
ന്യഡല്‍ഹി: ദരിദ്ര രാഷ്ട്രങ്ങള്‍ക്ക് ഡ്യൂട്ടി-ഫ്രീ മാര്‍ക്കറ്റ് പ്രവേശനം ചെയ്യുന്ന കാര്യത്തില്‍ ഇന്ത്യ മുന്‍നിരയിലാണെന്ന് ലോക വ്യാപാര സംഘടന (ഡബ്ല്യുടിഒ). റിപ്പോര്‍ട്ട് പ്രകാരം, ഇന്ത്യയുടെ ഡ്യൂട്ടി-ഫ്രീ താരിഫ് പ്രിഫറന്‍സ് (ഡിഎഫ്ടിപി) ഈ ദിശയിലെ ഉദാരവും ഫലപ്രദവുമായ പദ്ധതിയാണ്.
ലീസ്റ്റ് ഡെവലപ്ഡ് രാജ്യങ്ങള്‍ക്ക് (എല്‍ഡിസി) അവരുടെ മിക്ക ഉത്പന്നങ്ങളും തീരുവ ഇല്ലാതെ ഇന്ത്യയിലേയ്ക്ക് കയറ്റുമതി ചെയ്യാം. പദ്ധതി താരിഫ് ലൈനിലുള്ള 94.1 ശതമാനം ഉത്പന്നങ്ങളേയും ഉള്‍ക്കൊള്ളുന്നു. എല്‍ഡിസി രാജ്യങ്ങളില്‍ നിന്നുള്ള ഏതാണ്ട് എല്ലാത്തരം സാധനങ്ങള്‍ക്കും ഡ്യൂട്ടി ഫ്രീ പ്രവേശനത്തിന് അര്‍ഹതയുണ്ട്.
ചൈനയും യൂറോപ്യന്‍ യൂണിയനും വാഗ്്ദാനം ചെയ്യുന്നതിനേക്കാള്‍ കൂടിയ തോതിലുള്ള ഉത്പന്നങ്ങള്‍ക്കാണ് ഇന്ത്യ ഡ്യൂട്ടി ഫ്രീ പ്രവേശം നല്‍കുന്നത്. കാപ്പി, ചായ, തുകല്‍,തുണിത്തരങ്ങള്‍, സംസ്‌ക്കരിച്ച ഭക്ഷണം തുടങ്ങിയ ഉത്പന്നങ്ങളെ ഈ ഗണത്തില്‍ പെടുത്തിയ ഇന്ത്യന്‍ നടപടി ഡബ്ല്യുടിഒ എടുത്തുപറഞ്ഞു. ഉയര്‍ന്ന ചെലവുകളും വ്യാപാര തടസ്സങ്ങളും കാരണം ആഗോള വിപണികളില്‍ പ്രവേശനം സാധ്യമാകാത്ത ഉത്പന്നങ്ങളാണിവ.
ഇന്ത്യയുടെ ഡിഎഫ്ടിപി പദ്ധതി വഴി ദരിദ്ര രാഷ്ട്രങ്ങള്‍ അന്താരാഷ്ട്ര വിതരണ ശൃംഖലകളുടെ ഭാഗമാകുകയും കൂടുതല്‍ വരുമാനം നേടുകയും ചെയ്യുന്നു. 2024 സാമ്പത്തികവര്‍ഷത്തില്‍ എല്‍ഡിസികളില്‍ നിന്നും ഇന്ത്യയിലേയ്ക്കുള്ള കയറ്റുമതി 21.5 ബില്യണ്‍ യുഎസ് ഡോളറിന്റേതാണ്. ഇതില്‍ ധാതുക്കള്‍, കാര്‍ഷിക ഉത്പന്നങ്ങള്‍, തുണിത്തരങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു.
ചൈന, യൂറോപ്യന്‍ യൂണിയന്‍, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവയ്ക്ക് ശേഷം എല്‍ഡിസികളുടെ അഞ്ചാമത്തെ വലിയ കയറ്റുമതി കേന്ദ്രമാണ് ഇന്ത്യ.






