
ന്യൂഡല്‍ഹി: വിദേശ നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനായി വിവിധ മന്ത്രാലയങ്ങള്‍ ഏകോപിത കര്‍മ്മ പദ്ധതി ആവിഷ്‌ക്കരിക്കുന്നു. നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്ഡിഐ) മെയ് മാസത്തില്‍ 98.4 ശതമാനം വാര്‍ഷിക ഇടിവ് രേഖപ്പെടുത്തിയതിനെ തുടര്‍ന്നാണിത്.
ധനകാര്യ മന്ത്രാലയവും വ്യവസായ, ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പും (ഡിപിഐഐടി) ചേര്‍ന്ന് സംരഭത്തിന് നേതൃത്വം നല്‍കും. വിവിധ മേഖലാ മന്ത്രാലയങ്ങളുടെ പങ്കാളിത്തം ഇവര്‍ ഉറപ്പുവരുത്തും.
ആഗോള നിക്ഷേപകരുടെ ആശങ്കകള്‍ പരിഹരിക്കുക, അവരുമായി പതിവായി ചര്‍ച്ചകള്‍ സംഘടിപ്പിക്കുക, പ്രക്രിയകള്‍ കൂടുല്‍ ലളിതമാക്കുക, എഫ്ഡിഐ നിയമങ്ങള്‍ ലഘൂകരിക്കുക എന്നിവ പദ്ധതിയുടെ ഭാഗമാണ്.
ദീര്‍ഘകാലത്തേയ്ക്കുള്ള നിക്ഷേപ ലക്ഷ്യസ്ഥാനമെന്ന നിലയില്‍ ഇന്ത്യ അതിന്റെ പദവി നിലനിര്‍ത്തേണ്ടതുണ്ടെന്ന് സര്‍ക്കാര്‍ തിരിച്ചറിയുന്നു. മാത്രമല്ല, ആഗോള നിക്ഷേപകരുടെ മുന്‍ഗണനാ പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം വീണ്ടും ഉറപ്പിക്കുന്നതിനുള്ള പദ്ധതികള്‍ ആവിഷ്‌ക്കരിക്കുകയും വേണം.
2024 മെയ് മാസത്തില്‍ 2.2 ബില്യണ്‍ ഡോളറായിരുന്ന അറ്റ എഫ്ഡിഐ ഒഴുക്ക് മെയ് മാസത്തില്‍ 0.04 ബില്യണ്‍ ഡോളറായി കുറഞ്ഞിരുന്നു. അതേസമയം ഈ കാലയളവില്‍ പുറത്തേക്കുള്ള എഫ്ഡിഐ 16 ശതമാനത്തിലധികം ഉയര്‍ന്ന് 2.1 ബില്യണ്‍ ഡോളറായി.
ഐപിഒ നിക്ഷേപങ്ങള്‍ വിറ്റഴിച്ച് വിദേശ നിക്ഷേപകര്‍ ലാഭമെടുത്തതാണ് കാരണം. ഹ്യൂണ്ടായ് മോട്ടോര്‍ പോലുള്ള വന്‍ ഐപിഒകളിലെ നിക്ഷേപം പിന്‍വലിക്കപ്പെട്ടു.