
ന്യൂഡൽഹി: 2047ൽ ഇന്ത്യ 40 ട്രില്യൺ ഡോളർ സമ്പദ്‍വ്യവസ്ഥയാകുമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. 5000 വർഷത്തെ ചരിത്രമുള്ള ഇന്ത്യയെ സംബന്ധിച്ചിടത്തോളം അടുത്ത 25 വർഷം മാറ്റത്തിന്റെതാണ്. വലിയ സാമ്പത്തിക വളർച്ച ഇക്കാലയളവിൽ ഇന്ത്യ കൈവരിക്കുമെന്നും അംബാനി പറഞ്ഞു.
സ്വാതന്ത്ര്യത്തിന്റെ നൂറാം വാർഷികത്തിൽ ഇന്ത്യ 40 ട്രില്യൺ ഡോളർ സമ്പദ്‍വ്യവസ്ഥയാകും. സുസ്ഥിരമായി ഈ നേട്ടം കൈയെത്തി പിടിക്കാനാകും. ഈ ലക്ഷ്യം യാഥാർഥ്യ ബോധമുള്ളതും സാക്ഷാത്കരിക്കാവുന്നതുമാണെന്നും അംബാനി കൂട്ടിച്ചേർത്തു.
ഇന്ത്യയിലെ ജനസംഖ്യയിൽ ഭൂരിപക്ഷമുള്ള യുവജനങ്ങൾ നേട്ടം കൈവരിക്കാൻ രാജ്യത്തെ സഹായിക്കും. പക്വമായ ജനാധിപത്യത്തിന്റേയും പുതിയ സാങ്കേതികവിദ്യയുടേയും കരുത്ത് ഇന്ത്യക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ദൗർലഭ്യത്തിന്റെയും ദാരിദ്രത്തിന്റേയും യുഗത്തിൽ നിന്നും 1.4 ബില്യൺ ഇന്ത്യക്കാരുടെ ജീവിതനിലവാരത്തിൽ വലിയ പുരോഗതിയുണ്ടാവുന്ന യുഗത്തിലേക്ക് ഇന്ത്യ പ്രവേശിക്കും.
റിലയൻസ് സ്ഥാപക ദിനത്തിൽ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ പരാമർശം.






