
മുംബൈ: ഇന്ത്യന്‍ കയറ്റുമതിക്കാര്‍ക്ക് നേരിട്ടു സബ്‌സിഡി നല്‍കുന്ന കാര്യം പരിഗണനയിലില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ് ഇന്ത്യയ്‌ക്കെതിരെ ചുമത്തിയ 25 ശതമാനം തീരുവയുടെ പശ്ചാത്തലത്തിലാണിത്. അതേസമയം വ്യവസായങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള ബദല്‍ നടപടികള്‍ തേടും.
കയറ്റുമതിക്കാര്‍ക്കുള്ള വായ്പകള്‍ നല്‍കുമ്പോള്‍ റിസ്‌ക്ക് അസസ്‌മെന്റ്, ക്രെഡിറ്റ് റേറ്റിംഗ് മോഡലുകള്‍ പരിഷ്‌ക്കരിക്കണമെന്ന് വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ ബാങ്കുകളോടാവശ്യപ്പെട്ടു. വായ്പാ ചെലവ് കുറക്കുന്നതിനാണിത്.
എംഎസ്എംഇകള്‍ക്കുള്ള ഉത്പന്ന പരിശോധന, സര്‍ട്ടിഫിക്കേഷന്‍ ചാര്‍ജ്ജുകള്‍ കുറയ്ക്കുന്നത് കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കും. പുതിയ താരിഫ് സംവിധാനം ഇന്ത്യന്‍ കയറ്റുമതിക്കാര്‍ക്ക് പ്രതിവര്‍ഷം 34,000 കോടി രൂപ വരെ നഷ്ടമുണ്ടാക്കുമെന്ന് ഗോയല്‍ കണക്കാക്കുന്നു.
തുണിത്തരങ്ങള്‍, തുകല്‍, രാസവസ്തുക്കള്‍, ചെമ്മീന്‍, പാദരക്ഷകള്‍ എന്നീ മേഖലകളെയാണ് താരിഫ് കൂടുതല്‍ ബാധിക്കുക. അതേസമയം സമുദ്രോത്പന്ന കയറ്റുമതിയില്‍ മുഖ്യ എതിരാളിയായ ഇക്വഡോറിന് മേല്‍ ഇന്ത്യയ്ക്ക് മേല്‍ക്കൈയ്യുണ്ട്.
മറ്റ് കയറ്റുമതി രാഷ്ട്രങ്ങള്‍ക്ക് ഇന്ത്യ നേരിടുന്നതിനേക്കാള്‍ 10 ശതമാനം കുറവ് താരിഫ് മാത്രമേയുള്ളൂവെന്നും അതിനാല്‍ താരിഫിന്റെ ഒരു ഭാഗം ഏറ്റെടുക്കണമെന്നും കയറ്റുമതി വ്യവസായികള്‍ കേന്ദ്രസര്‍ക്കാറിനോടാവശ്യപ്പെട്ടിരുന്നു.
ഇന്ത്യയേക്കാള്‍ കൂടുതല്‍ താരിഫ് നേരിടേണ്ടിവന്നിട്ടും ചൈന കുറഞ്ഞ വിലയില്‍ തുണിത്തരങ്ങള്‍ വില്‍ക്കുന്ന കാര്യം അപ്പാരല്‍ എക്‌സ്‌പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സില്‍ (എഇപിസി) ചെയര്‍മാന്‍ സുധീര്‍ സെഖ്രി ചൂണ്ടിക്കാട്ടി.
ഇന്ത്യന്‍ വസ്ത്ര കയറ്റുമതി അപകടത്തിലാണെന്ന് പറഞ്ഞ അദ്ദേഹം മേഖല ഫാക്ടറി അടച്ചുപൂട്ടലുകളും തൊഴില്‍ നഷ്ടങ്ങളും നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പ് നല്‍കുന്നു.