
ന്യൂഡെല്‍ഹി: സ്ഥാപനങ്ങളുടെ വിദേശ ഉടമസ്ഥാവകാശ നിയമങ്ങള്‍ കര്‍ശനമാക്കാന്‍ ഇന്ത്യ പദ്ധതിയിടുന്നു. ഇ-കൊമേഴ്സ് മുതല്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് വരെയുള്ള ബിസിനസുകള്‍ക്ക് സാരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാവുന്നതാണ് നീക്കം. നിയമഭേദഗതി സംബന്ധിച്ച ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലെത്തിയിട്ടുണ്ട്.
വിദേശ നിക്ഷേപ നിയമങ്ങള്‍ പരമാവധി ലളിതമാക്കുന്നതിനും പഴുതുകള്‍ അടയ്ക്കുന്നതിനുമാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. വിദേശ ഉടമസ്ഥതയിലുള്ളതും നിയന്ത്രിതവുമായ സ്ഥാപനങ്ങള്‍ (എഫ്ഒസിഇ) എന്ന പുതിയ വിഭാഗം സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നു.
അതില്‍ പരോക്ഷ വിദേശ നിക്ഷേപം ഉള്ള ഇന്ത്യന്‍ സ്ഥാപനങ്ങളും ഉള്‍പ്പെടുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു.
നിയമ ഭേദഗതി നടപ്പിലാക്കിയാല്‍, ഒരു ആഭ്യന്തര പുനഃസംഘടനയോ ആന്തരിക കൈമാറ്റമോ പോലും വിദേശ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങള്‍ക്ക് എഫ്ഡിഐ ബാധ്യതകള്‍ക്ക് കാരണമാകുമെന്ന് വൃത്തങ്ങള്‍ പറഞ്ഞു.
ഇന്ത്യയ്ക്ക് പുറത്ത് താമസിക്കുന്ന വ്യക്തികള്‍ നിയന്ത്രിക്കുന്ന ഒരു ഇന്ത്യന്‍ കമ്പനിയോ നിക്ഷേപ ഫണ്ടോ ആയിട്ടാണ് ഒരു എഫ്ഒസിഇ നിര്‍വചിക്കപ്പെടുക. പരോക്ഷ ഉടമസ്ഥാവകാശം ഉള്‍ക്കൊള്ളുന്നതിനൊപ്പം, ഘടനയിലോ ഉടമസ്ഥതയിലോ മാറ്റങ്ങള്‍ വരുമ്പോള്‍ നേരിട്ട് ഉടമസ്ഥതയിലുള്ള വിദേശ സ്ഥാപനങ്ങളെ എഫ്ഡിഐ നിയമങ്ങള്‍ക്ക് വിധേയമാക്കുകയും ചെയ്യും.
പരോക്ഷ ഓഹരി പങ്കാളിത്തത്തിന്റെ ഏതൊരു കൈമാറ്റവും കമ്പനികള്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടിവരും. കൂടാതെ അതാത് മേഖലകളിലെ വിദേശ നിക്ഷേപ പരിധികള്‍ പാലിക്കേണ്ടതുണ്ട്.
വിദേശ നിക്ഷേപകര്‍ക്ക് ഇന്ത്യയുടെ എഫ്ഡിഐ നയത്തിന്റെ ഉദ്ദേശ്യം മറികടക്കാന്‍ കഴിയില്ലെന്ന് ഉറപ്പാക്കാനാണ് നിയമങ്ങളിലെ നിര്‍ദ്ദിഷ്ട പരിഷ്കരണം ലക്ഷ്യമിടുന്നതെന്ന് വൃത്തങ്ങള്‍ പറഞ്ഞു. വിഷയത്തില്‍ കേന്ദ്ര ധനമന്ത്രാലയവും റിസര്‍വ് ബാങ്കും ധാരണയില്‍ എത്തിയിട്ടുണ്ട്.
അയല്‍ക്കാര്‍ നോട്ടപ്പുള്ളികള്‍
അതിര്‍ത്തി സംഘര്‍ഷങ്ങള്‍ക്ക് ശേഷം 2020 മുതല്‍ ചൈന ഉള്‍പ്പെടെ കര അതിര്‍ത്തികള്‍ പങ്കിടുന്ന രാജ്യങ്ങളില്‍ നിന്നുള്ള നിക്ഷേപങ്ങള്‍ക്ക് ഇന്ത്യ മുന്‍കൂര്‍ സര്‍ക്കാര്‍ അനുമതി നിര്‍ബന്ധമാക്കിയിട്ടുണ്ട്.
പുതിയ എഫ്ഒസിഇ നിര്‍വചനം ചൈനയിലെയും മറ്റ് രാജ്യങ്ങളിലെയും വിദേശ നിക്ഷേപകര്‍ക്ക് ഓഫ്ഷോര്‍ നിക്ഷേപ ഫണ്ടുകള്‍ അല്ലെങ്കില്‍ ലെയേര്‍ഡ് ഇന്ത്യന്‍ സ്ഥാപനങ്ങള്‍ പോലുള്ള പരോക്ഷ ഘടനകള്‍ ഉപയോഗിച്ച് പിന്‍വാതിലിലൂടെ നിയന്ത്രിത മേഖലകളില്‍ പ്രവേശിക്കുന്നത് ബുദ്ധിമുട്ടാക്കുമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.