമായുൾപ്പെടുത്തിയിട്ടുണ്ട്.

സാങ്കേതികവിദ്യ-ഡിജിറ്റൽ വ്യാപാരം
ഗ്രാഫിക്‌സ് പ്രൊസസിങ് യൂണിറ്റ്, ഡേറ്റ സെന്റർ ഘടകങ്ങൾ എന്നിവയ്ക്കുള്ള സാങ്കേതികഘടകങ്ങൾ ഇന്ത്യക്കു നൽകാൻ അമേരിക്ക തയ്യാറാകുന്നു. ഇത് ഈ മേഖലകളിൽ സഹകരണം വർധിപ്പിക്കും. കൂടുതൽ നിക്ഷേപവുമെത്തും. ഇന്ത്യയിലെ ഐ.ടി. ഹാർഡ്വെയർ മേഖലയെ കൂടുതൽ കരുത്തുറ്റതാക്കാനും ഡിജിറ്റൽ വ്യാപാര ചട്ടങ്ങൾ ശക്തിപ്പെടുത്താനും ഇതു സഹായിച്ചേക്കും.

വാഹനഘടകങ്ങൾ
ഇന്ത്യയിൽനിന്നുള്ള വാഹനഘടകങ്ങൾക്ക് മുൻഗണനാടിസ്ഥാത്തിൽ തീരുവ നിരക്ക് ക്വാട്ട അനുവദിച്ചു. നേരത്തേ അമേരിക്കയുടെ ദേശീയസുരക്ഷാ തീരുവയാണ് അടിസ്ഥാനമായിരുന്നത്. ഇത് ഇന്ത്യയിലെ വാഹന ഘടകനിർമാതാക്കൾക്ക് അമേരിക്കയിൽ വ്യാപാരം വിപുലമാക്കാൻ സഹായിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

അധിക ഉത്പന്നങ്ങൾ എന്ത് ചെയ്യും
ഗ്രാമീണ കർഷകർക്കും ക്ഷീരകർഷകർക്കും കരാർ പരിപൂർണസംരക്ഷണം ഉറപ്പാക്കുന്നുവെന്ന് കേന്ദ്രം അവകാശപ്പെടുമ്പോഴും ഇന്ത്യൻ വിപണിയിൽ നികുതിയിളവ് ലഭിക്കുന്ന അമേരിക്കൻ കാർഷികോത്പന്നങ്ങളുടെ കൂട്ടത്തിൽ പറയുന്ന ‘അധിക ഉത്പന്നങ്ങൾ’ ഏതെന്നതിൽ ആശങ്കയുണ്ട്.

ചോളത്തിൽനിന്നുള്ള അവശിഷ്ട ഉത്പന്നങ്ങളുംമറ്റും ഇന്ത്യൻ കർഷകർക്ക് വലിയ ഭീഷണിയാവില്ലെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുമ്പോഴും അതിന്റെ കൂട്ടത്തിൽ ഉൾപ്പെടുത്തിയ ‘അധിക ഉത്പന്നങ്ങൾ’ ഏതെന്ന് വ്യക്തമാക്കിയിട്ടില്ല. അമേരിക്കയുടെ വിവിധ കാർഷികോത്പന്നങ്ങൾക്ക് ഇന്ത്യൻ വിപണി തുറന്നുകിട്ടുമെന്ന് യു.എസ്. നേരത്തേ അവകാശപ്പെട്ടിരുന്നു.

ചോളത്തിൽനിന്ന് എഥനോൾ നിർമിച്ചശേഷം പുറത്തുകളയുന്ന ഉപോത്പന്നമാണ് ഡി.ഡി.ജി.എസ്. ചോളം, അരി മുതലായവയുടെ അന്നജം പുളിപ്പിച്ച് എഥനോൾ ഉത്പാദിപ്പിച്ചശേഷം സംസ്‌കരിച്ച് വേർതിരിച്ചെടുക്കുന്ന അവശിഷ്ടങ്ങൾ ഉണക്കി അവയിൽനിന്ന് ലഭിക്കുന്ന ഉത്പന്നങ്ങളിൽ ധാരാളം മാംസ്യം അടങ്ങിയിട്ടുണ്ടാകും.

സോയാബീൻ, കടല, പരുത്തിക്കുരു, കടുക്, നെല്ല് മുതലായവയിൽനിന്ന് എണ്ണ വേർതിരിച്ചുമാറ്റിയശേഷം ഉണക്കിയെടുക്കുന്ന പിണ്ണാക്കും പൗൾട്രി കർഷകരുടെ ആശ്രയമാണ്. സോയാബീൻ പിണ്ണാക്കിനെക്കാൾ കുറഞ്ഞ വിലയ്ക്ക് ഡി.ഡി.ജി.എസ്. ഉത്പന്നങ്ങൾ ലഭിക്കും എന്നതിനാൽ ഇറക്കുമതി പൗൾട്രിമേഖലയിൽ ഗുണംചെയ്യുമെന്നും വാദമുണ്ട്.

ആഡംബര ബൈക്കുകൾ, കാറുകൾ കുതിക്കും
അമേരിക്കയിൽനിന്ന് ഇറക്കുമതി ചെയ്യുന്ന ആഡംബര ബൈക്കുകളുടെയും ഉന്നതശ്രേണിയിൽ വരുന്ന കാറുകളുടെയും ഇറക്കുമതിത്തീരുവ കുറയ്ക്കാൻ ഇടക്കാല വ്യാപാര ചട്ടക്കൂടിൽ ഇന്ത്യയുടെ ധാരണ. 800 സി.സി.ക്കും 1,600 സി.സി.ക്കും ഇടയിലുള്ള ബൈക്കുകൾക്ക് തീരുവ പൂർണമായി ഒഴിവാക്കും.

2000 സി.സി.ക്കു മുകളിലുള്ള ഡീസൽ കാറുകളുടെയും 3,000 സി.സി.ക്കു മുകളിലുള്ള പെട്രോൾ കാറുകളുടെയും ഇറക്കുമതിത്തീരുവ കുറയ്ക്കാനും ധാരണയായിട്ടുണ്ട്. അതേസമയം, ഇടക്കാല കരാറിൽ വൈദ്യുതവാഹനങ്ങൾ ഉൾപ്പെട്ടിട്ടില്ല.

അതായത്, കരാർ ഒപ്പുവെച്ചാൽ ആദ്യദിനംതന്നെ ഹാർലി ഡേവിസൺ ഉൾപ്പെടുന്ന അമേരിക്കൻ ആഡംബര മോട്ടോർസൈക്കിളിന്റെ ഇറക്കുമതിത്തീരുവ ഒഴിവാകും. 3000 സി.സി.ക്കുമുകളിൽ എൻജിൻശേഷിവരുന്ന കാറുകൾക്ക് ഇറക്കുമതിത്തീരുവ നിലവിലെ 110 ശതമാനത്തിൽനിന്ന് 30 ശതമാനമായി ഇന്ത്യ കുറയ്ക്കും.

എന്നാൽ എൻജിൻശേഷി കുറഞ്ഞ കാറുകൾക്ക് ഇളവുകൾ ഉണ്ടാകില്ല.

X
Top