
ഒക്ടോബറില്‍ ഇതുവരെയുള്ള 11 വ്യാപാരദിനങ്ങളിലായി വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ 52,100 കോടി രൂപയുടെ വില്‍പ്പന നടത്തി. ഒക്ടോബര്‍ 12 മുതല്‍ 16 വരെ 7934 കോടി രൂപയുടെ അറ്റവില്‍പ്പനയാണ് വിദേശ നിക്ഷേപകര്‍ നടത്തിയത്.
2026ലെ വിദേശ നിക്ഷേപകരുടെ വില്‍പ്പന 3.68 ലക്ഷം കോടി രൂപയിലേക്ക് ഉയര്‍ന്നു. സെപ്റ്റംബറില്‍ 45,536 കോടി രൂപയുടെ വില്‍പ്പനയാണ് നടത്തിയിരുന്നത്. കഴിഞ്ഞയാഴ്ച ഓഹരി വിപണി ശക്തമായ തിരിച്ചുവരവ് നടത്തിയപ്പോഴും വിദേശ നിക്ഷേകര്‍ വില്‍പ്പന തുടരുകയാണ് ചെയ്തത്.
പോയ വാരം നിഫ്റ്റി 2.78 ശതമാനവും സെന്‍സെക്സ് 3.11 ശതമാനവും ഉയര്‍ന്നത് ആഗോള വ്യാപകമായി എഐ ഓഹരികളിലുണ്ടായ വില്‍പ്പന മൂലമാണ്. പ്രധാനമായും ഐടി ഓഹരികളാണ് ഈയാഴ്ച കരകയറ്റത്തിന് നേതൃത്വം നല്‍കിയത്. നിഫ്റ്റി ഐടി സൂചിക ഒരാഴ്ചയ്ക്കിടെ 11.7 ശതമാനമാണ് ഉയര്‍ന്നത്. ഈ വര്‍ഷം ആദ്യം മുതല്‍ കനത്ത പ്രഹരമേറ്റ ഐടി ഓഹരികളുടെ വില ചെലവ് കുറഞ്ഞ നിലയിലെത്തിയത് ഒരു `വാല്യു ബൈയിങി’ന് വഴിയൊരുക്കി.
ക്രൂഡ് ഓയില്‍ വില ഉയര്‍ന്നതും ബോണ്ട് യീല്‍ഡ് പുതിയ ഉയരത്തിലെത്തിയതും വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ വില്‍പ്പനയ്ക്ക് കാരണമായി. ഓഗസ്റ്റില്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ 29,631 കോടി രൂപ നിക്ഷേപിച്ചിരുന്നു. ഇത് രണ്ട് വര്‍ഷത്തിനിടെ വിദേശ നിക്ഷേപകര്‍ നടത്തിയ ഏറ്റവും ഉയര്‍ന്ന പ്രതിമാസ നിക്ഷേപമാണ്. ജൂലൈയില്‍ 20,200 കോടിയും നിക്ഷേപിച്ചു.
അതേ സമയം അതിന് മുമ്പ് മാര്‍ച്ച് മുതല്‍ ജൂണ്‍ വരെ തുടര്‍ച്ചയായ നാല് മാസങ്ങളിലും വിദേശ നിക്ഷേപകര്‍ വില്‍പ്പന നടത്തുകയാണ് ചെയ്തത്. വിദേശ നിക്ഷേപകരുടെ നിലപാടിനെ തുടര്‍ന്നും പ്രധാനമായും സ്വാധീനിക്കുന്നത് ഇറാന്-യുഎസ് സംഘര്‍ഷവും അതിന്റെ ഫലമായി ക്രൂഡ് ഓയില്‍ വിലയിലുണ്ടാകുന്ന മാറ്റങ്ങളുമായിരിക്കും. ബോണ്ട് യീല്‍ഡും ഒരു നിര്‍ണായക ഘടകമാണ്.






