
ന്യൂഡല്‍ഹി: ഏകദേശം 10,000 കോടി രൂപയുടെ റഷ്യന്‍ മിസൈലുകള്‍ വാങ്ങാന്‍ തയ്യാറെടുക്കുകയാണ് ഇന്ത്യ. എസ്്-400 വ്യോമ പ്രതിരോധ സംവിധാനത്തിന്റെ കരുത്ത് വര്‍ദ്ധിപ്പിക്കുന്നതിനാണിത്. സുദര്‍ശന്‍ എസ്-400 ശത്രുവിമാനങ്ങള്‍, ഡ്രോണുകള്‍, ബാലിസ്റ്റിക് മൈസൈലുകള്‍ എന്നിവ കണ്ടെത്താനും ട്രാക്ക് ചെയ്യാനും നശിപ്പിക്കാനും രൂപകല്‍പന ചെയ്ത ദീര്‍ഘദൂര ഉപരിതല-വിമാന മിസൈല്‍ പ്ലാറ്റ്ഫോമാണ്. ലോകത്തെ നൂതനമായ വ്യോമ പ്രതിരോധ സംവിധാനങ്ങളിലൊന്ന്.
എസ്-400 സിസ്റ്റത്തിന്റെ മൂന്ന് സ്‌ക്വാഡ്രണുകളാണ് ഇന്ത്യന്‍ വ്യോമസേന (ഐഎഎഫ്) ഉള്‍പ്പെടുത്തിയിട്ടുള്ളത്. 2018 ല്‍ റഷ്യയുമായി ഒപ്പുവച്ച 39,000 കോടി രൂപയുടെ കരാറിന്റെ ഭാഗമായാണ് ഇത്. ബാക്കിയുള്ള രണ്ട് സ്‌ക്വാഡ്രണുകള്‍ നല്‍കാന്‍ ഇന്ത്യ ഇപ്പോള്‍ റഷ്യയോടഭ്യര്‍ത്ഥിക്കുന്നു. ഒരു സ്‌ക്വാഡ്രണില്‍ സാധാരണയായി ഒന്നിലധികം ലോഞ്ചറുകള്‍, റഡാര്‍ യൂണിറ്റുകള്‍, കമാന്‍ഡ് വാഹനങ്ങള്‍ എന്നിവയാണുള്‍പ്പെടുന്നത്.
ഈ സ്‌ക്വാഡ്രണുകളില്‍ മിസൈല്‍ നിറയ്ക്കുന്നതിനാണ് പുതിയ കരാര്‍. ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ എസ്-400 ഫലപ്രദമായി ഉപയോഗിച്ചിരുന്നു. വ്യോമപ്രതിരോധ തന്ത്രത്തിലെ ഗെയിം ചെയ്ഞ്ചര്‍ എന്നാണ് ഐഎഎഫ് എസ്-400 നെ വിശേഷിപ്പിച്ചത്.
മന്ത്രാലയത്തിലെ ഏറ്റവും ഉയര്‍ന്ന തീരുമാനമെടുക്കല്‍ സ്ഥാപനമായ ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍, ഒക്ടോബര്‍ 23 ന് നടക്കാനിരിക്കുന്ന യോഗത്തില്‍ മിസൈല്‍ സംഭരണ നിര്‍ദ്ദേശം അംഗീകരിക്കും.
ലഭ്യമായ റിപ്പോര്‍ട്ടുകള്‍ പ്രകാരം, നിലവിലത്തേത് റഷ്യയില്‍ നിന്നുള്ള നേരിട്ടുള്ള ഇറക്കുമതിയാണ്. എസ്-400 ന്റെ മുന്‍ ഘടകങ്ങളില്‍ പ്രാദേശിക അസംബ്ലിംഗിനും ഉത്പാദനത്തിനുമുള്ള വ്യവസ്ഥകളും ഉള്‍പ്പെട്ടിരുന്നു. 2018 ലെ കരാര്‍ പ്രകാരം അഞ്ച് എസ്-400 യൂണിറ്റുകള്‍ സാങ്കേതിക വിദ്യാ കൈമാറ്റ റൂട്ട് പ്രകാരം സ്വകാര്യ കമ്പനികള്‍ക്ക് ഇന്ത്യയില്‍ നിര്‍മ്മിക്കാം.
ഭാവിയിലെ നവീകരണങ്ങളില്‍ ആഭ്യന്തര പങ്കാളിത്തം ഉള്‍പ്പെടുത്താന്‍ പ്രതിരോധ ഏറ്റെടുക്കല്‍ കൗണ്‍സില്‍ തീരുമാനിച്ചാല്‍, ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് (ബിഇഎല്‍), ലാര്‍സന്‍ & ടൂബ്രോ (എല്‍ & ടി), മറ്റ് സ്വകാര്യ പ്രതിരോധ കരാറുകാര്‍ എന്നിവര്‍ക്ക് പ്രയോജനം ലഭിക്കും.