
ന്യൂഡല്‍ഹി: യുഎസ് ഏര്‍പ്പെടുത്തിയ 25 ശതമാനം തീരുവയെ നേരിടാന്‍ ഇന്ത്യ 20,000 കോടി രൂപയുടെ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നു. സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ദരിച്ച് ഇക്കണോമിക് ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതുവഴി കുറഞ്ഞ വിലയില്‍ ഉത്പന്നങ്ങള്‍ ആഗോള കമ്പോളത്തില്‍ എത്തിക്കാമെന്നും വ്യാപാര അനിശ്ചിതാവസ്ഥ നേരിടാനാകുമെന്നും കേന്ദ്രസര്‍ക്കാര്‍ കരുതുന്നു.
വാണിജ്യ മന്ത്രാലയം, എംഎസ്എംഇ മന്ത്രാലയം, സാമ്പത്തിക മന്ത്രാലയം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ നടത്തുന്ന മിഷന്‍ സെപ്തംബറില്‍ തുടങ്ങും.
എക്‌സ്‌പോര്‍ട്ട് പ്രമോഷന്‍ മിഷന്റെ കീഴില്‍ കയറ്റുമതി വായ്പ എളുപ്പത്തില്‍ ലഭ്യമാക്കാനാണ് രാജ്യം ആലോചിക്കുന്നത്. എംഎസ്എംഇ (ചെറുകിട, ഇടത്തരം കമ്പനികള്‍)കള്‍ക്ക് ഭാഗികമായോ പൂര്‍ണ്ണമായോ ഈട്‌രഹിത വായ്പകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. കമ്പനികളുടെ ക്രെഡിറ്റ് റേറ്റിംഗിനെ അടിസ്ഥാനമാക്കിയായിരിക്കും വായ്പാ പരിധി. ചെറുകിട ബിസിനസുകളെ ശാക്തീകരിക്കുകയാണ് ലക്ഷ്യമെന്ന് റിപ്പോര്‍ട്ട് പറയുന്നു.
മാത്രമല്ല, വ്യാപാര ഇതര സാമ്പത്തിക സഹായ പദ്ധതി വഴി കമ്പനികളുടെ വിപണി പ്രവേശനം സുഗമമാക്കും. നിയന്ത്രണങ്ങളും മാനദണ്ഡങ്ങളും ലഘൂകരിക്കുക വഴിയായിരിക്കും ഇത് സാധ്യമാക്കുക.കസ്റ്റംസ് നടപടിക്രമങ്ങള്‍ കാര്യക്ഷമമാക്കുക, പേപ്പര്‍ വര്‍ക്ക് കുറയ്ക്കുക, കയറ്റുമതി പ്രക്രിയ വേഗത്തിലാക്കാനും ബുദ്ധിമുട്ട് കുറയ്ക്കാനും ഡിജിറ്റല്‍ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുക എന്നിവ പദ്ധതിയില്‍ ഉള്‍പ്പെടുന്നു. ഔദ്യോഗിക തടസ്സങ്ങള്‍ നീക്കി നിയന്ത്രണ പിന്തുണ മെച്ചപ്പെടുത്തുന്നതിലൂടെ, ആഗോള വ്യാപാരസംഘര്‍ഷം കുറയ്ക്കാനും ഇന്ത്യന്‍ കയറ്റുമതിക്കാര്‍ക്ക് സങ്കീര്‍ണ്ണമായ അന്താരാഷ്ട്ര വിപണികളില്‍ എളുപ്പത്തില്‍ പ്രവേശിക്കാനും സാധിക്കും.
ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളെക്കുറിച്ചുള്ള ആഗോള ധാരണ ഉയര്‍ത്താന്‍ ശ്രമിക്കുന്ന ‘ബ്രാന്‍ഡ് ഇന്ത്യ’യുടെ പ്രചാരണമാണ് മറ്റൊരു പ്രധാന ഘടകം. ഗുണനിലവാരം, നൂതനത്വം, വിശ്വാസ്യത എന്നിവ പ്രതിഫലിപ്പിക്കുന്ന തദ്ദേശീയ ബ്രാന്‍ഡുകള്‍ നിര്‍മ്മിക്കാനും വിപണനം ചെയ്യാനും കയറ്റുമതിക്കാരെ പ്രോത്സാഹിപ്പിക്കും. ‘മെയ്ക്ക് ഇന്‍ ഇന്ത്യ’ യെ ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ടതും ബഹുമാനിക്കപ്പെടുന്നതുമായ ഒരു ലേബലാക്കി മാറ്റുക എന്നതാണ് ആശയം.
ഇ-കൊമേഴ്സ് ഹബ്ബുകളുടെയും വെയര്‍ഹൗസിംഗ് ഇന്‍ഫ്രാസ്ട്രക്ചറിന്റെയും വികസനമാണ് മറ്റൊരു പ്രധാന ഘടകം. ഇതുവഴി ചെറുകിട, ഇടത്തരം കയറ്റുമതിക്കാര്‍ക്ക് ഓണ്‍ലൈന്‍ വഴി അവരുടെ ഉല്‍പ്പന്നങ്ങള്‍ അന്താരാഷ്ട്ര വിപണികളില്‍ വിപണനം നടത്താനാകുമെന്നാണ് കരുതപ്പെടുന്നത്. ഡെലിവറി സമയവും ലോജിസ്റ്റിക്‌സ് ചെലവുകളും കുറയ്ക്കുകയും ഇന്ത്യന്‍ കയറ്റുമതി കൂടുതല്‍ ചടുലവും മത്സരാധിഷ്ഠിതവുമാക്കുകയും ചെയ്യും. ജില്ലകളെ കയറ്റുമതി കേന്ദ്രങ്ങളാക്കി മാറ്റുക, കയറ്റുമതി പ്രവര്‍ത്തനങ്ങള്‍ വികേന്ദ്രീകരിക്കുക, പ്രാദേശിക ഉല്‍പ്പാദന ശക്തികള്‍ പ്രയോജനപ്പെടുത്തുക എന്നിവയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഇതിനായി ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്‌സ്‌പോര്‍ട്ട് ഓര്‍ഗനൈസേഷന്‍സ് (FIEO) പോലുള്ള സംഘടനകളുടെ പിന്തുണയും സര്‍ക്കാര്‍ തേടുന്നു. എക്‌സ്‌പോര്‍ട്ട് ക്രെഡിറ്റ് ഗ്യാരണ്ടി കോര്‍പ്പറേഷന്‍ (ECGC), ഇന്ത്യ ബ്രാന്‍ഡ് ഇക്വിറ്റി ഫൗണ്ടേഷന്‍ (IBEF) പോലുള്ള സ്ഥാപനങ്ങള്‍ യഥാക്രമം റിസ്‌ക് കവറേജും ബ്രാന്‍ഡിംഗ് പിന്തുണയും വാഗ്ദാനം ചെയ്യും.
അതേസമയം മിഷന്റെ വിജയം അത് കയറ്റുമതിക്കാര്‍ക്ക് എത്രമാത്രം പ്രയോജനം ചെയ്യും എന്നതിനെ ആശ്രയിച്ചിരിക്കും. ലക്ഷ്യങ്ങള്‍ സദുദ്ദേശത്തോടെയാണെങ്കിലും ഫണ്ട് വിഹിതവും നടപ്പാക്കല്‍ വെല്ലുവിളികളും ഫലപ്രാപ്തിയെക്കുറിച്ച് സംശയം ജനിപ്പിക്കുന്നതായി റിപ്പോര്‍ട്ട് പറഞ്ഞു.