
ന്യൂഡല്‍ഹി: സൗന്ദര്യവര്‍ദ്ധക വസ്തുക്കളുടെ പരിശോധനയും ലേബലിംഗും ഉറപ്പാക്കാന്‍ ഇന്ത്യ നിയമങ്ങള്‍ കര്‍ശനമാക്കി. സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനും വ്യാജ ഉല്‍പ്പന്നങ്ങള്‍ പരിശോധിക്കുന്നതിനും വ്യാജ ഇനങ്ങള്‍ വ്യക്തമായി നിര്‍വചിക്കുന്നതിനുമാണ് ഇത്.
ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അവതരിപ്പിച്ച പുതിയ നിയമങ്ങള്‍ പാലിക്കപ്പെടാത്തപക്ഷം അത് ലൈസന്‍സ് റദ്ദാക്കലിലേക്ക് നയിക്കും. മാര്‍ക്കറ്റ് ചെയ്യപ്പെടുന്നതിന് മുന്‍പ് ഉത്പന്നങ്ങള്‍ കര്‍ശന പരിശോധനകള്‍ക്ക് വിധേയമാക്കണമെന്ന് നിയമം അനുശാസിക്കുന്നു.
ഇതിനായി ഒരു കേന്ദ്രീകൃത സൗന്ദര്യവര്‍ദ്ധക ലാബോറട്ടറി സ്ഥാപിക്കും. കൂടാതെ, ബാച്ച് കാലാവധി കഴിഞ്ഞതിന് ശേഷം മൂന്ന് വര്‍ഷത്തേക്കോ ആറ് മാസത്തേക്കോ, ഏതാണോ ആദ്യം അതുവരെ, എല്ലാ അസംസ്‌കൃത വസ്തുക്കളുടെയും നിര്‍മ്മിച്ച ബാച്ചുകളുടെയും വിശദമായ രേഖകള്‍ നിര്‍മ്മാതാക്കള്‍ സൂക്ഷിക്കേണ്ടതുണ്ട്. സുരക്ഷാ പ്രശ്നമുണ്ടായാല്‍ ഉല്‍പ്പന്നങ്ങള്‍ കണ്ടെത്താനുള്ള സൗകര്യത്തിന് വേണ്ടിയാണിത്.
കയറ്റുമതി ചെയ്യുന്ന സൗന്ദര്യവര്‍ദ്ധക വസ്തുക്കളുടെ ലേബലുകള്‍ ലക്ഷ്യസ്ഥാന രാജ്യത്തിന്റെ നിയമപരമായ മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് പുതിയ നിയന്ത്രണങ്ങള്‍ ആവശ്യപ്പെടുന്നു. ലൈസന്‍സിന്റെ അംഗീകാരം നിര്‍ത്തലാക്കുകയോ റദ്ദാക്കുകയോ ചെയ്യാനുള്ള അധികാരം ആദ്യമായി ഒരു സംസ്ഥാന ലൈസന്‍സിംഗ് അതോറിറ്റിയ്ക്ക് നല്‍കുന്നു എന്ന പ്രത്യേകതയുമുണ്ട്. എന്നാല്‍ കമ്പനികള്‍ക്ക് 90 ദിവസത്തിനകം തീരുമാനത്തിനെതിരെ അപ്പീല്‍ പോകാനാകും.
വ്യാജ വസ്തുക്കള്‍ക്കെതിരെ നടപടിയെടുക്കാനുള്ള സര്‍ക്കാരിന്റെ കഴിവിനെ ശക്തിപ്പെടുത്തുന്ന, നിയമത്തിലെ സെക്ഷന്‍ 17ഡി പ്രകാരം ‘വ്യാജ സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍’ പുനര്‍ നിര്‍വചിക്കപ്പെട്ടിരിക്കുന്നു. അത്തരം വസ്തുക്കള്‍ക്കെതിരെ നടപടിയെടുക്കുന്നതിന് നിയന്ത്രണ സ്ഥാപനങ്ങള്‍ക്ക് ശക്തമായ അടിത്തറ പുതിയ ഭേദഗതികള്‍ നല്‍കുന്നു.
