
ന്യൂഡല്‍ഹി: യുഎസ് ഭീഷണിയ്ക്കിടെ റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതിയുടെ തോത് ഇന്ത്യ വര്‍ദ്ധിപ്പിച്ചു. ഓഗസ്റ്റ് മാസത്തില്‍ ഇന്ത്യന്‍ റിഫൈനറികള്‍ പ്രതിദിനം 2 ദശലക്ഷം ബാരല്‍ റഷ്യന്‍ എണ്ണയാണ് വാങ്ങിയത്. ജൂലൈയിലിത് 1.6 ദശലക്ഷം ബാരലായിരുന്നു.
ആഗോള റിയല്‍-ടൈം ഡാറ്റ അനലിറ്റിക്‌സ് കമ്പനി കെപ്ലറിന്റെ കണക്കനുസരിച്ച് ഓഗസ്റ്റില്‍ പ്രതിദിനം 5.2 ദശലക്ഷം ബാരലാണ് രാജ്യം ഇറക്കുമതി ചെയ്തത്. ഇതില്‍ 38 ശതമാനവും റഷ്യയില്‍ നിന്നാണ്. ഭൗമരാഷ്ട്രീയ പ്രതിസന്ധികള്‍ക്കതീതമായി ഇന്ത്യന്‍ റിഫൈനറികള്‍ സാമ്പത്തിക പരിഗണനകള്‍ക്ക് മുന്‍ഗണന നല്‍കുന്നതായി വിദഗ്ധര്‍ പറഞ്ഞു.
മദ്ധ്യേഷ്യയില്‍ നിന്നുള്ള എണ്ണയുടെ വിലകൂടിയതോടെയാണ് റിഫൈനറികള്‍ റഷ്യയെ ആശ്രയിച്ചത്. ഇറാഖില്‍ നിന്നുള്ള എണ്ണ ഒഴുക്ക് 907 ദശലക്ഷം ബാരലില്‍ നിന്ന് 730 ദശലക്ഷം ബാരലായും സൗദി അറേബ്യയില്‍ നിന്നുള്ള 700 ദശലക്ഷം 526 ദശലക്ഷമായും കുറഞ്ഞു.
264 ദശലക്ഷം ബാരല്‍ നല്‍കിയ യുഎസ് ഇന്ത്യയുടെ അഞ്ചാമത്തെ വലിയ ദാതാവാണ്. റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നതിന്റെ പേരില്‍ ഇന്ത്യയ്‌ക്കെതിരെ 25 ശതമാനം അധിക തീരുവ ചുമത്താന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തയ്യാറായിരുന്നു.
റഷ്യയുമായുള്ള ചര്‍ച്ച ഉക്രൈന്‍-റഷ്യ യുദ്ധവിരാമത്തിലേയ്ക്ക് നയിക്കാത്ത സാഹചര്യത്തില്‍ ഇന്ത്യ കൂടുതല്‍ താരിഫ് നേരിടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.എണ്ണയിനത്തില്‍ ഇന്ത്യ നല്‍കുന്ന തുക ഉക്രൈനെതിരെ യുദ്ധം ചെയ്യാന്‍ റഷ്യയ്ക്ക് ഇന്ധനമാകുന്നുവെന്നാണ് യുഎസ് വാദം.