
മുംബൈ: ഒരു നിക്ഷേപകേന്ദ്രമെന്ന നിലയില്‍ ആഗോളതലത്തില്‍ ഇന്ത്യ മികച്ചതെന്ന് പ്രമുഖ ആഗോള സ്വകാര്യ ഇക്വിറ്റി സ്ഥാപനം കെകെആര്‍. തങ്ങളുടെ 2025 മിഡ് ഇയര്‍ ഗ്ലോബല്‍ മാക്രോ ഔട്ട്‌ലുക്കിലാണ് കമ്പനി ഇന്ത്യയെ പുകഴ്ത്തുന്നത്. തുടര്‍ച്ചയായ പരിഷ്‌ക്കാരങ്ങള്‍, ശക്തിപ്രാപിക്കുന്ന ഉപഭോക്തൃ സമീപനം, വ്യാപാര അസ്ഥിരതയെ ചെറുക്കാനുള്ള ശേഷി എന്നിവയുടെ പിന്‍ബലത്തിലാണ് ആഗോള അസ്ഥിരതയ്ക്കിടയില്‍ ഇന്ത്യ ഒരു മികച്ച നിക്ഷേപകേന്ദ്രമായി ഉയര്‍ന്നത്.
സ്ഥിരതയുള്ള സമ്പദ് വ്യവസ്ഥയാണ് താരിഫ് ഉള്‍പ്പടെയുള്ള ആഗോള വ്യാപാര നയങ്ങളെ ചെറുക്കാന്‍ രാജ്യത്തെ പ്രാപ്തമാക്കുന്നത്. അടിസ്ഥാന സൗകര്യങ്ങളിലും ഡിജിറ്റല്‍ കണക്ടിവിറ്റിയിലുമുള്ള മുന്നേറ്റം സ്വകാര്യ മൂലധനം ആകര്‍ഷിക്കുമെന്നും ശക്തമായ ആഭ്യന്തര ഉപഭോഗവും ദീര്‍ഘകാല സ്ഥിരതയ്ക്ക് കരുത്തുപകരുന്ന ഘടനാപരമായ പരിഷ്‌കാരങ്ങളും ജിഡിപി വളര്‍ച്ച ത്വരിതപ്പെടുത്തുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.
ഏഷ്യന്‍ വ്യാപാരത്തില്‍ ഇന്ത്യ നിര്‍ണ്ണായക പങ്കാണ് വഹിക്കുന്നത്. ഇന്ത്യയിലെ അടിസ്ഥാന സൗകര്യങ്ങളും വായ്പാ നിക്ഷേപവും സ്വകാര്യമേഖലയെ സഹായിക്കുന്നു. നിക്ഷേപകര്‍ ഇന്ത്യയുടെ സ്ഥിരതയും വളര്‍ച്ചാ സാധ്യതയും പ്രയോജനപ്പെടുത്തണമെന്ന് കെകെആര്‍ മിഡ്-ഇയര്‍ ഔട്ട്ലുക്ക് റിപ്പോര്‍ട്ട് പറയുന്നു.