
ന്യൂഡല്‍ഹി: ബിഎസ്എന്‍എല്ലിന്റെ തദ്ദേശീയമായി വികസിപ്പിച്ച 4ജി സാങ്കേതിക വിദ്യ സ്റ്റാക്ക് ഇന്ത്യയെ ടെലികോം ഉപകരണ നിര്‍മ്മാണ രാജ്യങ്ങളിലേയ്ക്ക് നയിച്ചു. സ്വന്തമായി ടെലികോം അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മ്മിക്കുന്ന ഡെന്മാര്‍ക്ക്, സ്വീഡന്‍, ചൈന, ദക്ഷിണകൊറിയ എന്നീ രാജ്യങ്ങളുടെ എലൈറ്റ് ക്ലബ്ബില്‍ ഇപ്പോള്‍ ഇന്ത്യയും അംഗമാണ്.കേന്ദ്രമന്ദ്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു. ഒഡീഷയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ബിഎസ്എന്‍എല്ലിന്റെ 4ജി സാങ്കേതികവിദ്യ സ്റ്റാക്ക് ലോഞ്ച് ചെയ്തത്.
ഇത് രാജ്യത്തിന്റെ സാങ്കേതിക സ്വാശ്രയത്വത്തിലെ നാഴികക്കല്ലാണ്. ഉപഭോക്തൃ, സേവന അധിഷ്ഠിത സമ്പദ്വ്യവസ്ഥ എന്നതില്‍ നിന്ന് നവീകരണം, ഉല്‍പ്പാദനം, കയറ്റുമതി എന്നിവയുടെ കേന്ദ്രമായി ഇന്ത്യ മാറിയെന്ന് സിന്ധ്യ അവകാശപ്പെട്ടു. ‘ ഇന്ത്യയ്ക്കായി നവീകരിക്കുക, മാനവികതയ്ക്കായി നവീകരിക്കുക,’ എന്നതാണ് പ്രധാനമന്ത്രി മോദിയുടെ ദര്‍ശനമെന്നും അദ്ദേഹം പറയുന്നു.
പൂര്‍ണ്ണമായും ആഭ്യന്തര സാങ്കേതികവിദ്യ ഉപയോഗിച്ച് വികസിപ്പിച്ചെടുത്ത സ്വദേശി 4ജി സ്റ്റാക്ക് ആത്മനിര്‍ഭര്‍ ഭാരത് സംരംഭത്തിന്റെ ഭാഗമാണ്. ഇത് 5ജി സേവനങ്ങളിലേയ്ക്ക് അപഗ്രേഡ് ചെയ്യുന്നതിന് രാജ്യത്തെ പ്രാപ്തമാക്കും. അതിര്‍ത്തി പ്രദേശങ്ങള്‍, ഗോത്ര മേഖലകള്‍, ദ്വീപുകള്‍, നക്‌സല്‍ മേഖലകള്‍ എന്നിവയുള്‍പ്പെടെയുള്ള വിദൂരവും ദുര്‍ഘടവുമായ ഭൂപ്രദേശങ്ങളെ ബന്ധിപ്പിക്കുന്നതാണ് ബിഎസ്എന്‍എല്ലിന്റെ 4ജി.
അസമിലേയും അരുണാചല്‍ പ്രദേശിലേയും വിദൂര ഗ്രാമങ്ങള്‍ ഇപ്പോള്‍ ആഗോള ശൃംഖലകളുമായി ബന്ധപ്പെട്ടിരിക്കുന്നു. കര്‍ഷകരെ വിപണികളിലേക്കും രോഗികളെ ഡോക്ടര്‍മാരിലേക്കും ബന്ധിപ്പിക്കുന്ന ‘ജീവന്‍ സേതു’ അഥവാ ജീവിത പാലം എന്നാണ് ടെലികോം കണക്റ്റിവിറ്റിയെ അദ്ദേഹം വിശേഷിപ്പിച്ചത്.
കോവിഡ്-19 പാന്‍ഡെമിക് സമയത്ത് വാക്‌സിന്‍ ഉത്പാദനം, യുപിഐ വഴിയുള്ള ഡിജിറ്റല്‍ പേയ്മെന്റുകളിലെ നേതൃത്വം തുടങ്ങിയ നേട്ടങ്ങള്‍ ഉള്‍പ്പെടെ കഴിഞ്ഞ ദശകത്തില്‍ ഇന്ത്യയുടെ വിശാലമായ പരിവര്‍ത്തനങ്ങളും മന്ത്രി എടുത്തുകാട്ടി. സ്വദേശി 4ജി സ്റ്റാക്കിന്റെ സമാരംഭം ഇന്ത്യയുടെ വളരുന്ന കഴിവുകളുടെ ആഘോഷമാണെന്നും ആത്മനിര്‍ഭര്‍ ഭാരത് യാഥാര്‍ത്ഥ്യമാകുന്നതിന്റെ വ്യക്തമായ സൂചനയാണെന്നും അദ്ദേഹം പറഞ്ഞു.