
പനാജി: മൊത്തം ഊര്‍ജ്ജത്തിന്റെ 43.6 ശതമാനം ഫോസില്‍ ഇതര ഇന്ധന സ്രോതസ്സുകളിലൂടെ ഉത്പാദിപ്പിക്കുകയെന്ന ലക്ഷ്യം ഇന്ത്യ കൈവരിച്ചു. നിശ്ചയിച്ച വര്‍ഷത്തിന്റെ ഒമ്പത് വര്‍ഷം മുമ്പ് തന്നെ ലക്ഷ്യം നേടാനായെന്ന് കേന്ദ്രമന്ത്രി ആര്‍ കെ സിംഗ് അറിയിക്കുന്നു. ജി 20ക്ലീന് എനര് ജി മന്ത്രിതല യോഗത്തിനെയും മിഷന് ഇന്നൊവേഷന് മീറ്റിംഗിനെയും അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
മൊത്തം ഊര്‍ജ്ജത്തിന്റെ 43.6 ശതമാനം ഫോസില്‍ ഇതര ഇന്ധന സ്രോതസ്സുകളിലൂടെ ഉത്പാദിപ്പിക്കുക എന്ന ലക്ഷ്യം കൈവരിക്കേണ്ടിയിരുന്നത് 2030 ലായിരുന്നു. എന്നാല്‍ ഷെഡ്യൂളിനേക്കാള്‍ ഒമ്പത് വര്‍ഷം മുമ്പ് നേട്ടം കരസ്ഥമാക്കാനായി.
ഫോസില്‍ ഇതര ഇന്ധന സ്രോതസ്സുകളിലൂടെ ഇന്ത്യയുടെ സ്ഥാപിത വൈദ്യുതി ശേഷി നിലവില്‍ 183 ജിഗാവാട്ടാണ്.
മൊത്തം ശേഷിയാകട്ടെ 421 ജിഗാവാട്ടും. 88 ജിഗാവാട്ട് ഇന്‍സ്റ്റാളേഷനും 55 ജിഗാവാട്ട് ടെന്‍ഡറും രാജ്യത്തിനുണ്ടെന്നും മന്ത്രി പറഞ്ഞു. ഇന്‍സ്റ്റാള്‍ ചെയ്തതും ഇന്‍സ്റ്റാളേഷനു കീഴിലുള്ളതുമായ ശേഷി എടുത്താല്‍, അത് ഏകദേശം 270 ജിഗാവാട്ട് വരും.
ഇത് സേവന ശേഷിയുടെ 50 ശതമാനത്തിന് മുകളിലാണ്. മാത്രമല്ല ഓരോ വര്‍ഷവും 50 ജിഗാവാട്ട് കൂട്ടിച്ചേര്‍ക്കാനും രാജ്യത്തിനാകും. കാലാവസ്ഥാ വ്യതിയാനം എന്ന വെല്ലുവിളിയെ ലോകം അംഗീകരിച്ചെന്നും മന്ത്രി പറഞ്ഞു.
‘ആഗോളതാപനം എന്നൊന്നില്ലെന്നും ഇതെല്ലാം വികസിത രാജ്യങ്ങള്‍ പ്രചരിപ്പിക്കുന്ന കെട്ടുകഥയാണെന്നും പറഞ്ഞവര്‍. ഇപ്പോള്‍, ആരും അത് പറയുന്നില്ല, കാരണം കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രഭാവം നമുക്കെല്ലാവര്‍ക്കും കാണാന്‍ കഴിയും, ”അദ്ദേഹം പറഞ്ഞു.






