
ന്യൂഡല്‍ഹി: അന്‍പത് വര്‍ഷത്തിനിടെ ആദ്യമായി ഗാര്‍ഹിക വരുമാന സര്‍വേ നടത്താനൊരുങ്ങുകയാണ് രാജ്യം. ഇന്ത്യന്‍ കുടംബങ്ങളുടെ സമ്പാദ്യം, സ്രോതസ്സ് എന്നിവയെക്കുറിച്ചുള്ള വിശദ വിവരങ്ങള്‍ സര്‍വ്വേ ശേഖരിക്കും. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസിന്റെ (എന്‍എസ്ഒ) ആഭിമുഖ്യത്തില്‍ അടുത്തവര്‍ഷമായിരിക്കും സര്‍വ്വേ.
1970 കള്‍ക്ക് ശേഷം ഒരു സമര്‍പ്പിത സര്‍വേയിലൂടെ സര്‍ക്കാര്‍ നേരിട്ട് ഗാര്‍ഹിക വരുമാനം അളക്കുന്നത് ഇതാദ്യമാണ്. മുന്‍ ദേശീയ സര്‍വേകള്‍ പ്രധാനമായും ഉപഭോഗ രീതികളിലും തൊഴില്‍ നിലയിലുമാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. വരുമാന നിലവാരത്തിലല്ല. ഈ വിടവ് നികത്തുന്നതിനും സാമ്പത്തിക ക്ഷേമത്തിന്റെ വ്യക്തമായ ചിത്രം സംഘടിപ്പിക്കുന്നതിനും പുതിയ സര്‍വ്വേ ഉപകാരപ്പെടും.
പ്രീ-ടെസ്റ്റിംഗ് റിപ്പോര്‍ട്ട് അനുസരിച്ച്, സാമൂഹിക സഹായ ആനുകൂല്യങ്ങളെക്കുറിച്ചുള്ള ഒരു പ്രത്യേക വിഭാഗം ചോദ്യാവലിയിലുണ്ട്. പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി, ദേശീയ സാമൂഹിക സഹായ പദ്ധതി,ലാഡ്ലി ബെഹ്ന യോജന, ഗൃഹ ലക്ഷ്മി, കലൈഞ്ജര്‍ മഗലിര്‍ ഉരിമൈ തിട്ടം തുടങ്ങിയ ദേശീയ സംംസ്ഥാനതല പദ്ധതികളെക്കുറിച്ചാണിത്.
ഈ ക്ഷേമ പദ്ധതികള്‍ ഗാര്‍ഹിക വരുമാനത്തിന് എത്രത്തോളം സംഭാവന നല്‍കുന്നുവെന്നും അവ ഉദ്ദേശിച്ച ഗുണഭോക്താക്കളിലേക്ക് എത്തുന്നുണ്ടോ എന്നും സര്‍വ്വേ വിലയിരുത്തും. ക്ഷേമ പദ്ധതികളുടെ രൂപകല്‍പ്പനയും ലക്ഷ്യവും മെച്ചപ്പെടുത്താന്‍ ഡാറ്റ സഹായിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. വരുമാന അസമത്വം, വിതരണം എന്നിവയെക്കുറിച്ചറിയുകയും ലക്ഷ്യമാണ്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളില്‍ നിന്നുള്ള പണ കൈമാറ്റങ്ങളും ക്ഷേമ പിന്തുണയും ഇത് ട്രാക്ക് ചെയ്യുന്നു.
ഇന്ത്യയുടെ സ്ഥിതിവിവരക്കണക്ക് ശേഷിയിലേയ്ക്കും ക്ഷേമ നയങ്ങളുടെ യഥാര്‍ത്ഥ സ്വാധീനം വിലയിരുത്താനുള്ള കഴിവിലേയ്ക്കും സര്‍വ്വേ വെളിച്ചം വീശും.