
കൊച്ചി: ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്ക് ലിമിറ്റഡിന്റെ 2026 ജൂണിൽ അവസാനിച്ച സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തിൽ മുൻവർഷത്തെ ഇതേ പാദത്തെ അപേക്ഷിച്ച് അറ്റാദായം 206.7 ശതമാനം വളർച്ചയോടെ 317 കോടി രൂപയായി ഉയർന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ബാങ്ക് തങ്ങളുടെ 2027 സാമ്പത്തിക വർഷത്തെ ആസ്തിയിന്മേലുള്ള ആദായ ലക്ഷ്യം 1.8 ശതമാനം മുതൽ 2.0 ശതമാനമായി ഉയർത്തി നിശ്ചയിച്ചു.
38.6 ശതമാനം വാർഷിക വളർച്ചയോടെ ബാങ്കിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ത്രൈമാസ അറ്റ പലിശ വരുമാനം ഈ പാദത്തിൽ 1,186 കോടി രൂപയിലെത്തി. അറ്റ പലിശ ലാഭനിരക്ക് 8.5 ശതമാനമാണ്. പ്രവർത്തന ലാഭം 52 ശതമാനം വർദ്ധിച്ച് 548 കോടി രൂപയിലെത്തി. ആദ്യ പാദത്തിലെ ആസ്തിയിന്മേലുള്ള ആദായം 2.2 ശതമാനമായും ഓഹരി മൂലധന ലാഭനിരക്ക് 18.2 ശതമാനമായും മെച്ചപ്പെട്ടു.
ബാങ്കിന്റെ ആകെ നിക്ഷേപങ്ങൾ മുൻവർഷത്തെ അപേക്ഷിച്ച് 24.6 ശതമാനം വർദ്ധിച്ച് 48,129 കോടി രൂപയിലത്തി. മുൻ പാദത്തെ അപേക്ഷിച്ച് 5.4 ശതമാനം വളർച്ചയാണിത്. കറന്റ് അക്കൗണ്ട്, സേവിങ്സ് അക്കൗണ്ട് (കാസ) നിക്ഷേപങ്ങൾ 37.8 ശതമാനം വാർഷിക വളർച്ചയോടെ 12,930 കോടി രൂപയായി. നിലവിലെ കാസ അനുപാതം 26.9 ശതമാനമാണ്.
28.9 ശതമാനം വാർഷിക വളർച്ചയോടെ ആകെ വായ്പകൾ 42,903 കോടി രൂപയായി ഉയർന്നു. ഈടിന്മേലുള്ള വായ്പകൾ 42.7 ശതമാനം വർദ്ധിച്ച് 21,638 കോടി രൂപയിലെത്തി. ഇത് ആകെ വായ്പകളുടെ 50.4 ശതമാനം വരും. ബാങ്കിന്റെ പുതിയ വായ്പാ വിഭാഗങ്ങളായ സ്വർണ്ണ വായ്പ 1,020 കോടി രൂപയും വാഹന വായ്പ 1,036 കോടി രൂപയും കടന്ന് മികച്ച മുന്നേറ്റം കാഴ്ചവെച്ചു.
കൂടാതെ ഭവന വായ്പാ വിഭാഗം 40.8 ശതമാനം വളർച്ചയോടെ 11,210 കോടി രൂപയും എംഎസ്എംഇ വിഭാഗം 54 ശതമാനം വളർച്ചയോടെ 3,470 കോടി രൂപയുമായി ഉയർന്നു. 41.4 ശതമാനം വാർഷിക വളർച്ചയോടെ എക്കാലത്തെയും ഉയർന്ന ഒന്നാം പാദ വായ്പ വിതരണമായ 9,245 കോടി രൂപ രേഖപ്പെടുത്തി.
ബാങ്കിന്റെ മൊത്തം കിട്ടാക്കടം 2.17 ശതമാനമായും അറ്റ കിട്ടാക്കടം 0.34 ശതമാനമായും മെച്ചപ്പെട്ടു. മുൻവർഷത്തെ അപേക്ഷിച്ച് യഥാക്രമം 36 ബിപിഎസ്, 37 ബിപിഎസ് നിരക്കുകളുടെ കുറവുണ്ടായി. കിട്ടാക്കട സുരക്ഷാ നിരക്ക് 2025 ജൂണിലെ 73 ശതമാനത്തിൽ നിന്ന് 2026 ജൂണിൽ 85 ശതമാനമായി മെച്ചപ്പെട്ടു.
മൈക്രോ ബാങ്കിങ് വിഭാഗത്തിലെ പ്രകടനം 99.68 ശതമാനം കളക്ഷൻ കാര്യക്ഷമതയോടെ ശക്തമായി തുടരുന്നു.






