
മോസ്കൊ: റഷ്യൻ എണ്ണ ഇറക്കുമതിയിൽ ഒക്ടോബറിലും രണ്ടാംസ്ഥാനം നിലനിർത്തി ഇന്ത്യ. കഴിഞ്ഞമാസം 2.5 ബില്യൻ ഡോളർ (ഏകദേശം 22,100 കോടി രൂപ) മതിക്കുന്ന റഷ്യൻ എണ്ണയാണ് ഇന്ത്യ വാങ്ങിയതെന്ന് ഹെൽസിങ്കി ആസ്ഥാനമായ റിസർച് ഓൺ എനർജി ആൻഡ് ക്ലീൻ എയറിന്റെ (സിആർഇഎ) കണക്കുകൾ വ്യക്തമാക്കി. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കഴിഞ്ഞമാസം രണ്ട് വമ്പൻ റഷ്യൻ എണ്ണ കയറ്റുമതിക്കമ്പനികൾക്കുമേൽ ഉപരോധം പ്രഖ്യാപിച്ചിരുന്നു.
ഉപരോധം പ്രാബല്യത്തിൽ വരും മുൻപേയുള്ള കരാർ പ്രകാരമുള്ള ഇറക്കുമതിയാണ് കഴിഞ്ഞമാസം ഇന്ത്യ നടത്തിയത്. നവംബറിലും ഇപ്രകാരമുള്ള റഷ്യൻ എണ്ണ ഇന്ത്യയിലെത്തും. ഉപരോധത്തെ തുടർന്ന്, റഷ്യൻ കമ്പനികളുമായി പുതിയ കരാറുകളിൽ എത്തുന്നതിൽ നിന്ന് ഒട്ടുമിക്ക ഇന്ത്യൻ കമ്പനികളും വിട്ടുനിൽക്കുകയാണ്. അതുകൊണ്ട്, ഉപരോധത്തിന്റെ പ്രതിഫലനം ഡിസംബർ മുതലുള്ള ഇറക്കുമതിയിലാകും പ്രകടമായേക്കുക.
റഷ്യയുടെ റോസ്നെഫ്റ്റ്, ലൂക്കോയിൽ എന്നീ എണ്ണക്കമ്പനികൾക്കാണ് ഉപരോധം ബാധകം. യുക്രെയ്നെതിരായ റഷ്യയുടെ യുദ്ധത്തിന് അറുതി വരുത്തുകയും വരുമാനം തടഞ്ഞ് പ്രസിഡന്റ് പുട്ടിനെ സമാധാന ചർച്ചകൾക്ക് നിർബന്ധിതനാക്കുകയുമാണ് ഉപരോധത്തിലൂടെ ട്രംപും യൂറോപ്യൻ യൂണിയനും ലക്ഷ്യമിടുന്നത്.
3.7 ബില്യൻ ഡോളറിന്റെ (33,000 കോടി രൂപ) റഷ്യൻ എണ്ണ വാങ്ങിയ ചൈനയാണ് കഴിഞ്ഞമാസവും ഒന്നാമത്. ക്രൂഡോയിൽ ഉൾപ്പെടെ മൊത്തം 3.1 ബില്യൻ ഡോളറിന്റെ (27,500 കോടി രൂപ) ഫോസിൽ ഇന്ധനങ്ങളാണ് കഴിഞ്ഞമാസം ഇന്ത്യ റഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്തത്. 5.8 ബില്യൻ ഡോളറിന്റേതാണ് (51,400 കോടി രൂപ) ചൈനയുടെ ഇറക്കുമതി.
2.7 ബില്യനുമായി തുർക്കി (24,000 കോടി രൂപ) മൂന്നാമതും 1.1 ബില്യനുമായി (9,800 കോടി രൂപ) യൂറോപ്യൻ യൂണിയൻ രാഷ്ട്രങ്ങൾ നാലാമതുമാണ്. റഷ്യയ്ക്കെതിരായ ഉപരോധത്തിൽ യൂറോപ്യൻ യൂണിയൻ രണ്ടുതട്ടിലാണെന്നും ഈ കണക്കുകൾ സൂചിപ്പിക്കുന്നു.
റഷ്യയുടെ കൽക്കരി ഇറക്കുമതി ചെയ്യുന്നതിലും ചൈനയ്ക്കാണ് ഒന്നാംസ്ഥാനം. ഇന്ത്യ രണ്ടാമതും തുർക്കി മൂന്നാമതുമാണ്. 351 മില്യന്റെ (3,100 കോടി രൂപ) കൽക്കരിയായിരുന്നു കഴിഞ്ഞമാസത്തെ ഇന്ത്യയുടെ ഇറക്കുമതി. 222 മില്യന്റെ (1,950 കോടി രൂപ) മറ്റ് എണ്ണ ഉൽപന്നങ്ങളും ഇന്ത്യ വാങ്ങി.
റഷ്യയിൽ നിന്ന് എണ്ണ ഉൽപന്നങ്ങൾ ഏറ്റവുമധികം വാങ്ങുന്നത് തുർക്കിയാണ്; കഴിഞ്ഞമാസത്തെ ഇറക്കുമതി 957 മില്യന്റേതായിരുന്നു (8,500 കോടി രൂപ). ഇതിൽ പാതിയും ഡീസലുമായിരുന്നു.






