
ദോഹ: ഉഭയകക്ഷി വ്യാപാരം നിലവിലെ 14 ബില്യണ്‍ ഡോളറില്‍ നിന്നും 2030 ഓടെ 30 ബില്യണ്‍ ഡോളറാക്കാനുള്ള ദൗത്യം ഇന്ത്യയും ഖത്തറും പ്രഖ്യാപിച്ചു. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയലിന്റെ ഖത്തര്‍ സന്ദര്‍ശനത്തിനിടെയാണ് പുതിയ വികാസം. ഖത്തര്‍ വാണിജ്യ വ്യവസായ മന്ത്രി ഷെയ്ഖ് ഫൈസല്‍ ബിന്‍ താനി ബിന്‍ ഫൈസല്‍ അല്‍ താനിയുമായി കൂടിക്കാഴ്ച നടത്തിയ മന്ത്രി, ഇരു രാജ്യങ്ങളും തമ്മില്‍ സ്വതന്ത്ര വ്യാപാര കരാര്‍ (എഫ്ടിഎ)യാഥാര്‍ത്ഥ്യമാകേണ്ടതിന്റെ പ്രാധാന്യം എടുത്തുപറഞ്ഞു.
നിര്‍ദ്ദിഷ്ട എഫ്ടിഎ നിബന്ധനകള്‍ ഈ ആഴ്ചയോടെ അന്തിമമായേക്കും. 2026 മധ്യത്തിലോ മൂന്നാംപാദത്തിലോ കരാര്‍ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം.നിലവില്‍ ഖത്തറിലേയ്ക്കുള്ള ഇന്ത്യയുടെ കയറ്റുമതി ഏകദേശം 1.7 ബില്യണ്‍ ഡോളറിന്റേതാണ്. തിരിച്ച് 12.5 ബില്യണ്‍ ഡോളറിന്റെ ഇറക്കുമതിയും രാജ്യം നടത്തുന്നു.ഇറക്കുമതിയുടെ ഏകദേശം 90 ശതമാനവും പെട്രോളിയവും ക്രൂഡ്, പ്രകൃതി വാതക ഉത്പന്നങ്ങളുമാണ്. എഫ്ടിഎ യാഥാര്‍ത്ഥ്യമാകുന്നതോടെ വ്യാപാരകമ്മി കുറയ്ക്കാനും വ്യാപാരം വൈവിദ്യവത്ക്കരിക്കാനും ഇന്ത്യയ്ക്കാകും.
ഊര്‍ജ്ജ കയറ്റുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കാനുള്ള ഖത്തറിന്റെ ശ്രമവും ഇത് വഴി ശക്തിപ്പെടും. ഇലക്ട്രോണിക്‌സ്, ഓട്ടോമൊബൈല്‍സ്, ഫാര്‍മസ്യൂട്ടിക്കല്‍സ്, മൂല്യവര്‍ദ്ധിത ഭക്ഷ്യോത്പന്നങ്ങള്‍, തുണിത്തരങ്ങള്‍, രത്‌നങ്ങള്‍,ആഭരണങ്ങള്‍,വിവരസാങ്കേതിക വിദ്യ, ഹൈടെക് ഉത്പന്നങ്ങള്‍, സൗരോര്‍ജ്ജം തുടങ്ങിയ നിരവധി മേഖലകളാണ് ഇത് വഴി നേട്ടം കൊയ്യുക.
വ്യാപാരത്തിന് പുറമെ ഇന്ത്യയില്‍ 10 ബില്യണ്‍ ഡോളര്‍ നിക്ഷേപത്തിന് ഖത്തര്‍ തയ്യാറായിട്ടുണ്ട്. നിക്ഷേപങ്ങള്‍ കൈകാര്യം ചെയ്യാനും വികസിപ്പിക്കാനുമായി ഖത്തര്‍ സോവറിന്‍ വെല്‍ത്ത് ഫണ്ട് ഇന്ത്യയില്‍ ഓഫീസ് തുടങ്ങും.
യുഎസ് തീരുവയുടെ പശ്ചാത്തലത്തില്‍ ബദല്‍ കയറ്റുമതി വിപണികള്‍ തിരയുകയാണ് ഇന്ത്യ. ഇതിന്റെ ഭാഗമായി ഗള്‍ഫ് സഹകരണ കൗണ്‍സിലെ (ജിസിസി) അംഗങ്ങളുമായി രാജ്യം ചര്‍ച്ചകള്‍ നടത്തുന്നു. യുണൈറ്റഡ് അറബ് എമിറേറ്റ്‌സുമായി ഇന്ത്യ ഇതിനോടകം സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറില്‍ (സെപ്പ) ഒപ്പുവച്ചു. ഒമാനുമായി സമാന തോതില്‍ ഒരു കരാര്‍ ഉടന്‍ ഒപ്പുവയ്ക്കും.