അന്താരാഷ്ട്ര വ്യാപാരം സുഗമമാക്കാനും നിയമങ്ങള്‍ ശ്രമിക്കുന്നുണ്ട്. ”സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ കയറ്റുമതി ചെയ്യാന്‍ ഉദ്ദേശിച്ചുള്ളതാണ്. അതുകൊണ്ടുതന്നെ സൗന്ദര്യവര്‍ദ്ധക വസ്തുക്കളുടെ പാക്കേജും കണ്ടെന്റും കയറ്റുമതി ചെയ്യേണ്ട രാജ്യത്തെ നിയമം പാലിക്കണം,” വിജ്ഞാപനം ചൂണ്ടിക്കാട്ടി.
അതുപോലെ, ഇറക്കുമതിക്കാരന്‍ ആവശ്യപ്പെടുകയാണെങ്കില്‍ നിര്‍മ്മാതാവിന്റെ പേരും വിലാസവും തിരിച്ചറിയാനായി ഒരു കോഡ് നമ്പര്‍ അനുവദിക്കേണ്ടതുണ്ട്.
സുരക്ഷിതമല്ലാത്തതും വ്യാജവുമായ സൗന്ദര്യവര്‍ദ്ധക ഉല്‍പ്പന്നങ്ങളില്‍ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനാണ് ഈ മാറ്റങ്ങള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. അതേസമയം നിയന്ത്രണ ചട്ടക്കൂട് ശക്തിപ്പെടുത്തുകയും ചെയ്യുന്നു.
ലോറിയല്‍ ഇന്ത്യയുടെ വക്താവ് പറയുന്നതനുസരിച്ച്, പുതുക്കിയ സൗന്ദര്യവര്‍ദ്ധക നിയന്ത്രണങ്ങള്‍ വ്യക്തതയും നിയമം പാലിക്കേണ്ടതിന്റെ ആവശ്യകതയും വര്‍ദ്ധിപ്പിക്കുന്നു, ”…പ്രത്യേകിച്ച് കയറ്റുമതി ലേബലിംഗിനുള്ള വ്യവസ്ഥ. ഇത് അന്താരാഷ്ട്ര വ്യാപാരത്തെ ഗണ്യമായി സുഗമമാക്കും.
ഇന്ത്യ ബ്രാന്‍ഡ് ഇക്വിറ്റി ഫൗണ്ടേഷന്റെ കണക്കനുസരിച്ച് ഇന്ത്യയുടെ സൗന്ദര്യവര്‍ദ്ധക വിപണി 20 ബില്യണ്‍ ഡോളറിന്റേതാണ്. വാര്‍ഷിക വളര്‍ച്ച 25 ശതമാനം. അതേസമയം നിയന്ത്രണത്തിന്റെ അഭാവം വ്യവസായത്തിന്റെ പ്രധാന പോരായ്മയാണ്.
പുതിയ ബ്രാന്റുകള്‍ കൂണുപോലെ പെരുകകയും സെലിബ്രിറ്റികളെയും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍മാരേയും ഉപയോഗിച്ച് അയഥാര്‍ത്ഥമായ അവകാശവാദങ്ങള്‍ ഇവ നടത്തുകയും ചെയ്യുന്നു. ഈ പ്രവണതയുടെ വെളിച്ചെത്തിലാണ് പുതിയ നിയമങ്ങള്‍.
ബന്ധപ്പെട്ട കക്ഷികളുമായും ഡ്രഗ്‌സ് ടെക്‌നിക്കല്‍ അഡൈ്വസറി ബോര്‍ഡുമായുമുള്ള കൂടിയാലോചനകള്‍ക്ക് ശേഷം നിയമത്തിന്റെ വിജ്ഞാപനം നടക്കും.






