
ന്യൂഡൽഹി: പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി കേന്ദ്രസർക്കാരിൽ നിന്ന് കൂടുതൽ ഇളവുകളും വമ്പൻ പ്രഖ്യാപനങ്ങളും ഉണ്ടാകുമെന്ന് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് സിഎൻബിസിടിവി18 റിപ്പോർട്ട് ചെയ്യുന്നു.
കുറച്ച് പ്രഖ്യാപനങ്ങൾ ഇതിനകം നടത്തിയിട്ടുണ്ടെങ്കിലും, പരിഗണനയിലുള്ള നിരവധി അധിക നിർദ്ദേശങ്ങൾ ഡിസംബറിൽ പ്രഖ്യാപിക്കുകയൂം അടുത്ത വർഷത്തെ ഇടക്കാല ബജറ്റിലേക്ക് ഉൾപ്പെടുത്തുകയും ചെയ്‌തേക്കും.
ഗവൺമെന്റിന്റെ സാമ്പത്തിക സ്ഥിതി നിലവിൽ സന്തുലിതമാണ്, നികുതി ഇളവുകളും ഫലപ്രദമായ ചെലവ് മാനേജ്മെന്റും അപ്രതീക്ഷിത സാഹചര്യങ്ങൾ നേരിടാനുള്ള സാമ്പത്തിക ശക്തി നിലനിർത്താൻ അതിനെ പ്രാപ്തമാക്കുന്നു.
പ്രഖ്യാപനങ്ങളുടെ ഏറ്റവും പുതിയ പരമ്പരയിൽ, പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന എന്നറിയപ്പെടുന്ന സൗജന്യ ഭക്ഷ്യധാന്യ പദ്ധതി 5 വർഷത്തേക്ക് നീട്ടാൻ സർക്കാർ തീരുമാനിച്ചു.
കൂടാതെ, സംസ്ഥാന തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പിനായി, ആദ്യം എണ്ണ വിപണന കമ്പനികളുടെ വില കുറച്ചതിലൂടെയും രണ്ടാമത് ഉജ്വല സബ്‌സിഡി വർദ്ധിപ്പിച്ചുകൊണ്ടും സർക്കാർ എൽപിജി വില രണ്ട് ഘട്ടങ്ങളായി കുറച്ചു.
നഗരവാസികൾക്കായി പുതിയ ഭവന വായ്പ സബ്‌സിഡി പദ്ധതി ആവിഷ്‌കരിക്കാനും സർക്കാർ ഉദ്ദേശിക്കുന്നുണ്ട്, ഇത് ക്യാബിനറ്റ് അംഗീകാരത്തിനുള്ള പരിഗണനയിലാണ്.
ഇതിനുമുപരി വോട്ട് ഉറപ്പിക്കുവാൻ സഹായിക്കുന്ന വിധത്തിൽ ചില സുപ്രധാന തീരുമാനങ്ങളും പ്രഖ്യാപനങ്ങളും തിരഞ്ഞെടുപ്പിന് മുന്നോടിയായി ഉണ്ടായേക്കുമെന്നാണ് ലഭ്യമാകുന്ന സൂചനകൾ.
ഈ സാമ്പത്തിക വർഷം ഇതുവരെ, ഗ്രാമീണ വികസനം, റെയിൽവേ, റോഡ് & ഹൈവേകൾ, ഭക്ഷ്യ-വളം വകുപ്പുകൾ എന്നിവയുൾപ്പെടെ ചില മന്ത്രാലയങ്ങളുടെ ചെലവ് മുൻ സാമ്പത്തിക വർഷത്തേക്കാൾ മന്ദഗതിയിലാണുള്ളത്.
സാമ്പത്തിക വർഷത്തിന്റെ രണ്ടാം പകുതിയിൽ ഗവൺമെന്റ് ചെലവുകൾ വർദ്ധിക്കുമെന്ന് ധനമന്ത്രാലയം പ്രതീക്ഷിക്കുന്നു.






