
ന്യൂഡല്‍ഹി: ഇന്ത്യ-ഓസ്‌ട്രേലിയ സമഗ്രവ്യാപര കരാര്‍ ചര്‍ച്ചകളുടെ പതിനൊന്നാം റൗണ്ട് പുര്‍ത്തിയായി. 2022 ഡിസംബറില്‍ ഇരുരാജ്യങ്ങളും ഒരു താല്‍ക്കാലിക കരാറില്‍ ഒപ്പുവച്ചിരുന്നു.
ചരക്ക്, സേവനം, മൊബിലിറ്റി, ഡിജിറ്റല്‍ ട്രേഡ്, പരിസ്ഥിതി, തൊഴില്‍ എന്നിവ ചര്‍ച്ചയായതായി വാണിജ്യമന്ത്രാലയം അറിയിച്ചു. കരാര്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിനായി വെര്‍ച്വല്‍ സെഷനുകള്‍ തുടരാനും ധാരണയായിട്ടുണ്ട്.
ചര്‍ച്ചകള്‍ വേഗത്തില്‍ ഫലപ്രാപ്തിയിലെത്തിക്കാന്‍ ഇരു രാജ്യങ്ങളും ധാരണയിലെത്തിയതായി വാണിജ്യമന്ത്രാലയം പറഞ്ഞു. സാമ്പത്തിക പങ്കാളിത്തം വര്‍ദ്ധിപ്പിക്കാനുള്ള ഇരുകൂട്ടരുടേയും പ്രതിബദ്ധതയാണ് ചര്‍ച്ച പ്രതിഫലിപ്പിച്ചത്.
2022 ല്‍ ഇന്ത്യയും ഓസ്‌ട്രേലയിയയും തമ്മില്‍ ഒപ്പുവച്ച സാമ്പത്തിക, സഹകരണ വ്യാപാര കരാര്‍ (ഇസിടിഎ) ചരക്കുകള്‍, സേവനങ്ങള്‍, ഡിജിറ്റല്‍ വ്യാപാരം, സര്‍ക്കാര്‍ സംഭരണം, ഉത്ഭവ നിയമങ്ങള്‍ എന്നിവ സംബന്ധിച്ച് സമവായമുണ്ടാക്കിയിരുന്നു. ഈ മേഖലകളിലെ ഇടപെടല്‍ ആഴത്തിലാക്കാനും സമഗ്രമാക്കാനുമുള്ള പദ്ധതികളാണ് സമഗ്രകരാറിലുള്ളത്.
കൂടാതെ മത്സര നയം, സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ (എംഎസ്എംഇ), നവീകരണം, കാര്‍ഷിക സാങ്കേതികവിദ്യ, നിര്‍ണായക ധാതുക്കള്‍, കായികം എന്നിവ പുതിയതായി ഉള്‍പ്പെടുത്തിയിരിക്കുന്നു.






