ന്യൂഡൽഹി: ചരക്കുകളുടെ ഉൽപാദനത്തിന് ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കാനും, നിർണായക മേഖലകളുടേയും പ്രധാന ചരക്കുകളുടേയും ഉൽപ്പാദനം അംഗരാജ്യങ്ങളിലേക്ക് മാറ്റാനും ലക്ഷ്യമിട്ടുള്ള സപ്ലൈ ചെയിൻ റെസിലൻസ് കരാറിൽ ഇന്ത്യയും യുഎസും ഇൻഡോ-പസഫിക് ഇക്കണോമിക് ഫ്രെയിംവർക്കിലെ (ഐപിഇഎഫ് ) മറ്റ് 12 അംഗങ്ങളും ഒപ്പുവെച്ചു.
ഐപിഇഎഫിന് ഇന്ത്യ, ഓസ്‌ട്രേലിയ, യുഎസ്, ജപ്പാൻ, ഫിജി, ദക്ഷിണ കൊറിയ, ന്യൂസിലാൻഡ്, സിംഗപ്പൂർ, തായ്‌ലൻഡ് എന്നിവയുൾപ്പെടെ 14 അംഗങ്ങളുണ്ട്. ഇത് ആഗോള ആഭ്യന്തര ഉൽപ്പാദനത്തിന്റെ 40%, ചരക്കുകളുടെയും സേവനങ്ങളുടെയും ആഗോള വ്യാപാരത്തിന്റെ 28% എന്നിവയെ പ്രതിനിധീകരിക്കുന്നു.സാൻ ഫ്രാൻസിസ്കോയിൽ നടന്ന ഐപിഇഎഫ് മന്ത്രിതല യോഗത്തിൽ വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയൽ പങ്കെടുത് കരാറിൽ ഒപ്പിട്ടു .
“ഐപിഇഎഫ് വിതരണ ശൃംഖലയെ കൂടുതൽ പ്രതിരോധശേഷിയുള്ളതും സാമ്പത്തിക വികസനത്തിനും പുരോഗതിക്കും സംഭാവന നൽകാൻ ഈ കരാർ ലക്ഷ്യമിടുന്നു . ഏതെങ്കിലും അഞ്ച് അംഗ രാജ്യങ്ങൾ കരാർ നടപ്പിലാക്കിയതിന് ശേഷം കരാർ പ്രാബല്യത്തിൽ വരും. ഐപിഇഎഫിന്റെ കൂട്ടായ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിന് മെച്ചപ്പെട്ട സഹകരണത്തിന് ഗോയൽ ഊന്നൽ നൽകി. ഇന്ത്യ നിർദ്ദേശിച്ച ജൈവ ഇന്ധന സഖ്യം ഉൾപ്പെടെ ഐപിഇഎഫിന് കീഴിൽ വിഭാവനം ചെയ്ത സഹകരണ പ്രവർത്തനങ്ങൾ നേരത്തെ നടപ്പാക്കണമെന്നും ഗോയൽ ആവശ്യപ്പെട്ടു.
വിതരണ ശൃംഖലയുടെ വൈവിധ്യവൽക്കരണം, നിക്ഷേപങ്ങളുടെ സമാഹരണം, ആഗോള മൂല്യ ശൃംഖലകളിൽ ഇന്ത്യയുടെ ആഴത്തിലുള്ള സംയോജനം, സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് (എംഎസ്എംഇ) പിന്തുണ, തടസ്സങ്ങളില്ലാത്ത പ്രാദേശിക വ്യാപാര ആവാസവ്യവസ്ഥയുടെ സൃഷ്ടി എന്നിവയാണ് കരാർ ലക്ഷ്യമിടുന്ന മറ്റ് നേട്ടങ്ങൾ.
വ്യാപാരം, വിതരണ ശൃംഖലകൾ, ശുദ്ധമായ സമ്പദ്‌വ്യവസ്ഥ, ന്യായമായ സമ്പദ്‌വ്യവസ്ഥ (നികുതി, അഴിമതി വിരുദ്ധ പ്രശ്നങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട) നാല് സ്തംഭങ്ങളെ ചുറ്റിപ്പറ്റിയാണ് ഐപിഇഎഫ് രൂപപ്പെടുത്തിയിരിക്കുന്നത്.
പങ്കാളികൾ തമ്മിലുള്ള സഹകരണം സുഗമമാക്കുന്നതിന് മൂന്ന് പുതിയ ഐപിഇഎഫ് സപ്ലൈ ചെയിൻ ബോഡികൾ സ്ഥാപിക്കുന്നതിനെ കുറിച്ച് സപ്ലൈ ചെയിൻ കരാർ ആലോചിക്കുന്നുണ്ട് . സപ്ലൈ ചെയിൻ കൗൺസിൽ, സപ്ലൈ ചെയിൻ പ്രതിസന്ധി പ്രതികരണ ശൃംഖല,ഐപിഇഎഫ് ലേബർ റൈറ്റ്സ് അഡ്വൈസറി ബോർഡ് എന്നിവയാണ് അവ.