
ന്യൂഡൽഹി: നിലവാരം കുറഞ്ഞ സ്റ്റീൽ ഉത്പന്നങ്ങളുടെ ഇറക്കുമതി കുറയ്ക്കാനായി സ്റ്റീൽ ഉത്പന്നങ്ങൾക്ക് തീരുവ ഏർപ്പെടുത്തി കേന്ദ്ര സർക്കാർ. അടുത്ത മൂന്നു വർഷത്തേക്കാണ് തീരുവ ഏർപ്പെടുത്തിയത്. സുരക്ഷ തീരുവ എന്നറിയപ്പെടുന്ന ലെവി ആദ്യ വർഷം 12 ശതമാനം, രണ്ടാം വർഷം 11.5, മൂന്നാം വർഷം 11 എന്നീ നിരക്കിലാണ് ഏർപ്പെടുത്തിയിട്ടുള്ളത്.
ചൈനയിൽ നിന്നാണ് പ്രധാനമായും നിലവാരം കുറഞ്ഞ സ്റ്റീൽ ഉത്പന്നങ്ങൾ രാജ്യത്തേക്കു വരുന്നത്. ചൈന, നേപ്പാൾ, വിയറ്റ്നാം എന്നീ രാജ്യങ്ങൾക്കു ലെവി ബാധകമായിരിക്കും. എന്നാൽ, സ്റ്റെയിൻലെസ് സ്റ്റീൽ ഉത്പന്നങ്ങൾക്ക് ഈ തീരുവ ബാധകമല്ലെന്നും സർക്കാർ ഉത്തരവിൽ പറയുന്നു.
നിലവാരമില്ലാത്തതും കുറഞ്ഞ വിലയുള്ള ഉത്പന്നങ്ങളും ആഭ്യന്തര ഉരുക്കു വ്യവസായത്തിന് ഭീഷണിയാകുന്ന പശ്ചാത്തലത്തിലാണ് കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്‍റെ ഇടപെടൽ. 200 ദിവസത്തേക്ക് 12 ശതമാനം താത്കാലിക തീരുവ ഏപ്രിലിൽ സർക്കാർ ഏർപ്പെടുത്തിയിരുന്നു.
ഇറക്കുമതി അനിയന്ത്രിതമായി പെരുകിയതോടെയാണ് ഡയറക്ടറേറ്റ് ജനറൽ ഓഫ് റെമഡീസ് തീരുവ മൂന്നു വർഷത്തേക്കു നീട്ടിയത്. ലോകത്തിലെ ഏറ്റവും വലിയ ഉരുക്കുനിർമാതാക്കളാണ് ചൈന.
2024-ൽ കഴിഞ്ഞ എട്ടു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന ഉരുക്കുകയറ്റുമതിയാണ് ചൈന നടത്തിയത്. 100 മില്യൺ ടൺ സ്റ്റീൽ കയറ്റുമതിയാണ് 2024-ൽ ചൈന നടത്തിയത്.






