
മുംബൈ: അമേരിക്കന്‍ ഭീഷണിയെ വകവെയ്ക്കാതെ ഇന്ത്യ റഷ്യയില്‍ നിന്നും എണ്ണ ഇറക്കുമതി തുടരും. സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ദരിച്ച് റോയിട്ടേഴ്‌സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നത് തുടരുന്ന പക്ഷം ഇന്ത്യയ്ക്ക് മേല്‍ പിഴ ചുമത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ് ഭീഷണിപ്പെടുത്തിയിരുന്നു. ഇന്ത്യയ്ക്ക് മേല്‍ ചുമത്തിയ 25 ശതമാനം ഇറക്കുമതി ചുങ്കത്തിന് പുറമെയാണിത്.
എന്നാല്‍ റഷ്യയുമായി ദീര്‍ഘകാല കരാറാണുള്ളതെന്നും ഒരു രാത്രികൊണ്ട് അത് അവസാനിപ്പിക്കാനാകില്ലെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. മാത്രമല്ല, അന്തര്‍ദ്ദേശീയ വിപണിയിലെ ക്രൂഡ് ഓയില്‍ വിലക്കയറ്റത്തെ പ്രതിരോധിക്കാന്‍ ഇന്ത്യയെ സഹായിച്ചത് റഷ്യയില്‍ നിന്നുള്ള വിലകുറഞ്ഞ എണ്ണയാണ്.
പാശ്ചാത്യ ഉപരോധം നിലനില്‍ക്കുന്നുണ്ടെങ്കിലും റഷ്യ കുറഞ്ഞ വിലയിലാണ് ഇന്ത്യയിലേയ്ക്ക് ക്രൂഡ് ഓയില്‍ കയറ്റുമതി ചെയ്യുന്നത്. പാശ്ചാത്യ രാഷ്ട്രങ്ങള്‍ റഷ്യന്‍ എണ്ണയ്ക്ക് നിശ്ചയിച്ച വില പരിധി ഇന്ത്യയ്ക്ക് ബാധകമല്ലെന്ന് ഇവര്‍ പറയുന്നു.
ഇന്ത്യ റഷ്യന്‍ എണ്ണ ഇറക്കുമതി തുടരുമെന്ന് ന്യൂയോര്‍ക്ക് ടൈംസും റിപ്പോര്‍ട്ട്് ചെയ്തു. റഷ്യയുമായി ഇന്ത്യയ്ക്ക് സുസ്ഥിരവും കാലാതീതവുമായ ബന്ധമാണുള്ളതെന്ന് വിദേശ കാര്യ വക്താവ് രന്ധിര്‍ ജയ്‌സ്വാള്‍ വെള്ളിയാഴ്ച പറഞ്ഞു.
അതേസമയം വൈറ്റ് ഹൗസ് ഇക്കാര്യത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.