
ബെംഗളൂരു: ഇന്ത്യൻ ബഹിരാകാശ ചരിത്രത്തിൽ പുത്തന്‍ അധ്യായത്തിന് തുടക്കം. പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയില്‍ (പിപിപി) 12 ഉപഗ്രഹങ്ങളടങ്ങുന്ന ഭൗമനിരീക്ഷണ സാറ്റ്‌ലൈറ്റ് ശ്യംഖല രൂപകല്‍പന ചെയ്യാനും നിര്‍മ്മിക്കാനും പ്രവര്‍ത്തിപ്പിക്കാനും സ്വകാര്യ കണ്‍സോര്‍ഷ്യത്തിന് അനുമതി ലഭിച്ചു.
ആകെ 1200 കോടി രൂപയുടേതാണ് കരാര്‍. പിക്സൽ സ്പേസ് നേതൃത്വം നൽകുന്ന കൺസോർഷ്യത്തിനാണ് ഉപഗ്രഹ നിര്‍മ്മാണത്തിനും വിന്യാസത്തിനും പിപിപി മോഡലില്‍ ഇന്‍സ്‌പേസ് അനുമതി നല്‍കിയിരിക്കുന്നത്. ഇതാദ്യമായാണ് രാജ്യത്ത് പൊതു-സ്വകാര്യ പങ്കാളിത്തത്തിൽ ഭൗമനിരീക്ഷണ ഉപഗ്രഹങ്ങൾ നിർമ്മിക്കുന്നത്.
പിക്സൽ സ്പേസ്, പിയർസൈറ്റ് സ്പേസ്, സാറ്റ്ഷുവർ, ധ്രുവ സ്പേസ് എന്നീ കമ്പനികൾ ചേർന്ന കൺസോർഷ്യമാണ് ഭൗമനിരീക്ഷണ ഉപഗ്രഹ ശൃംഖലയ്ക്ക് ഇന്‍സ്‌പേസില്‍ നിന്ന് കരാര്‍ നേടിയിരിക്കുന്നത്. അഞ്ച് വർഷം കൊണ്ട് ഉപഗ്രഹ ശൃംഖല പൂർത്തിയാക്കാന്‍ ലക്ഷ്യമിടുന്നു.
ലോകോത്തര നിലവാരത്തിലുള്ള ഭൗമനിരീക്ഷണ ഉപഗ്രഹങ്ങൾ യാഥാർഥ്യമാക്കുക സ്വകാര്യ പങ്കാളിത്തത്തിലൂടെ ഇന്‍സ്‌പേസ് ലക്ഷ്യമിടുന്നു. പിപിപി മാതൃക ബഹിരാകാശ രംഗത്ത് ഇന്ത്യൻ സ്വകാര്യ മേഖലയുടെ വളർച്ചയ്ക്ക് സഹായിക്കുമെന്ന് ഇൻസ്പേസ് മേധാവി വ്യക്തമാക്കി.
ഇന്ത്യൻ സ്വകാര്യ ബഹിരാകാശ കമ്പനികളുടെ കെൽപ്പ് തെളിയിക്കുന്ന കരാറാണ് ഇതെന്ന് പവൻ ഗോയങ്ക പറഞ്ഞു. നാളിതുവരെ ഐഎസ്ആര്‍ഒ മാത്രമാണ് രാജ്യ ആവശ്യത്തിനായി ഉപഗ്രഹങ്ങൾ നിർമ്മിച്ചിരുന്നത്.
12 കൃത്രിമ ഉപഗ്രഹങ്ങളുടെ ശൃംഖല സ്ഥാപിക്കുന്നതിനായി പദ്ധതിക്ക് കീഴില്‍ അടുത്ത നാലഞ്ച് വര്‍ഷങ്ങള്‍ കൊണ്ട് കണ്‍സോര്‍ഷ്യം 1500 കോടിയിലേറെ രൂപ നിക്ഷേപിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യയുടെ ഡാറ്റാ സ്വയംപര്യാപ്‌തതയും വിദേശ ആശ്രയത്വം കുറയ്ക്കലും ഇതിലൂടെ ലക്ഷ്യമിടുന്നു.
പദ്ധതിക്ക് കീഴില്‍ വരുന്ന ഭൗമനിരീക്ഷണ ഉപഗ്രഹങ്ങള്‍ പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മ്മിച്ച് ഇന്ത്യന്‍ റോക്കറ്റുകള്‍ ഉപയോഗിച്ച് രാജ്യത്ത് നിന്നുതന്നെ വിക്ഷേപിക്കുന്നവയായിരിക്കും.
പിക്സൽ സ്പേസ് നേതൃത്വം നൽകുന്ന കൺസോർഷ്യത്തിന് നല്‍കിയിരിക്കുന്ന കരാര്‍, സ്വകാര്യ മേഖലയുടെ സാന്നിധ്യം കൊണ്ട് ഇന്ത്യയുടെ ബഹിരാകാശ പദ്ധതികളില്‍ ഒരു ചരിത്ര വഴിത്തിരിവാകും.