
ബ്രസ്സല്‍സ്: ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ (ഇയു), സ്വന്തന്ത്ര വ്യാപാര കരാര്‍ (എഫ്ടിഎ) പതിനാലാം റൗണ്ട് ചര്‍ച്ചകള്‍ അവസാനിച്ചു. അവസാന സെഷനില്‍ ഇന്ത്യയുടെ വാണിജ്യ സെക്രട്ടറി രാജേഷ് അഗര്‍വാളും ഇയു കമ്മീഷന്‍ ട്രേഡ് ഡയറക്ടര്‍ ജനറല്‍ സബിന്‍ വെയാന്റും പങ്കുകൊണ്ടു.
ഡിസംബറോടെ കരാര്‍ അന്തിമമാക്കാനാണ് ഇരു കക്ഷികളുടേയും ശ്രമം. തീരുവ കുറയ്ക്കുകയോ ഇല്ലാതാക്കുകയോ ചെയ്യുക, ഇന്ത്യന്‍, യൂറോപ്യന്‍ ബിസിനസുകള്‍ക്ക് വിപണി പ്രവേശനം സാധ്യമാക്കുക എന്നിവയാണ് സ്വതന്ത്ര വ്യാപാര കരാര്‍ ലക്ഷ്യമിടുന്നത്. ചരക്കുകളുടെയും സേവനങ്ങളുടെയും വ്യാപാരം, നിക്ഷേപ സംരക്ഷണം, ബൗദ്ധിക സ്വത്തവകാശം, ഭൂമിശാസ്ത്രപരമായ സൂചനകള്‍, സുസ്ഥിര വികസനം, കസ്റ്റംസ് നടപടിക്രമങ്ങള്‍, സര്‍ക്കാര്‍ സംഭരണം, തര്‍ക്ക പരിഹാര സംവിധാനങ്ങള്‍ എന്നിവയുള്‍പ്പെടെ 23 അധ്യായങ്ങള്‍ കരാറില്‍ ഉള്‍പ്പെടുന്നു.
ഓട്ടോമൊബൈലുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, വൈന്‍, സ്പിരിറ്റ് പോലുള്ള ലഹരിപാനീയങ്ങള്‍, മാംസം, കോഴി തുടങ്ങിയ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി തീരുവ കുറയ്ക്കാന്‍ ഇയു ഇന്ത്യയോട് അഭ്യര്‍ത്ഥിച്ചു. പകരമായി, ഉയര്‍ന്ന താരിഫുകളും നിയന്ത്രണ തടസ്സങ്ങളും ഒഴിവാക്കപ്പെടും. ഇത് വസ്ത്രങ്ങള്‍, ഫാര്‍മസ്യൂട്ടിക്കല്‍സ്, സ്റ്റീല്‍, പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ യൂറോപ്യന്‍ വിപണി പ്രവേശനം സുഗമമാക്കും.
2024-25 സാമ്പത്തികവര്‍ഷത്തിലെ ഇന്ത്യ-ഇയു ചരക്ക് വ്യാപാരം 136.53 ബില്യണ്‍ ഡോളറിന്റേതാണ്. ഇന്ത്യ 75.85 ബില്യണ്‍ ഡോളറിന്റെ കയറ്റുമതിയും 60.68 ബില്യണ്‍ ഡോളറിന്റെ ഇറക്കുമതിയും നടത്തി. ചരക്ക് വ്യാപാരത്തില്‍ ഇന്ത്യയുടെ ഏറ്റവും വലിയ പങ്കാളിയാണ് ഇയു. അതായത് മൊത്തം കയറ്റുമതിയുടെ 17 ശതമാനം അവര്‍ വഹിക്കുന്നു.
ഉഭയകക്ഷി സേവന വ്യാപാരം 51.45 ബില്യണ്‍ ഡോളറിന്റേതാണ്.