
തിംപു: ഇന്ത്യയുടെ സഹായത്തോടെ നിര്‍മ്മിച്ച 1,020 മെഗാവാട്ട് ജലവൈദ്യുത പദ്ധതി രാജാവ് ജിഗ്മേ ഖേസര്‍ നാംഗ്യേല്‍ വാങ്ചുക്കും ഉദ്ഘാടനം ചെയ്തു. ഇരു രാജ്യങ്ങളുടേയും പുരോഗതി പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്നും കണക്റ്റിവിറ്റി വര്‍ദ്ധിപ്പിക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു. പദ്ധതി വഴി ഉത്പാദിപ്പിക്കുന്ന വൈദ്യുതി ഇരു രാജ്യങ്ങളും തുല്യമായി പങ്കിടും.
ഭൂട്ടാനിലെ ഊര്‍ജ്ജ പദ്ധതികള്‍ക്ക് ധനസഹായം നല്‍കുന്നതിനായി 4,000 കോടി രൂപയുടെ ഇളവ് വായ്പാ പദ്ധതിയും ഇന്ത്യന്‍ പക്ഷം പ്രഖ്യാപിച്ചു.
‘ഇന്ത്യ-ഭൂട്ടാന്‍ പങ്കാളിത്തത്തിന്റെ ഒരു പ്രധാന സ്തംഭമായി ഊര്‍ജ്ജ സഹകരണം തുടരുന്നു. ഇന്ന് ഞങ്ങള്‍ പുനാത്സാന്‍ച്ചു-II ജലവൈദ്യുത പദ്ധതി ഉദ്ഘാടനം ചെയ്തു. ഇത് നമ്മുടെ രാജ്യങ്ങള്‍ തമ്മിലുള്ള സൗഹൃദത്തിന്റെ ശാശ്വത പ്രതീകമാണ്,’ പ്രധാനമന്ത്രി മോദി സോഷ്യല്‍ മീഡിയയില്‍ പറഞ്ഞു.
ഉഭയകക്ഷി ബന്ധം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനും ശക്തിപ്പെടുത്തുന്നതിനുമായി ഇരു നേതാക്കളും കാഴ്ചപ്പാടുകള്‍ കൈമാറി. പരസ്പര താല്‍പ്പര്യമുള്ള പ്രാദേശിക, ആഗോള വിഷയങ്ങളില്‍ ഇവര്‍ ചര്‍ച്ചകള്‍ നടത്തി.






