
ന്യൂഡൽഹി: അമേരിക്കയിലേക്ക് ഇന്ത്യ കുറഞ്ഞവിലയുള്ള അരി കൊണ്ടുവന്ന് തള്ളുകയാണെന്ന (ഡംപിങ്) പ്രസിഡന്റ് ട്രംപിന്റെ വാദം തള്ളി കേന്ദ്രസർക്കാർ. ഇന്ത്യൻ അരിക്കുമേൽ അധിക തീരുവ ഏർപ്പെടുത്തുമെന്നും ട്രംപ് പറഞ്ഞിരുന്നു.
ഇന്ത്യ പ്രധാനമായും അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്നത് പ്രീമിയം ഗ്രേഡ് ബസ്മതി അരിയാണെന്നും മറ്റ് അരിയിനങ്ങളേക്കാൾ അതിനു വില കൂടുതലാണെന്നും കേന്ദ്രം വ്യക്തമാക്കി. അതുകൊണ്ടുതന്നെ, ‘അരി തള്ളൽ’ എന്ന ട്രംപിന്റെ വാദത്തിന് പ്രഥമദൃഷ്ട്യാ കഴമ്പില്ല. അമേരിക്ക ഇന്നുവരെ ഇന്ത്യൻ അരിക്കുമേൽ ‘ആന്റി-ഡംപിങ്) നടപടിയൊന്നും എടുത്തിട്ടില്ലെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി.
നിലവിൽതന്നെ യുഎസിലേക്കുള്ള ഇന്ത്യൻ ഉൽപന്നങ്ങൾക്ക് ട്രംപ് 50% തീരുവ ചുമത്തിയിട്ടുണ്ട്. ഇതിനുപുറമേയാണ് അരിക്ക് അധിക തീരുവ ഏർപ്പെടുത്തുമെന്ന ഭീഷണി. ലോകത്തെ ഏറ്റവും വലിയ അരി കയറ്റുമതി രാജ്യമാണ് ഇന്ത്യ. 2024-25ൽ 20.2 മില്യൻ മെട്രിക് ടൺ ആണ് കയറ്റുമതി. ഇതിൽ 3.35 ലക്ഷം ടണ്ണും അമേരിക്കയിലേക്കായിരുന്നു.
അമേരിക്കയിലേക്കു പോയ അരിയിൽ 2.74 ലക്ഷം ടണ്ണും ബസ്മതിയാണ്. 50% തീരുവ ഉണ്ടായിട്ടും 80% അരിക്കും അമേരിക്ക ഇപ്പോഴും ഇന്ത്യയെയാണ് ആശ്രയിക്കുന്നതെന്ന് ഓർക്കണമെന്ന് വ്യാപാര ചർച്ചകളിൽ ഇന്ത്യൻ സംഘം അമേരിക്കൻ പ്രതിനിധികളോട് പറഞ്ഞിരുന്നു.






