
കനത്ത തകർച്ചയാണ് ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ 2024ല്‍ ഉണ്ടായത്. മൂന്ന് ശതമാനത്തിലധികം ഇടിവ്. 2024ന്റെ തുടക്കത്തിലെ (ഡോളറിന്) 83.19 രൂപ എന്ന നിലവാരത്തില്‍ നിന്ന് ഡിസംബർ 28ലെ 85.80 എന്ന റെക്കോഡ് താഴ്ചയിലേക്കാണ് രൂപ തകർന്നത്. നേരിയ തോതില്‍ ഉയർന്ന് 85.50 നിലവാരത്തിലാണ് 30ന് രാവിലെ വ്യാപാരം നടന്നത്.
ട്രംപ് വീണ്ടും യുഎസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് രൂപയുടെ മൂല്യത്തില്‍ തുടർച്ചയായി ഇടിവുണ്ടായത്. മൂന്ന് മാസത്തിനിടെയാണ് മൂല്യം കാര്യമായി കുറഞ്ഞതെന്ന് കാണാം.
യുഎസ് കേന്ദ്ര ബാങ്കായ ഫെഡിന്റെ നയവും വീക്ഷണവും രാജ്യത്തെ ഓഹരികളില്‍നിന്നും കടപ്പത്രങ്ങളില്‍നിന്നും വൻതോതില്‍ വിദേശ നിക്ഷേപം പുറത്തേയ്ക്കൊഴുകാനിടയാക്കി. അതോടയാണ് രൂപയുടെ മൂല്യത്തില്‍ അനിശ്ചിതത്വം വർധിച്ചത്. ഇതെല്ലാം സംഭവിച്ചതാകട്ടെ കഴിഞ്ഞ മൂന്നു മാസത്തിനിടെയും.
നാല് വർഷത്തിന് ശേഷം ആദ്യമായാണ് സെപ്റ്റംബർ 18ന് യുഎസ് ഫെഡ് നിരക്ക് കുറച്ചത്. അതിന് പിന്നാലെ സെൻസെക്സ് എക്കാലത്തെയും ഉയർന്ന നിലവാരത്തിലെത്തി. തുടർന്നങ്ങോട്ട് വിദേശ നിക്ഷേപകരുടെ പിന്മാറ്റമായിരുന്നു.
ഡിസംബർ 27വരെ ഒരു ലക്ഷം കോടി രൂപയുടെ അറ്റവില്പന(എൻഎസ്ഡിഎല്‍)യാണ് വിദേശികള്‍ നടത്തിയതെന്ന് എൻഎസ്ഡിഎലില്‍നിന്നുള്ള കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ കാലയളവില്‍ മാത്രം രൂപയുടെ മൂല്യം 2.2ശതമാനത്തോളം ഇടിവ് നേരിട്ടു.
ഇതുകൊണ്ട് അവസാനിക്കില്ലെന്നാണ് വിപണിയില്‍നിന്നുള്ള വിലയിരുത്തല്‍. അടുത്ത പാദത്തിലും കനത്ത ചാഞ്ചാട്ടമാകും രൂപ നേരിടേണ്ടിവരിക. 2025 മാർച്ചോടെ മൂല്യം 86.50 നിലവാരത്തിലെത്തുമെന്നും വിലയിരുത്തലുണ്ട്.
ട്രംപ് അധികാരമേറ്റ ശേഷം വരാനിരിക്കുന്ന അനിശ്ചിതത്വങ്ങളൊടൊപ്പം കേന്ദ്ര ബജറ്റും ഫെബ്രുവരിയിലെ ആർബിഐയുടെ പണനയ സമീപനവുമൊക്കെയാകും രൂപയുടെ അസ്ഥിരതയ്ക്ക് കാരണം.
ചൈനീസ് ഉത്പന്നങ്ങള്‍ക്ക് യുഎസ് ഏർപ്പെടുത്തിയ ഉയർന്ന താരിഫും മറ്റ് ഏഷ്യൻ കറൻസികള്‍ക്ക് തിരിച്ചടിയായി. ഡോളർ സൂചിക കരുത്തോടെ കുതിക്കുന്നതും യുഎസ് ഫെഡിന്റെ നിരക്ക് തന്ത്രവും രൂപയ്ക്ക് കൂടുതല്‍ തിരിച്ചടിയാകാനാണ് സാധ്യത.
അതുകൊണ്ടുതന്നെ ജനുവരി-മാർച്ച് കാലയളവ് രൂപയ്ക്ക് നിർണായകമാണ്. മാർച്ചിന് ശേഷം പണനയത്തില്‍ റിസർവ് ബാങ്ക് ഇളവുകള്‍ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതോടെ വിദേശ നിക്ഷേപത്തിന്റെ തിരിച്ചുവരവ് പ്രതീക്ഷിക്കാം. രൂപ സ്ഥിരതയാർജിക്കാനും അത് കാരണമാകാം.
