
കാന്‍ബറ: വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയല്‍ ശനിയാഴ്ച ഓസ്ട്രേലിയന്‍ മന്ത്രി ഡോണ്‍ ഫാരെലുമായി കൂടിക്കാഴ്ച നടത്തി. ഉഭയകക്ഷി വ്യാപാര കരാര്‍ ഇരുവരും അവലോകനം ചെയ്തതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. നിലവില്‍ ഇത് സംബന്ധിച്ച രണ്ടാം ഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.
”സമതുലിതവും പരസ്പര പ്രയോജനകരവുമായ ഒരു സിഇസിഎ(സമഗ്ര സാമ്പത്തിക സഹകരണ കരാര്‍) ക്രിയാത്മകമായി പൂര്‍ത്തിയാക്കാനുള്ള പ്രതിബദ്ധത ഇരുവരും ആവര്‍ത്തിച്ചു,” വാണിജ്യ മന്ത്രാലയത്തിന്റെ പ്രസ്താവന പറയുന്നു. സിഇസിഎയുടെ ആദ്യഘട്ടം ഇതിനോടകം പ്രാബല്യത്തിലായിട്ടുണ്ട്.
ചരക്ക്, സേവന വ്യാപാരം, നിക്ഷേപം, സഹകരണം എന്നിവയുള്‍പ്പടെയുള്ള കാര്യങ്ങളില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. 2024-25 ല്‍ ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ഉഭയകക്ഷി ചരക്ക് വ്യാപാരം 24.1 ബില്യണ്‍ യുഎസ് ഡോളറിന്റേതാണ്. ഓസ്‌ട്രേലിയയിലേയ്ക്കുള്ള ഇന്ത്യയുടെ കയറ്റുമതി 2023-24 ല്‍ 14 ശതമാനവും 2024-25 ല്‍ 8 ശതമാനവും വളര്‍ന്നു.






