
ന്യൂഡല്‍ഹി: യുബിഎസ് ഗ്ലോബല്‍ റിസര്‍ച്ചിന്റെ അനുമാനപ്രകാരം ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനം (ജിഡിപി) വളര്‍ച്ച നടപ്പ് സാമ്പത്തികവര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 7.4 ശതമാനമായി ഉയരും. മുന്‍വര്‍ഷത്തെ സമാന കാലയളവില്‍ ഇത് 5.8 ശതമാനമായിരുന്നു. എങ്കിലും മൊത്തം വര്‍ഷത്തെ ജിഡിപി വളര്‍ച്ച 6.8 ശതമാനത്തിലൊതുങ്ങും. രണ്ടാംപകുതി വളര്‍ച്ച 6.3 ശതമാനമായി ചുരുങ്ങുന്നതോടെയാണിത്.
യുഎസ് തീരുവകളുടെ ആഘാതം ജിഎസ്ടി (ചരക്ക് സേവന നികുതി) പരിഷ്‌ക്കരണത്തിന്റെ ഗുണങ്ങളെ ഒരു പരിധിവരെ ഇല്ലാതാക്കുമെന്ന് ഗവേഷണ സ്ഥാപനം റിപ്പോര്‍ട്ടില്‍ പറഞ്ഞു. ആഭ്യന്തര ഡിമാന്റ്, നികുതി പരിഷ്‌ക്കരണം, കേന്ദ്രസര്‍ക്കാറിന്റെ മൂലധന ചെലവ്, ആര്‍ബിഐ പണനയം എന്നിവയാണ് വളര്‍ച്ച ഉറപ്പുവരുത്തുന്ന ഘടകങ്ങള്‍.
നോമിനല്‍ ജിഡിപി 2020 ന് ശേഷമുള്ള കുറഞ്ഞ നിരക്കായ 8.5 ശതമാനമാകുമെന്നും യുബിഎസ് പ്രവചിച്ചു. കുടുബങ്ങളുടെ ഉപഭോഗം 2026-27 സാമ്പത്തികവര്‍ഷത്തില്‍ 70 ബില്യണ്‍ ഡോളറായി ഉയരും.ഗ്രാമീണ ഉപഭോഗം ഇതിനോടകം മെച്ചപ്പെട്ടിട്ടുണ്ട്.
മികച്ച വിളവെടുപ്പ്, ജിഎസ്ടി പരിഷ്‌ക്കരണം, ആദായ നികുതി പരിഷ്‌ക്കരണം, ഉയര്‍ന്ന താങ്ങുവില എന്നിവ കാരണമാണിത്. ചില്ലറ പണപ്പെരുപ്പം എക്കാലത്തേയും താഴ്ന്ന നിരക്കായ 2.4 ശതമാനത്തിലൊതുങ്ങുമെന്നും യുബിഎസ് പ്രവചിച്ചു. ഭക്ഷ്യവിലയിലെ കുറവാണ് മൊത്തം പണപ്പെരുപ്പത്തില്‍ പ്രതിഫലിക്കുക.