കരുതല്‍ ശേഖരം
ആഗോള കയറ്റുമതി വിപണിയില്‍ മത്സര ക്ഷമത നിലനിർത്തുന്നതിന് രൂപയുടെ മൂല്യം ദുർബലമാകാൻ ആർബിഐക്ക് അനുവദിക്കേണ്ടിവരുന്നു. മൂല്യം പിടിച്ചുനിർത്താനുള്ള ആർബിഐയുടെ ഇടപെടലിന്റെ വേഗംകുറയുന്നത് അതുകൊണ്ടാണ്.
704 ബില്യണ്‍ ഡോളറില്‍നിന്ന് സെപ്റ്റംബർ അവസാനം വിദേശനാണ്യ കരുതല്‍ ശേഖരത്തില്‍ 60 ബില്യണ്‍ ഡോളർ കുറഞ്ഞതോടെ രൂപയുടെ മൂല്യത്തില്‍ കാര്യമായ ഇടിവ് പ്രകടമായി.
2023ലും 2024ലിലെ ആദ്യ ഒമ്ബത് മാസങ്ങളിലും രൂപയ സുസ്ഥിരമായിരുന്നു. രാജ്യത്തെ ഓഹരി-കടപ്പത്ര വിപണികളിലേക്ക് വൻതോതില്‍ വിദേശ നിക്ഷേപമെത്തിയതായിരുന്നു പ്രധാന കാരണം. വിദേശ നാണ്യ ശേഖരം 704 ബില്യണ്‍ ഡോളർ എന്ന റെക്കോഡ് നിലവാരത്തിലെത്താൻ ആർബിഐയെ സാഹയിച്ചതും ഇതുതന്നെയായിരുന്നു.
നേട്ടവും കോട്ടവും
രൂപ ദുർബലമാകുന്നത് നിരവധി പേർക്ക് തിരിച്ചടിയാകും. അതോടൊപ്പം നേട്ടമാക്കുന്നവരും ഏറെ. വിദേശത്ത് ജോലിചെയ്യുന്നവർക്കും നാട്ടിലേയ്ക്ക് പണമയക്കുന്നവർക്കും മൂല്യമിടിവ് നേട്ടമാക്കാം. അതേസമയം, രാജ്യത്തിന് പുറത്തേയ്ക്കുള്ള യാത്രയും വിദേശ വിദ്യാഭ്യാസവും ചെലവേറിയതാകുകയും ചെയ്യും.
കയറ്റുമതി അധിഷ്ഠിത വ്യവസായങ്ങള്‍ക്കും രൂപയുടെ മൂല്യമിടിവ് നേട്ടമാകും. ഐടി, ലോഹം, ഫാർമ തുടങ്ങിയ മേഖലകള്‍ക്ക് പ്രത്യേകിച്ചും. ഇറക്കുമതിയെ കൂടുതല്‍ ആശ്രയിക്കുന്ന ഇന്ത്യയ്ക്ക് രൂപയുടെ മൂല്യമിടിവ് കനത്ത തിരിച്ചടിയുമാകും.
അസംസ്കൃത എണ്ണ ഇറക്കുമതിക്ക് ചെലവേറും. വ്യാപാര കമ്മി വർധിക്കുന്നതിലൂടെ രൂപയുടെ മൂല്യം വീണ്ടും സമ്മർദത്തിലാകാനിടയാകുകയും ചെയ്യും. ഇന്ധന വില ഉയരുന്നതിലൂടെ അവശ്യസാധനങ്ങളുടെ വില കുതിക്കാനും കാരണമാകും.
തത്ഫലമായി പണപ്പെരുപ്പം വീണ്ടും കുതിപ്പിന്റെ പാതിയിലേക്ക് പ്രവേശിക്കും. കെമിക്കല്‍, ഓട്ടോമൊബൈല്‍ വ്യവസായങ്ങള്‍ക്കാകും കൂടുതല്‍ തിരിച്ചടി. ഇറക്കുമതിയെ കൂടുതല്‍ ആശ്രയിക്കുന്ന വ്യവസായങ്ങളാണ് ഇവ രണ്ടും.
ദുർബലമാകുന്ന കറൻസി സമ്ബദ്വ്യവസ്ഥയെ സംബന്ധിച്ചെടുത്തോളം നല്ല സൂചനയല്ല. മൂല്യമിടിയുന്ന കറൻസി പലപ്പോഴും കറന്റ് അക്കൗണ്ട് കമ്മിക്കൊപ്പം ദുർബലമായ സമ്പദ്വ്യവസ്ഥയെയുമാണ് പ്രതിഫലിപ്പിക്കുന്നത്.